| Wednesday, 26th October 2022, 4:37 pm

എന്നെ രക്ഷപ്പെടുത്തിയതിന് പെരുത്ത് നന്ദിയുണ്ട് ആശാനേ; അശ്വിനോട് നന്ദിയും കടപ്പാടുമായി ദിനേഷ് കാര്‍ത്തിക്

സ്പോര്‍ട്സ് ഡെസ്‌ക്

2022 ടി-20 ലോകകപ്പ് ക്യാമ്പെയ്ന്‍ വിജയത്തോടെ തുടങ്ങാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ആര്‍ച്ച് റൈവല്‍സായ പാകിസ്ഥാനെ നാല് വിക്കറ്റിന് തോല്‍പിച്ചുകൊണ്ടായിരുന്നു ഇന്ത്യ അങ്ങേയറ്റം നാടകീയത നിറഞ്ഞ മത്സരത്തില്‍ വിജയിച്ചത്.

വിരാട് കോഹ്‌ലിയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. ഇതിന് പുറമെ അശ്വിന്റെ പരിചയ സമ്പത്തും അവസന ഓവറില്‍ ഇന്ത്യയെ കാത്തു. അവസാന ഓവറില്‍ കളത്തിലിറങ്ങി പെട്ടെന്ന് തന്നെ പുറത്തായെങ്കിലും ദിനേഷ് കാര്‍ത്തിക്കും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കായിരുന്നു വഹിച്ചത്.

റണ്ണുകള്‍ ഓടിയെടുക്കുമ്പോഴുള്ള താരത്തിന്റെ ഡെഡിക്കേഷന്‍ ഇന്ത്യയുടെ വിജയത്തില്‍ പ്രധാനമായിരുന്നു. എന്നിരുന്നാലും അവസാന നിമിഷം കളിയെ കൂടുതല്‍ പ്രഷര്‍ സിറ്റുവേഷനിലേക്ക് തള്ളി വിട്ടതിന് ഡി.കെക്ക് ഏറെ പഴിയും കേള്‍ക്കേണ്ടി വന്നിരുന്നു.

അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് നവാസ് എറിഞ്ഞ 20ാം ഓവറിലെ ആദ്യ പന്തില്‍ ഹര്‍ദിക് പാണ്ഡ്യ ബാബര്‍ അസമിന് ക്യാച്ച് നല്‍കി പുറത്തായതോടെ ഇന്ത്യന്‍ ആരാധകരുടെ നെഞ്ചടിപ്പേറി.

പിന്നാലെയെത്തിയ ദിനേഷ് കാര്‍ത്തിക് സിംഗിള്‍ നല്‍കി വിരാടിനെ സ്‌ട്രൈക്കില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ ജയിക്കാന്‍ രണ്ട് പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ ദിനേഷ് കാര്‍ത്തിക്കിനെ റിസ്വാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

ഇതോടെ ഇതിനോടകം തന്നെ പ്രഷര്‍ നിറഞ്ഞ കളിയുടെ ടെന്‍ഷനും പ്രഷറും ഒന്നുകൂടി വര്‍ധിക്കുകയായിരുന്നു.

ജയിക്കാന്‍ ഒരു പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ അശ്വിന്‍ കളത്തിലെത്തുകയും അവസാന പന്തില്‍ ഇന്ത്യയെ ജയിപ്പിക്കുകയുമായിരുന്നു.

ഇന്ത്യയുടെ രണ്ടാം മത്സരം നെതര്‍ലന്‍ഡ്‌സിനെതിരെയാണ്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം.

മെല്‍ബണില്‍ നിന്നും സിഡ്‌നിയിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ യാത്രയുടെ വീഡിയോ ബി.സി.സി.ഐ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇതിലാണ് ദിനേഷ് കാര്‍ത്തിക് ഇന്ത്യയെ വിജയിപ്പിച്ചതിനും തന്നെ രക്ഷിച്ചതിനും അശ്വിനോട് നന്ദി പറയുന്നത്.

‘കഴിഞ്ഞ ദിവസം എന്നെ രക്ഷിച്ചതിന് വളരെയധികം നന്ദിയുണ്ട്. താങ്ക് യൂ വെരി മച്ച്,’ എന്നായിരുന്നു ദിനേഷ് കാര്‍ത്തിക് അശ്വിനോട് പറഞ്ഞത്.

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കുന്നതും ഓട്ടോഗ്രാഫ് നല്‍കുന്നതുമെല്ലാം വീഡിയോയില്‍ ഉണ്ട്.

27നാണ് ലോകപ്രശ്‌സ്തമായ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ നേരിടുന്നത്. എതിരാളികള്‍ കുഞ്ഞന്‍മാര്‍ ആയതിനാല്‍ ഇന്ത്യ ടീമില്‍ കാര്യമായ അഴിച്ചുപണിക്ക് മുതിരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Content Highlight: Dinesh Karthik thanks R Ashwin after India vs Pakistan match

Latest Stories

We use cookies to give you the best possible experience. Learn more