2012 മാര്‍ച്ച് 16, ക്രിക്കറ്റ് ലോകം ഈ ദിവസം ഒരിക്കലും മറക്കാന്‍ ഇടയില്ല. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സെഞ്ച്വറിയില്‍ സെഞ്ച്വറി നേടിയ ദിവസമാണത്. ബംഗ്ലാദേശിനെതിരെ ഏകദിനത്തിലെ 49ാം സെഞ്ച്വറി നേടിയാണ് സച്ചിന്‍ നൂറാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
സച്ചിന്റെ ഈ നേട്ടം തകര്‍ക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന താരമാണ് വിരാട് കോഹ്‌ലി. ഏകദിന സെഞ്ച്വറികളുടെ എണ്ണത്തില്‍ സച്ചിനെ ഇതിനോടകം മറികടന്ന വിരാടിന് ആകെ സെഞ്ച്വറികളുടെ എണ്ണത്തിലും മാസ്റ്റര്‍ ബ്ലാസ്റ്ററെ മറികടക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
വിരാടിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക് വിശ്വസിക്കുന്നത്. കോഹ്‌ലി ഇതിനോടകം തന്നെ 80 സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെന്നും നാല് വര്‍ഷം കൂടി മികച്ച പ്രകടനം പുറത്തെടുത്താല്‍ സച്ചിനെ മറികടക്കാന്‍ സാധിക്കുമെന്നുമാണ് ദിനേഷ് കാര്‍ത്തിക് പറയുന്നത്.
ക്രിക് ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ദിനേഷ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.
‘അവന്‍ ഇതിനോടകം തന്നെ 80 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 20 എണ്ണം കൂടിയാണ് ഇനി ആവശ്യമായുള്ളത്. അതായത്, ഏറ്റവും ചുരുങ്ങിയത് നാല് വര്‍ഷം കൂടി.
എനിക്കുറപ്പാണ് അവന്‍ അടുത്ത ലോകകപ്പും (2027 ഏകദിന ലോകകപ്പ്) കളിക്കും. അതിനാല്‍ തന്നെ വിരാട് ആ നേട്ടം സ്വന്തമാക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
കരിയറിലെ 530 ഇന്നിങ്‌സില്‍ നിന്നുമാണ് വിരാട് 80 സെഞ്ച്വറികള്‍ സ്വന്തമാക്കിയത്. സെഞ്ച്വറി വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് വിരാട്.
ഏകദിനത്തില്‍ നിന്നും 50 സെഞ്ച്വറി നേടിയ വിരാട് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും 29 സെഞ്ച്വറിയും കുട്ടിക്രിക്കറ്റില്‍ നിന്നും ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – ടീം – ഇന്നിങ്‌സ് – സെഞ്ച്വറി – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 782 – 100 – 34,357
വിരാട് കോഹ്‌ലി – ഇന്ത്യ – 588 – 80 – 26,884
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ/ഐ.സി.സി – 668 – 71 – 27,483
കുമാര്‍ സംഗക്കാര – ശ്രീലങ്ക/ഐ.സി.സി/ഏഷ്യ – 666 – 63 – 28,016
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക/ ഐ.സി.സി / ആഫ്രിക്ക – 617 – 62 – 25,534
ഹാഷിം അംല – സൗത്ത് ആഫ്രിക്ക/ വേള്‍ഡ് – 437 – 55 – 18,672
മഹേല ജയവര്‍ധനെ – ശ്രീലങ്ക/ഏഷ്യ – 725 – 54 – 25,957
അതേസമയം, ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയാണ് വിരാട് കോഹ്‌ലിക്ക് മുമ്പിലുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ആഗസ്റ്റ് രണ്ടിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
ഇതിന് ശേഷം, അടുത്ത അഞ്ച് മാസത്തില്‍ മൂന്ന് ടെസ്റ്റ് പരമ്പരകളും ഇന്ത്യ കളിക്കും. ഈ പരമ്പരകളിലെല്ലാം തന്നെ വിരാട് കോഹ്‌ലിയുടെ സാന്നിധ്യവും ഇന്ത്യക്കൊപ്പമുണ്ടായേക്കും.
Content highlight: Dinesh Karthik says Virat Kohli can beat Sachin Tendulkar’s record of 100 centuries