2024 ഐ.പി.എല്‍ സീസണ്‍ അവസാനിച്ചതിന് പിന്നാലെ ക്രിക്കറ്റില്‍ നിന്നും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാർത്തിക് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദിനേശ് കാര്‍ത്തിക്. ക്രിക് ബസിലൂടെ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ വെറ്ററന്‍ താരം.
‘ഇനിയും ക്രിക്കറ്റില്‍ മൂന്നുവര്‍ഷം കൂടി കളിക്കാന്‍ ഞാന്‍ ശാരീരികമായി വളരെയധികം തയ്യാറായിരുന്നു. പ്രത്യേകിച്ച് ഐ.പി.എല്ലിലെ ഇമ്പാക്ട് റൂള്‍ നിലനില്‍ക്കുമ്പോള്‍ എനിക്ക് ഇത് വളരെ എളുപ്പമായിരുന്നു. മൂന്ന് പതിറ്റാണ്ട് കാലമായി ഒരു പരിക്കിന്റെ കാരണം മൂലവും ഞാന്‍ ഒരു കളിയും നഷ്ടപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ ശരീരത്തെക്കുറിച്ച് ഫിറ്റ്നസിനെ കുറിച്ചോ ഞാന്‍ ഒരിക്കലും ആകുലപ്പെട്ടിട്ടില്ല.
ഐപിഎല്ലില്‍ എനിക്ക് കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ കഴിയുമോ, ഇനി എനിക്ക് കളിക്കാന്‍ കഴിയാത്ത മത്സരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ടീമിനെ അത് ബാധിക്കുമോ എന്നീ കാര്യങ്ങളെക്കുറിച്ച് ആയിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്,’ ദിനേശ് കാർത്തിക് പറഞ്ഞു.
2008 മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒരു സീസണ്‍ പോലും ദിനേശ് കാര്‍ത്തിക് കളിക്കാതിരുന്നിട്ടില്ല. 257 മത്സരങ്ങളാണ് ഐ.പി.എല്ലില്‍ ദിനേഷ് കാര്‍ത്തിക് കളിച്ചിട്ടുണ്ട്. 264 മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ ഇതിഹാസ നായകന്‍ എം.എസ് ധോണിക്ക് ശേഷം ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരം കൂടിയാണ് ദിനേശ് കാര്‍ത്തിക്.
അതേസമയം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഈ ഐ.പി.എൽ സീസണിലെ ആദ്യ എട്ട് മത്സരങ്ങളില്‍ ഏഴും പരാജയപ്പെട്ട ബെംഗളൂരു പിന്നീട് നടന്ന ആറ് മത്സരങ്ങളും അത്ഭുതകരമായി വിജയിച്ചുകൊണ്ട് ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫിലേക്ക് മുന്നേറിയത്. എന്നാല്‍ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോട് നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെട്ട് ബെംഗളൂരു പുറത്താവുകയായിരുന്നു.
Content Highlight: Dinesh Karthik talks about his retirement