| Thursday, 16th March 2023, 4:15 pm

'ഞാനുമൊരു വര്‍ണ പട്ടമായിരുന്നു' ദിനേഷ് കാര്‍ത്തിക്കിന്റെ വൈറല്‍ ഫോട്ടോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും ആയ കാലത്ത് വെടിക്കെട്ട് ബാറ്റിങ് കൊണ്ടും ചടുലമായ വിക്കറ്റ് കീപ്പിങ് കൊണ്ടും ആരാധക ഹൃദയങ്ങളില്‍ ചുവടുറപ്പിച്ച ഒരു താരമുണ്ട്. ആരാധകര്‍ ഡി.കെ എന്നോമനപ്പേരിട്ട് വിളിച്ച കൃഷ്ണ കുമാര്‍ ദിനേഷ് കാര്‍ത്തിക്.

ജീവിതം പോലെ തന്നെയായിരുന്നു കാര്‍ത്തികിന് തന്റെ ക്രിക്കറ്റ് കരിയറും. ഉയര്‍ച്ചകളും താഴ്ച്ചകളും അട്ടിമറികളും തിരിച്ചുവരവുകളും എല്ലാം താണ്ടിയാണയാള്‍ പിടിച്ചു നിന്നത്. 2004ല്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ച് നാഷണല്‍ കരിയര്‍ ആരംഭിച്ച കാര്‍ത്തിക് അതേ വര്‍ഷം തന്നെ ഏകദിന ടീമിലും കയറിപ്പറ്റി. 2006 ല്‍ ട്വന്റി-ട്വന്റിയില്‍ അരങ്ങേറ്റം കുറിച്ച കാര്‍ത്തിക് പിറ്റേ വര്‍ഷം നടന്ന പ്രഥമ ട്വന്റി-ട്വന്റി വേള്‍ഡ് കപ്പിലും ടീമിന്റെ ഭാഗമായി. തുടര്‍ന്നിങ്ങോട്ട് ഒരുപിടി മികച്ച ഇന്നിങ്‌സുകള്‍.

എങ്കിലും കാര്‍ത്തിക്കിന്റേതായി ഏവരും ഓര്‍ത്തിരിക്കുന്ന മാച്ചാണ് 2018ലെ നിദാസ് ട്രോഫി ഫൈനല്‍. തോറ്റെന്നുറപ്പിച്ച ഫൈനല്‍ കാര്‍ത്തിക്കടിച്ച ഒരൊറ്റ സിക്‌സറിന്റെ ബലത്തിലാണ് ഇന്ത്യ പിടിച്ചെടുത്തത്.

ഫൈനലില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ മുട്ടുകുത്തി നിന്ന് കവറിലേക്ക് അടിച്ച് പറത്തിയ സിക്‌സിലൂടെ ഡി.കെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചെടുക്കുകയായിരുന്നു. ഇന്നും ‘നിദാസിലെ ഹീറോയെന്ന’ പേരിലാണ് ആരാധകര്‍ കാര്‍ത്തികിനെ വാഴ്ത്തുന്നത്.

ഇപ്പോള്‍ കാര്‍ത്തിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ബില്ലുകള്‍ക്ക് പകരം ഞാന്‍ ഓട്ടോഗ്രാഫില്‍ ഒപ്പിട്ടു നടന്നിരുന്ന കാലത്തിന്റെ ഓര്‍മക്കെന്ന ടാഗ് ലൈനിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന് താഴെ നിരവധിയാളുകളാണ് താരത്തിന് ആശംസകളുമായെത്തുന്നത്. നിങ്ങളിപ്പോഴും ഞങ്ങളുടെ ഹീറോയാണെന്നും താരത്തിന്റെ ഓട്ടോഗ്രാഫിനായി കാത്തിരിക്കുകയാണെന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്.

സ്വകാര്യ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങള്‍ കരിയറിനെയും ബാധിച്ചപ്പോള്‍ ടീമില്‍ നിന്ന് തന്നെ പുറത്ത് പോകേണ്ടി വന്ന കാര്‍ത്തിക് ഇടക്കാലത്ത് കമന്റേറ്ററുടെ വേഷവും കെട്ടിയാടി. അതിന് ശേഷമാണ് ഐ.പി.എല്‍ മത്സരങ്ങളില്‍ ഗംഭീര പ്രകടനം നടത്തി ശക്തമായ തിരിച്ചുവരവ് നടത്തിയത്.

പ്രകടനം ബി.സി.സി.ഐ സെലക്ടര്‍മാരുടെ കണ്ണില്‍പ്പെട്ടതോടെ ദേശീയ ടീമിലേക്ക് വീണ്ടുമൊരു തിരിച്ചുവരവിനും കാരണമായി. എന്നാല്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഫോം നിലനിര്‍ത്താന്‍ കഴിയാതായതോടെ വീണ്ടും ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടു. എങ്കിലും തന്റെ നല്ലകാലത്തെ അനുസ്മരിപ്പിക്കും വിധം ഐ.പി.എല്‍ മത്സരങ്ങളിലെ വെടിക്കെട്ടിനായി കാത്തിരിക്കുന്നത് കാര്‍ത്തിക് മാത്രമല്ല ക്രിക്കറ്റ് പ്രേമികള്‍ കൂടിയാണ്.

Content Highlight: Dinesh karthik shares his old photos in instagram

We use cookies to give you the best possible experience. Learn more