| Friday, 17th June 2022, 1:01 am

എന്നാല്‍ പിന്നെ ഫ്‌ളൈറ്റ് ഒന്നു പൊകച്ചേക്കാം; ഫ്‌ളൈറ്റില്‍ വെച്ച് മാസ് വീഡിയോയുമായി ദിനേഷ് കാര്‍ത്തിക്ക്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

മൂന്ന് കൊല്ലത്തെ കാലത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ താരമാണ് ദിനേഷ് കാര്‍ത്തിക്ക്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ടീമിന്റെ ഫിനിഷര്‍ റോളിലാണ് കാര്‍ത്തിക്ക് കളിക്കുന്നത്. കഴിഞ്ഞ ഐ.പി.എല്ലില്‍ റോയല്‍ ചാലേഞ്ചേഴ്‌സ് ബെംഗളൂരുവിനായി നടത്തിയ മികച്ച പ്രകടനമാണ് താരത്തെ ടീമില്‍ തിരിച്ചെത്തിച്ചത്.

നാലാം ട്വന്റി-20ക്ക് മുന്നോടിയായി താരം ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഫ്‌ളൈറ്റില്‍ നിന്നും എടുത്ത വീഡിയോയില്‍ മൊത്തം പുകയില്‍ രണ്ട് സൈഡിലായി ഇരിക്കുന്ന കളിക്കാരുടെ ഇടയിലൂടെ നടന്നുവരുന്ന കാര്‍ത്തിക്ക്, ഇതായിരുന്നു വീഡിയോ.

വിമാനം പുകയില്‍ മുങ്ങിയിട്ടും കളിക്കാരില്‍ ആശങ്കയൊന്നുമില്ല. ആദ്യം ഇത് വിചിത്രമായി തോന്നി. അപ്പോഴാണ് പുകമറയിലൂടെ നാടകീയമായി കൈയടികളാലും ആര്‍പ്പുവിളികളാലും ചുറ്റപ്പെട്ട് വെറ്ററന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. കറുത്ത സണ്‍ഗ്ലാസ് ധരിച്ച്, മുഖത്ത് വിടര്‍ന്ന പുഞ്ചിരിയോടെ ക്യാമറയുടെ അടുത്തേക്ക് സാവധാനം അയാള്‍ നടന്നടുത്തു.

‘വൈവ റൂമില്‍ നിന്ന് വരുന്ന റോള്‍ നമ്പര്‍ ഒന്ന് ഇങ്ങനെയാണ്,’ എന്നാണ് അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്. സ്‌കൂള്‍ അല്ലെങ്കില്‍ കോളേജ് പഠനകാലത്ത് വൈവ നല്‍കിയവര്‍ക്ക് കാര്‍ത്തിക്കിന്റെ വീഡിയോ റിലേറ്റ് ചെയ്യാന്‍ സാധിക്കും. വീഡിയോ കാണാം.

നാലാം ട്വന്റി-20 മത്സരത്തിനായി രാജ്‌കോട്ടിലേക്ക് സഞ്ചരിക്കുവന്നതിനടിയലാണ് കാര്‍ത്തിക്ക് വീഡിയോ പങ്കുവെച്ചത്. ആദ്യ മൂന്ന് മത്സരം കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1 എന്ന നിലയില്‍ പിറകിലാണ്.

ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറായ 211 റണ്‍സ് ദക്ഷിണാഫ്രിക്ക അവസാന ഓവറില്‍ മറികടക്കുകയായിരുന്നു. ഡേവിഡ് മില്ലറും, വാന്‍ ഡെര്‍ ഡുസനും മത്സരം ഇന്ത്യയില്‍ നിന്നും തട്ടി എടുക്കുകയായിരുന്നു. ഡുസന്‍ 75 റണ്‍സും മില്ലര്‍ 64 റണ്‍സും നേടി പുറത്താകാതെ നിന്നു.

രണ്ടാം മത്സരത്തില്‍ ബാറ്റിങ്ങില്‍ തകര്‍ന്ന ഇന്ത്യ 148 റണ്‍ മാത്രമേ നേടിയുള്ളു. എങ്കിലും ആദ്യ ആറ് ഓവറില്‍ മൂന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ ഇന്ത്യ നേടിയിരുന്നു. പക്ഷെ ഹെന്റിച്ച് ക്ലാസന്‍ നേടിയ 81 റണ്‍സിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക വിജയിക്കുകയായിരുന്നു. പരമ്പരയില്‍ തിരിച്ചുവരണമെങ്കില്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ബന്ധമായും ജയിക്കേണ്ടതുണ്ട് എന്ന സാഹചര്യത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റും യുസ്വേന്ദ്ര ചഹല്‍ മൂന്നും വിക്കറ്റുകള്‍ നേടി. ചഹലായിരുന്നു മാന്‍ ഓഫ് ദ മാച്ച്.

Content Highlights: Dinesh Karthik shared a funny video in twitter

We use cookies to give you the best possible experience. Learn more