ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റ് റാവല്‍പിണ്ടിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 274 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. തുടര്‍ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 26 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു.
എന്നാല്‍ വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസിന്റെ മിന്നും പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 228 പന്തില്‍ 138 റണ്‍സ് നേടി 262 എന്ന നിലയിലേക്ക് ടീമിനെ എത്തിച്ചു.
ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയ പാകിസ്ഥാന്റെ ബാബര്‍ അസം ഒന്നാം ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സില്‍ പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ താരം 22 റണ്‍സ് നേടിയാണ് മടങ്ങിയത്.
കഴിഞ്ഞ ദിവസം ആരംഭിച്ച രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ 31 റണ്‍സിനും ബാബര്‍ പുറത്തായിരുന്നു. ഇതോടെ പല മുന്‍ താരങ്ങളും താരത്തെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു.
ഇപ്പോള്‍ ബാബറിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. പരമ്പരയിലെ പ്രകടനം മുന്‍ നിര്‍ത്തി ബാബറിനെ സംശയിക്കേണ്ടതില്ലെന്നാണ് താരം ഇപ്പോള്‍ പറയുന്നത്. പാകിസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബാബറിന് കൂടുതല്‍ ഉത്തരവാദിതത്തോടെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും കാര്‍ത്തിക് നിര്‍ദേശിച്ചു.
‘ഒരു കളിക്കാരനെന്ന നിലയില്‍ ബാബര്‍ അസമിന്റെ നിലവാരത്തെ നിങ്ങള്‍ക്ക് സംശയിക്കാനാവില്ല. അദ്ദേഹം ബാറ്ററാണ്, പക്ഷേ ഇപ്പോള്‍ അദ്ദേഹം കടുത്ത സമ്മര്‍ദത്തിലാണെന്ന് ഞാന്‍ കരുതുന്നു. പാകിസ്ഥാനെ നയിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കേണ്ടതുണ്ട്,’ കാര്‍ത്തിക് ക്രിക്ബസിനോട് പറഞ്ഞു.
Content Highlight: Dinesh Karthik Talking About Babar Azam