| Wednesday, 28th August 2024, 8:57 am

വിരമിച്ച ഇന്ത്യൻ സൂപ്പർതാരം ഇതിഹാസങ്ങൾക്കൊപ്പം കളിക്കാനൊരുങ്ങുന്നു; എതിരാളികളെ വിറപ്പിച്ചവൻ തിരിച്ചെത്തുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് ലെജന്റ്‌സ് ക്രിക്കറ്റ് ലീഗില്‍ കളിക്കും. 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ചതിന് ശേഷം ദിനേശ് കാര്‍ത്തിക് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ലെജന്റ്‌സ് ക്രിക്കറ്റ് ലീഗ് സെപ്റ്റംബറിലാണ് ആരംഭിക്കുന്നത്. ലെജന്റ്‌സ് ക്രിക്കറ്റ് ലീഗില്‍ കളിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് കാര്‍ത്തിക് സംസാരിച്ചു.

‘ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം ലെജന്റ്‌സ് ക്രിക്കറ്റ് ലീഗില്‍ കളിക്കുക എന്നത് ഞാന്‍ പ്രതീക്ഷിക്കുന്ന ഒന്നാണ്. ഞാന്‍ എപ്പോഴും ആസ്വദിച്ച ക്രിക്കറ്റ് ബ്രാന്‍ഡ് കളിക്കാനായി കാത്തിരിക്കുകയാണ്. ഏറ്റവും പ്രധാനമായി ആരാധകരോടാണ്, നിങ്ങളുടെ ഈ വലിയ പിന്തുണക്ക് നന്ദി. കളിക്കളത്തില്‍ ഒരിക്കല്‍ കൂടി നിങ്ങളെ എന്റര്‍ടൈന്‍മെന്റ് ചെയ്യിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ദിനേശ് കാര്‍ത്തിക് ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യക്കായി 2004ലാണ് ദിനേശ് കാര്‍ത്തിക് അരങ്ങേറ്റം കുറിക്കുന്നത്. ഏകദിനത്തില്‍ 94 മത്സരങ്ങളില്‍ 79 ഇന്നിങ്‌സില്‍ നിന്നും 1752 റണ്‍സാണ് ഡി.കെ നേടിയിട്ടുള്ളത്. ഒമ്പത് അര്‍ധസെഞ്ച്വറികളും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കാര്‍ത്തിക് നേടിയിട്ടുണ്ട്. 26 ടെസ്റ്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരം 42 ഇന്നിങ്‌സുകളില്‍ നിന്നും 1025 റണ്‍സും നേടി. ഒരു സെഞ്ച്വറിയും ഏഴ് ഫിഫ്റ്റിയും കാര്‍ത്തിക് ടെസ്റ്റില്‍ നേടിയിട്ടുണ്ട്.

ടി-20യില്‍ 60 മത്സരങ്ങള്‍ കളിച്ച കാര്‍ത്തിക് 686 റണ്‍സും നേടിയിട്ടുണ്ട്. ഒരു ഫിഫ്റ്റിയും താരം കുട്ടിക്രിക്കറ്റില്‍ നേടിയിട്ടുണ്ട്.

ഐ.പി.എല്ലിലും തന്റെ പ്രതിഭ വേണ്ടുവോളം പുറത്തെടുക്കാന്‍ ദിനേശിന് സാധിച്ചിരുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ്, പഞ്ചാബ് കിങ്സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് കാര്‍ത്തിക് കളിച്ചിട്ടുള്ളത്.

ഐ.പി.എല്ലില്‍ 257 മത്സരങ്ങളില്‍ 234 ഇന്നിങ്സില്‍ നിന്നും 4842 റണ്‍സാണ് കാര്‍ത്തിക് അടിച്ചെടുത്തത്. വ്യത്യസ്ത ടീമുകള്‍ക്കായി കളിച്ചുകൊണ്ട് 22 അര്‍ധ സെഞ്ച്വറികളാണ് താരം നേടിയിട്ടുള്ളത്.

2024 ഐ.പി.എല്‍ സീസണില്‍ ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനമായിരുന്നു കാര്‍ത്തിക് നടത്തിയത്. 15 മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 326 റണ്‍സ് ആണ് കാര്‍ത്തിക് അടിച്ചെടുത്തത്. 36.22 ആവറേജിലും 187.36 സ്ട്രൈക്ക് റേറ്റിലും ആയിരുന്നു കാര്‍ത്തിക് ബാറ്റ് വീശിയത്.

കഴിഞ്ഞ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ആദ്യ എട്ട് മത്സരങ്ങളില്‍ ഏഴ് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടന്ന ആറ് മത്സരങ്ങളും ജയിച്ചുകൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയത്. എന്നാല്‍ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ട് ഈ സീസണിലും കിരീട സ്വപ്നം അവസാനിപ്പിക്കുകയായിരുന്നു ബെംഗളൂരു.

Content Highlight: Dinesh Karthik Set To Play Legends Cricket League

We use cookies to give you the best possible experience. Learn more