| Thursday, 13th July 2023, 10:06 pm

ഇത് പോരെങ്കില്‍ വെറെ എന്താണ് വേണ്ടത്; സഞ്ജൂൂൂൂ.... എന്താടാ ഇത് 🤔🤔🤔 ; ചോദ്യവുമായി ഡി.കെ

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐ.സി.സി ലോകകപ്പിന്റെ ഭാഗമായുള്ള ട്രോഫി പ്രയാണം കേരളത്തിലുമെത്തിയിരുന്നു. ജൂലൈ പത്തിനാണ് ട്രോഫി തിരുവനന്തപുരത്തെത്തിയത്. രാവിലെ 11 മണിയോടെ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലാണ് ട്രോഫി പ്രദര്‍ശിപ്പിച്ചത്. ഇതിന് പിന്നാലെ കൊച്ചിയിലേക്കും ട്രോഫി പ്രയാണം നടത്തിയിരുന്നു.

ലോകകപ്പ് ട്രോഫിയുടെ പ്രയാണത്തിനിടെയുള്ള രസകരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്. ലോകകപ്പ് ട്രോഫിക്കൊപ്പം സഞ്ജു സാംസണിന്റെ മുഖംമൂടി ധരിച്ച് കുട്ടികള്‍ പോസ് ചെയ്ത ചിത്രമാണ് താരം പങ്കുവെച്ചത്.

ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സുപരിചിതനായ മുഫാദാല്‍ വോഹ്രയുടെ പോസ്റ്റാണ് ദിനേഷ് കാര്‍ത്തിക് പങ്കുവെച്ചത്. ഇത് മതിയാകില്ലെങ്കില്‍ മറ്റെന്താണ് വേണ്ടത് എന്ന ക്യാപ്ഷനോടെയാണ് കാര്‍ത്തിക് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം സഞ്ജുവിനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് ഇത് എന്താണെന്ന് തമാശപൂര്‍വം ചോദിക്കുന്നുമുണ്ട്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

അതേസമയം, ട്രോഫി പര്യടനത്തിന്റെ ഭാഗമായി ചില വിവാദങ്ങളും ഉടലെടുത്തിരുന്നു. സ്വകാര്യ ഏജന്‍സിക്കാണ് ട്രോഫി ടൂറിന്റെ ചുമതലയെങ്കിലും ഇതിനെ കുറിച്ച് കുറിച്ച് തങ്ങളെ ഔദ്യോഗികമായി അറിയിക്കാത്തതില്‍ കെ.സി.എ അതൃപ്തിയറിയിച്ചിരുന്നു. വിഷയത്തില്‍ ബി.സി.സി.ഐയെ രേഖാമൂലം അതൃപ്തി അറിയിച്ചിട്ടുമുണ്ട്.

ലോകകപ്പ് 2023ന്റെ മുഖ്യ വേദിയായ അഹമ്മദാബാദില്‍ നിന്നുമാണ് ട്രോഫി ടൂര്‍ ആരംഭിച്ചത്. മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങള്‍ക്ക് ശേഷമാണ് ട്രോഫി കേരളത്തിലെത്തിയത്. ഇന്ത്യക്ക് പുറമെ 18 രാജ്യങ്ങളിലും ട്രോഫി പര്യടനം നടത്തും.

കേരളത്തിലെ പര്യടനത്തിനുശേഷം ട്രോഫി ന്യൂസിലാന്‍ഡിലേക്കാണ് ലോകകപ്പ് പ്രയാണം നടത്തുന്നത്. അവിടെ നിന്നും ഓസ്‌ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ച ശേഷം 22ന് വീണ്ടും ഇന്ത്യയിലെത്തും. ശേഷം 28ന് വെസ്റ്റ് ഇന്‍ഡീസിലേക്ക് ട്രോഫി യാത്ര തിരിക്കും.

ശേഷം പാകിസ്ഥാന്‍, ശ്രീലങ്ക, കുവൈത്ത്, ബഹ്‌റൈന്‍, ഇറ്റലി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, മലേഷ്യ, ഉഗാണ്ട, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ പര്യടനം നടത്തി സെപ്റ്റംബര്‍ ആദ്യവാരത്തോടെ തിരിച്ചെത്തും.

ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ആണ് എതിരാളികള്‍.

Content Highlight: Dinesh Karthik shares a funny post about Sanju Samson

We use cookies to give you the best possible experience. Learn more