| Tuesday, 17th September 2024, 2:23 pm

അവനെ ഓസ്‌ട്രേലിയൻ പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ എടുക്കണം: ദിനേഷ് കാർത്തിക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ വെച്ച് കളിക്കുക.

ഇപ്പോള്‍ ഈ പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ പേസര്‍ ഹര്‍ഷിദ് റാണയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്. ഹര്‍ഷിദ് മികച്ച കഴിവുള്ള താരമാണെന്നും ഓസ്‌ട്രേലിയക്കെതിരെയുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തണമെന്നുമാണ് ദിനേഷ് പറഞ്ഞത്. ക്രിക് ബസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ഹര്‍ഷിദ് റാണ, അവന് പ്രത്യേകമായ ഒരു കഴിവുണ്ട്. അവന്‍ മികച്ച കഴിവുള്ള ഒരു ഫാസ്റ്റ് ബൗളറാണ്. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ അവനെ ഉള്‍പ്പെടുത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന് അവിടെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു ഹര്‍ഷിദ് റാണ നടത്തിയത്. കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളാണ് താരം നേടിയത്. ഐ.പി.എല്ലില്‍ മൂന്ന് സീസണുകളില്‍ നിന്നും 21 മത്സരങ്ങളില്‍ പന്തെറിഞ്ഞ താരം 25 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ഓസ്ട്രേലിയില്‍ നിന്നും തുടര്‍ച്ചയായ മൂന്നാം പരമ്പര സ്വന്തം മണ്ണില്‍ എത്തിക്കാനായിരിക്കും ഇന്ത്യ ഓസ്ട്രേലിയയിലേക്ക് വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യയുടെ കൈകളിലാണ്. ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്.

അതുകൊണ്ടുതന്നെ കങ്കാരുപ്പടയ്ക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര ആയിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറുഭാഗത്ത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും നഷ്ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ നേടാനുമായിരിക്കും കങ്കാരുപ്പട അണിനിരക്കുക.

Content Highlight: Dinesh Karthik Talks About Harshit Rana

We use cookies to give you the best possible experience. Learn more