വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരം അവനായിരിക്കും: പ്രസ്താവനയുമായി ഡി.കെ
Cricket
വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരം അവനായിരിക്കും: പ്രസ്താവനയുമായി ഡി.കെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st October 2024, 11:00 am

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ദിനേഷ് കാര്‍ത്തിക്. വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന ഘടകമായി മാറാന്‍ രാഹുലിന് സാധിക്കുമെന്നാണ് ഡി.കെ പറഞ്ഞത്. ക്രിക് ബസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെ.എല്‍. രാഹുലിന് എല്ലായ്പ്പോഴും കഴിവുകളുണ്ട്. അവന്റെ കൈകളിൽ ക്രിക്കറ്റിലെ എല്ലാ ഷോട്ടുകളുമുണ്ട്. ഇപ്പോള്‍ അവന്‍ ടെസ്റ്റ് ക്രിക്കറ്റിലെ കരിയര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. ഇന്ത്യയുടെ വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ അദ്ദേഹം ഒരു പ്രധാന താരമായിരിക്കും,’ മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

നിലവില്‍ ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയുടെ ഭാഗമാണ് രാഹുല്‍. ഇന്ത്യക്കായി ഒന്നാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് രാഹുല്‍ നടത്തിയത്. 43 പന്തില്‍ 68 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. ഏഴ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

കാണ്‍പൂരില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലെ രണ്ടാം ദിവസവും മൂന്നാം ദിവസവും മഴമൂലം നടന്നിരുന്നില്ല. നാലാം ദിവസം ബംഗ്ലാദേശ് 233 റണ്‍സിനാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 285 റണ്‍സിന് ഒമ്പത് വിക്കറ്റുകള്‍ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
നിലവില്‍ ബംഗ്ലാദേശ് ബാറ്റിങ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ബംഗ്ലാദേശിനെരെയുള്ള പരമ്പര അവസാനിച്ചാല്‍ ഇന്ത്യക്ക് ന്യൂസിലാന്‍ഡിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയുമാണ് പരമ്പരയുള്ളത്. ന്യൂസിലാന്‍ഡിനെതിരെ സ്വന്തം മണ്ണില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

ഇതിനു ശേഷം ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും നടക്കും. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ വെച്ച് കളിക്കുക.

 

Content Highlight: Dinesh Karthik Talks About KL Rahul