| Wednesday, 26th July 2023, 7:02 pm

അവനെ അങ്ങനെ പുറത്താക്കരുത്; അടുത്ത പരമ്പരയില്‍ തിളങ്ങും; സൂപ്പര്‍താരത്തെ പുകഴ്ത്തി കാര്‍ത്തിക്

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ത്തിന് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം സമനിലയാകുകയായിരുന്നു. ഒരു ഇന്നിങ്‌സിനും 141 റണ്‍സിനുമായിരുന്നു ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചത്.

രണ്ട് ടെസ്റ്റിലും ഇന്ത്യ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ അജിന്‍ക്യ രഹാനെക്ക് തിളങ്ങാന്‍ സാധിച്ചില്ലായിരുന്നു. രണ്ട് ടെസ്റ്റിലുമായി രണ്ട് ഇന്നിങ്‌സ് ബാറ്റ് ചെയ്ത രഹാനെക്ക് ആകെ 11 റണ്‍സ് മാത്രമാണ് നേടാനായത്. രഹാനെയെ കൂടാതെ യുവ സൂപ്പര്‍താരം ശുഭ്മന്‍ ഗില്ലിനും ബാറ്റുകൊണ്ട് തിളങ്ങാന്‍ സാധിച്ചില്ല.

ഡബ്ല്യൂ.ടി.സി ഫൈനലിന് ശേഷം വിന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ ഉപനായകനായാണ് രഹാനെ ടീമിലെത്തിയത്. എന്നാല്‍ രഹാനെക്ക് ഇംപാക്ട് നല്‍കാന്‍ സാധിച്ചില്ല. രഹാനെയുടെ സ്ട്രഗിളിനെ കുറിച്ച് ദിനേശ് കാര്‍ത്തിക് തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

രഹാനെ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും എന്നാല്‍ ഈ പരമ്പര വെച്ച് അദ്ദേഹത്തെ അളക്കണ്ടെന്നും അദ്ദേഹം പറയുന്നു. രഹാനെക്ക് ഒരു കാലഘട്ടത്തില്‍ തീരെ സ്ഥിരത ഇല്ലായിരുന്നുവെന്നും എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ അദ്ദേഹം തിളങ്ങുമെന്നും കാര്‍ത്തിക് വിശ്വസിക്കുന്നു.

ക്രിക്ബസിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹം തന്റെ മനസ് തുറന്നത്.

‘അജിന്‍ക്യ രഹാനെയും ശുഭ്മന്‍ ഗില്ലുമാണ് തിളങ്ങാതെ പോയ രണ്ട് ബാറ്റര്‍മാര്‍. വളരെ സാധാരണമായ ഒരു പരമ്പരയാണ് രഹാനെയുടേത്. ഡബ്ല്യു.ടി.സി ഫൈനലില്‍ അദ്ദേഹം നന്നായി കളിച്ചു, അതിനാല്‍ ഈ പരമ്പരയില്‍ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ രണ്ട് അവസരങ്ങള്‍ ലഭിച്ചു, രണ്ട് അവസരങ്ങളിലും അദ്ദേഹം സ്ട്രഗിള്‍ ചെയ്യുന്നുണ്ടായിരുന്നു.

ഒരു കാലഘട്ടത്തില്‍ രഹാനെക്ക് സ്ഥിരത വലിയ പ്രശ്‌നം തന്നെയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് ടീമിലെ സ്ഥാനം നഷ്ടമായത്, അത് അയാള്‍ക്കറിയാം. രഹാനെ ഈ പരമ്പരയെ എണ്ണത്തില്‍ എടുത്തില്ല എന്ന് പറയാം. ദക്ഷിണാഫ്രിക്കയിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്ന തരത്തിലുള്ള കളിക്കാരനാണ് അദ്ദേഹം, കാരണം ആ വലിയ മത്സരങ്ങളില്‍, അദ്ദേഹം അത് കണക്കിലെടുത്ത് മികച്ച പ്രകടനം പുറത്തെടുക്കും,’കാര്‍ത്തിക് പറഞ്ഞു.

Content Highlight: Dinesh Karthik says Ajinkya Rahane should play against South africa

We use cookies to give you the best possible experience. Learn more