ഇന്ത്യ-ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ശ്രീലങ്ക സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരവും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര വിജയം ഉറപ്പാക്കുകയായിരുന്നു. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്.
പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒഴികെയുള്ള ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോവുകയായിരുന്നു. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും നിരാശാജനകമായ പ്രകടനമായിരുന്നു നടത്തിയത്.
ഇപ്പോഴിതാ പരമ്പരയിലെ കോഹ്‌ലിയുടെ പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്. ലങ്കന്‍ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരെ ബാറ്റ് ചെയ്യാന്‍ അല്പം ബുദ്ധിമുട്ടാണെന്നാണ് ദിനേഷ് കാര്‍ത്തിക് പറഞ്ഞത്.
‘പിച്ച് കഠിനമായിരുന്നു, അത് വിരാട് കോഹ്‌ലി ആയാലും രോഹിത് ശര്‍മ ആയാലും. മധ്യഓവറുകളില്‍ ബാറ്റിങ് എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ വിഷമിക്കേണ്ട കാര്യമില്ല എല്ലാം പിച്ചുകളും ഒരുപോലെയല്ല, സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞാന്‍ കോഹ്‌ലിയെ പ്രതിരോധിക്കുന്നില്ല, എന്നാല്‍ സ്പിന്‍ കളിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു,’ ദിനേഷ് കാര്‍ത്തിക് ക്രിക് ബസിലൂടെ പറഞ്ഞു.
മൂന്നു മത്സരങ്ങളിലും എല്‍.ബി.ഡബ്യൂ ആയാണ് കോഹ്‌ലി പുറത്തായത്. ആദ്യ ഏകദിനത്തില്‍ 32 പന്തില്‍ 24 റണ്‍സ് നേടിയാണ് കോഹ്‌ലി മടങ്ങിയത്. രണ്ടാം മത്സരത്തില്‍ 19 പന്തില്‍ 14 റണ്‍സാണ് കോഹ്‌ലി നേടിയത്. അവസാന മത്സരത്തില്‍ 18 പന്തില്‍ 20 റണ്‍സ് നേടി വിരാട് പുറത്തായി.
2023 ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷം വിരാട് ആദ്യമായി കളിക്കുന്ന ഏകദിന പരമ്പര ആയിരുന്നു ഇത്. എന്നാല്‍ ഈ പരമ്പരയില്‍ ആരാധകര്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കോഹ്‌ലിക്ക് സാധിക്കാതെ പോവുകയായിരുന്നു. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. ഈ സീരീസില്‍ വിരാട് ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Dinesh Karthik Talks About Virat Kohli Performance Against Srilanka