ഐ.പി.എന്റെ പുതിയ സീസണിനുള്ള ക്യാപ്റ്റനെ റോയല്‍ ചലഞ്ചേഴ്സ് ബെഗംളൂരു അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രജത് പാടിദാറിന് കീഴിലാണ് ആര്‍.സി.ബി പുതിയ സീസണില്‍ കളത്തിലിറങ്ങുക. ഫ്രാഞ്ചൈസിയുടെ എട്ടാമത് നായകനായാണ് ഈ മധ്യപ്രദേശുകാരന്‍ ചുമതലയേല്‍ക്കുന്നത്.
നേരത്തെ ക്യാപറ്റന്‍സി വിട്ടൊഴിഞ്ഞ വിരാട് കോഹ്ലി പുതിയ സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. സീനിയര്‍ താരം ക്രുണാല്‍ പാണ്ഡ്യയെയും ആര്‍.സി.ബി നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ പാടിദാറിന് നറുക്കുവീഴുകയായിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിന്റെ ക്യാപ്റ്റനാണ് 31കാരനായ രജത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലിലെത്തിക്കാനും താരത്തിന് സാധിച്ചിരുന്നു.
ക്രിക്ക്ബസിന്റെ ഹേ സിബി വിത്ത് ഡി.കെ ഷോയില്‍ ആര്‍.സി.ബി.യുടെ ബാറ്റിങ് പരിശീലകനും മുന്‍ താരവുമായ ദിനേശ് കാര്‍ത്തിക് ടീമിന്റെ ക്യാപ്റ്റന്‍സി രജത് പാടിദാറിന് നല്‍കിയതിനെക്കുറിച്ച് സംസാരിച്ചിരുന്നു. താരത്തിന്റെ നേതൃത്വത്തിന്റെ കഴിവിലും ബാറ്റിങ് ഫോമിലും ആര്‍.സി.ബിയുടെ മാനേജ്‌മെന്റ് തൃപ്തരാണെന്നും കാര്‍ത്തിക് പറഞ്ഞു.
‘ആഭ്യന്തര സീസണില്‍ രജത്തിന്റെ ക്യാപ്റ്റന്‍സി അസാധാരണമായിരുന്നു. നിരവധി കളിക്കാര്‍ അദ്ദേഹത്തിന്റെ നേതൃത്വഗുണങ്ങളെക്കുറിച്ച് പ്രശംസിച്ചു, ഇത് ഞങ്ങളുടെ തീരുമാനത്തെ സാരമായി സ്വാധീനിച്ചു. ഇത് ഒരു പുതിയ ഘട്ടമായതിനാല്‍, ഒരു പുതിയ ക്യാപ്റ്റന് അനുയോജ്യമായ സമയമാണിതെന്ന് ഞങ്ങള്‍ക്ക് തോന്നി. രജത് തികച്ചും യോഗ്യതയുള്ളവനാണ്,
2024ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലിലേക്ക് നയിച്ചപ്പോള്‍ അവന്റെ നേതൃത്വപാടവം മികച്ചതായിരുന്നു. ടീമിനെ മികച്ച രീതിയില്‍ നയിച്ചതിനു പുറമെ ബാറ്റിങ്ങിലും രജത് മികച്ച പ്രകടനം കാഴ്ചവെച്ചു,’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.
ഐ.പി.എല്‍ 2025ന്റെ മെഗാ താരലേലത്തിന് മുമ്പ് 11 കോടിനല്‍കിയാണ് ടീം രജത്തിനെ നിലനിര്‍ത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ആര്‍.സി.ബി ക്യാപ്റ്റനാവുമോ എന്ന ചോദ്യത്തിന് ഉത്തരവാദിത്തം ഏല്‍പ്പിച്ചാല്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നായിരുന്നു താരം പ്രതികരിച്ചത്.
2021ലാണ് പാടിദാര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ഭാഗമാകുന്നത്. സീസണില്‍ കളിച്ച നാല് മത്സരത്തില്‍ നിന്നും 71 റണ്‍സാണ് താരം സ്വന്തമാക്കിയത്. ശേഷം ഐ.പി.എല്‍ 2022ന് മുമ്പ് നടന്ന മെഗാ താര ലേലത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് പാടിദാറിനെ വിട്ടുകളഞ്ഞിരുന്നു.
മെഗാ ലേലത്തില്‍ ഒരു ടീം പോലും സ്വന്തമാക്കാതെ അണ്‍ സോള്‍ഡായ താരം ശേഷം റോയല്‍ ചലഞ്ചേഴ്സിലേക്ക് റീപ്ലേസ്മെന്റായി തിരിച്ചെത്തി. തുടര്‍ന്നുള്ള സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ പാടിദാറിനെ ക്യാപ്റ്റന്‍സിയേല്‍പ്പിക്കാനും റോയല്‍ ചലഞ്ചേഴ്സ് തയ്യാറായി.
Content Highlight: Dinesh Karthik Talking About Rajat Patidar