എം.വി.പി അവാര്‍ഡ് രോഹിത്തിന്: ദിനേശ് കാര്‍ത്തിക്
2023 ICC WORLD CUP
എം.വി.പി അവാര്‍ഡ് രോഹിത്തിന്: ദിനേശ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th November 2023, 11:42 pm

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യ- ഓസ്ട്രേലിയ ഫൈനല്‍ നടക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. 2023 ലോകകപ്പിലെ ‘മോസ്റ്റ് വാലുബിള്‍ പ്ലയറെ’ (എം.വി.പി) തെരഞ്ഞെടുക്കുകയാണ് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. മത്സരത്തിലുടനീളം രോഹിത്തിന്റെ ആക്രമണ ബാറ്റിങ്ങിനേയും അസാധാരണ ക്യാപ്റ്റന്‍സിയേയും ദിനേശ് കാര്‍ത്തിക് പ്രശംസിച്ചു.

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇതിഹാസ ഫൈനലിന് മുന്നോടിയായി ക്രിക്ക്ബസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്.

‘എന്റെ കാഴ്ചപ്പാടില്‍ ടൂര്‍ണമെന്റിലെ ഏറ്റവും വിലയേറിയ കളിക്കാരന്‍ എന്ന പദവിക്ക് രോഹിത് ശര്‍മ അര്‍ഹനാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹം ടീമിന് മികച്ച തുടക്കം നല്‍കുന്നു. കളിക്കാരുമായുള്ള മികച്ച ഇടപെടലും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്,’അദ്ദേഹം പറഞ്ഞു.

ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ നിന്നും 550 റണ്‍സ് നേടിയ രോഹിത് ശര്‍മ മികച്ച റണ്‍സ് നേടിയവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്. ശ്രദ്ധേയമായ ആക്രമണ രീതിയിലുള്ള ബാറ്റിംഗ് പ്രകടനം 124.15 എന്ന സ്‌ട്രൈക്ക് റേറ്റ് അദ്ദേഹത്തിന് നേടിക്കൊടുത്തു. മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും അഫ്ഗാനിസ്ഥാനെതിരെ നേടിയ 131 റണ്‍സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവും ഇതില്‍ ഉള്‍പ്പെടുന്നു.

മികച്ച ക്യാപ്റ്റന്‍ എന്നതിലുപരി ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് 28 സിക്‌സറുകളാണ് അദ്ദേഹം നേടിയത്. ഏകദിന ലോകകപ്പിന്റെ തുടര്‍ച്ചയായ ടൂര്‍ണമെന്റില്‍ 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ കളിക്കാരന്‍ എന്ന ബഹുമതിയും രോഹിത് ഇതിനോടകം നേടിയിട്ടുണ്ട്.

ന്യൂസിലാന്‍ഡുമായുള്ള നിര്‍ണായക മത്സരത്തില്‍ ഓപ്പണിങ് ഇറങ്ങിയ രോഹിത് ശര്‍മ മികച്ച തുടക്കമാണ് സമ്മാനിച്ചത്. 29 പന്തില്‍ നിന്ന് നാല് സിക്‌സറുകളും നാല് ബൗണ്ടറികളുമടക്കം 47 റണ്‍സ് നേടിയ രോഹിത് എതിരാളികളെ മികച്ച രീതിയിലാണ് ആക്രമിച്ചത്. 167.7 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത്തിന്റെ പ്രകടനം. ഇടിവെട്ട് പ്രകടനത്തിനൊടുവില്‍ ടിം സൗത്തിയുടെ പന്തില്‍ ഉയര്‍ത്തിയടിച്ച ഹിറ്റ്മാന്റെ ക്യാച്ച് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ എടുക്കുകയായിരുന്നു.

 

Content Highlight: Dinesh Karthik says Rohit Sharma is the most valuable player in the World Cup