| Thursday, 18th August 2022, 12:30 pm

സച്ചിന്‍ വിരമിക്കുമ്പോള്‍ പകരമാര് എന്നതായിരുന്നു ചോദ്യം, ആ ചോദ്യത്തിനുത്തരം അവനായിരുന്നു, എന്നാല്‍ അവന്‍ പ്രതീക്ഷ തെറ്റിച്ചു; സൂപ്പര്‍ താരത്തെ കുറിച്ച് ദിനേഷ് കാര്‍ത്തിക്

സ്പോര്‍ട്സ് ഡെസ്‌ക്

2013 നവംബര്‍ 16, അന്നായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസ താരം ക്രിക്കറ്റിനോട് വിട പറഞ്ഞത്. 24 വര്‍ഷക്കാലം 22 യാര്‍ഡ്‌സില്‍ വിസ്മയം തീര്‍ത്ത താരത്തിന്റെ വിരമിക്കല്‍ കായികലോകമൊന്നാകെ നിറകണ്ണുകളോടെയാണ് നോക്കിക്കണ്ടത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായി വാംഖഡെയില്‍ നടന്ന മത്സരത്തില്‍ തന്റെ 101ാം സെഞ്ച്വറിയുടെ പ്രതീതി ഉണര്‍ത്തിയ ശേഷമായിരുന്നു സച്ചിന്‍ പുറത്തായത്. 74 റണ്‍സായിരുന്നു തന്റെ അവസാന ഇന്നിങ്‌സില്‍ സച്ചിന്‍ നേടിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്റെ അവസാനമായിരുന്നു ആ മത്സരമെങ്കില്‍ ഇന്ത്യ കണ്ട മറ്റൊരു സൂപ്പര്‍ താരത്തിന്റെ ടെസ്റ്റ് കരിയര്‍ ആരംഭിച്ചത് ആ മത്സരത്തിലൂടെയാണ് എന്ന വസ്തുത അധികമാരും ശ്രദ്ധിച്ചുകാണില്ല. രോഹിത് ശര്‍മയുടെ ടെസ്റ്റ് അരങ്ങേറ്റം അതായിരുന്നു.

തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടുന്ന 14ാമത് ഇന്ത്യന്‍ താരമായിട്ടായിരുന്നു രോഹിത് ശര്‍മ തന്റെ റെഡ് ബോള്‍ കരിയറിന് തുടക്കമിട്ടത്.

ഇപ്പോഴിതാ, രോഹിത് ശര്‍മയെ സച്ചിന്റെ പിന്‍ഗാമിയായി വിലയിരുത്തിയെന്നും സച്ചിന്റെ വിടവ് നികത്താന്‍ രോഹിത് ശര്‍മയ്ക്കാകുമെന്ന് അന്ന് എല്ലാവരും കരുതിയെന്നും പറയുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേഷ് കാര്‍ത്തിക്.

ക്രിക് ബസ്സിലെ സമ്മര്‍ സ്റ്റാലിമേറ്റ് എന്ന ഡോക്യു സീരീസിലായിരുന്നു കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയുടെ കാര്യമെടുത്താല്‍ രോഹിത് ശര്‍മയോളം വിജയകരമായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച മറ്റൊരു താരവും ഉണ്ടാവാന്‍ ഇടയില്ല. അവന്റെ ആദ്യ രണ്ട് മത്സരത്തിലും അവന്‍ സെഞ്ച്വറി നേടിയിരുന്നു.

സച്ചിന്‍ വിരമിക്കാന്‍ പോവുകയാണ്, സച്ചിന് ശേഷം ആര് എന്നതായിരുന്നു അപ്പോള്‍ ഉയര്‍ന്നുവന്നിരുന്ന പ്രധാന ചോദ്യം. ആ ചോദ്യത്തിന് ഉത്തരമായി രോഹിത് ശര്‍മയെ ആണ് എല്ലാവരും കരുതിയിരുന്നത്.

എന്നാല്‍ ജീവിതവും സ്‌പോര്‍ട്‌സും നമ്മള്‍ വിചാരിക്കുന്നതുപോലെയല്ലല്ലോ, അതിന് ശേഷം രോഹിത്തിന് വലിയ വീഴ്ചയാണ് സംഭവിച്ചത്,’ കാര്‍ത്തിക് പറയുന്നു.

സച്ചിന്റെ പിന്‍ഗാമിയെന്ന് എല്ലാവരെക്കൊണ്ടും പറയിപ്പിച്ച രോഹിത്തിന്റെ ടെസ്റ്റ് കരിയര്‍ താഴേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

രോഹിത് പലതിനും ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ചില ചോദ്യങ്ങള്‍ക്ക് രോഹിത്തിനിപ്പോഴും ഉത്തരം കണ്ടെത്താനായില്ലെന്നും കാര്‍ത്തിക് പറയുന്നു.

‘അവന്‍ ചിലതിനെല്ലാം ഉത്തരം കണ്ടെത്തി, എന്നാല്‍ ചിലത് ഇപ്പോഴും അവന് മുമ്പില്‍ ഉത്തരമില്ലാതെ അവശേഷിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി എന്തെങ്കിലും സംഭാവന ചെയ്യണമെന്ന് രോഹിത് എപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നു.

അവനുമായുള്ള സംസാരത്തില്‍ ചില കാര്യങ്ങള്‍ തന്റെ വഴിക്ക് വരുന്നില്ല എന്ന് രോഹിത് എന്നോട് പറയാറുണ്ടായിരുന്നു. ചിലപ്പോഴെല്ലാം അശ്രദ്ധമായ ഷോട്ട് കളിച്ചായിരുന്നു അവന്‍ പുറത്തായത്,’ കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ റെഡ്‌ബോള്‍ ക്രിക്കറ്റില്‍ കരിയര്‍ ഗ്രാഫ് താഴുമ്പോഴും വൈറ്റ് ബോളില്‍ റെക്കോഡുകള്‍ നേടി ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായിട്ടായിരുന്നു രോഹിത് ശര്‍മ നിലകൊണ്ടത്.

Content Highlight: Dinesh Karthik says everyone saw Rohat Sharma as Sachin’s successor in Tests

We use cookies to give you the best possible experience. Learn more