|

നാണക്കേടില്‍ രോഹിത് ശര്‍മയെ ഒറ്റയ്ക്കാക്കില്ലെന്ന് ശപഥം ചെയ്ത മനസാണ് അവന്റേത്; എന്നാലും എന്റെ കാര്‍ത്തിക്കേ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രോഹിത് ശര്‍മയെ നാണക്കേടില്‍ നിന്നും രക്ഷിക്കാന്‍ സ്വയം ചുമതലയേറ്റെന്ന പോലെയാണ് ദിനേഷ് കാര്‍ത്തിക്കിന്റെ പ്രകടനം. കഴിഞ്ഞ ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ രോഹിത് ശര്‍മ മോശം പ്രകടനം പുറത്തെടുത്തപ്പോള്‍ അതിനേക്കാള്‍ മോശം പ്രകടനം കാഴ്ചവെച്ചാണ് ദിനേഷ് കാര്‍ത്തിക് വിമര്‍ശനങ്ങളേറ്റുവാങ്ങുന്നത്.

കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ ഫോര്‍മാറ്റ് മറന്ന പ്രകടനമായിരുന്നു രോഹിത് ശര്‍മ പുറത്തെടുത്തത്. പത്ത് പന്ത് നേരിട്ട താരം ഒറ്റ റണ്‍സ് മാത്രം നേടിയാണ് മടങ്ങിയത്.

ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് പുറത്താകുന്ന താരം എന്ന സ്വന്തം റെക്കോഡ് തിരുത്തിക്കുറിക്കാനും രോഹിത്തിനായി. കഴിഞ്ഞ ദിവസത്തേതടക്കം 61 തവണയാണ് രോഹിത് ശര്‍മ ഒറ്റയക്കത്തിന് പുറത്തായത്.

എന്നാല്‍ രോഹിത് ശര്‍മയെ ട്രോളുകളില്‍ നിന്നും വിമര്‍ശനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ദിനേഷ് കാര്‍ത്തിക് കഴിഞ്ഞ ദിവസം കളത്തിലിറങ്ങിയത്. വിരാട് കോഹ്‌ലിയും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും അടിത്തറയിട്ട ഇന്നിങ്‌സില്‍ വണ്‍ ഡൗണായിട്ടായിരുന്നു ദിനേഷ് കാര്‍ത്തിക് ക്രീസിലെത്തിയത്.

ടീം സ്‌കോര്‍ 148ല്‍ നില്‍ക്കവെ 43 പന്തില്‍ നിന്നും 73 റണ്‍സ് നേടിയ ഫാഫ് പുറത്തായി. പിന്നാലെയെത്തിയ ദിനേഷ് കാര്‍ത്തിക്കാകട്ടെ മൂന്ന് പന്ത് നേരിട്ട് പൂജ്യത്തിനാണ് പുറത്തായത്. കാമറൂണ്‍ ഗ്രീനിന്റെ പന്തില്‍ തിലക് വര്‍മക്ക് ക്യാച്ച് നല്‍കിയാണ് താരത്തിന്റെ മടക്കം.

ഇതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവപമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ പട്ടികയില്‍ രോഹിത് ശര്‍മക്കും മന്ദീപ് ശര്‍മക്കുമൊപ്പം ഒന്നാം സ്ഥാനം പങ്കിടാനും ദിനേഷ് കാര്‍ത്തിക്കിനായി. 14 തവണയാണ് മൂവരും ഐ.പി.എല്ലില്‍ ഡക്കായി പുറത്തായത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍

രോഹിത് ശര്‍മ – 14 തവണ

ദിനേഷ് കാര്‍ത്തിക് – 14 തവണ

മന്‍ദീപ് സിങ് – 14 തവണ

ഹര്‍ഭജന്‍ സിങ് – 13 തവണ

പാര്‍ഥിവ് പട്ടേല്‍ – 13 തവണ

അജിന്‍ക്യ രഹാനെ – 13 തവണ

പിയൂഷ് ചൗള – 13 തവണ

അംബാട്ടി റായിഡു – 13 തവണ

ഇതിന് പുറമെ ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് പുറത്തായ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായി രോഹിത് ശര്‍മയുടെ പാതയില്‍ തന്നെയാണ് ദിനേഷ് കാര്‍ത്തിക്കും സഞ്ചരിക്കുന്നത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് പുറത്തായ താരങ്ങള്‍

രോഹിത് ശര്‍മ – 61

ദിനേഷ് കാര്‍ത്തിക് – 58

സുരേഷ് റെയ്‌ന – 52

റോബിന്‍ ഉത്തപ്പ – 51

ശിഖര്‍ ധവാന്‍ – 46

എ.ബി. ഡി വില്ലിയേഴ്‌സ് – 45

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബെംഗളൂരു വിജയിച്ചിരുന്നു. ക്യാപ്റ്റന്‍ ഫാഫിന് പുറമെ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും ഗ്ലെന്‍ മാക്‌സ് വെല്ലിന്റെയും വെടിക്കെട്ടാണ് ആര്‍.സി.ബിക്ക് അനായാസ ജയം സമ്മാനിച്ചത്.

വിരാട് 49 പന്തില്‍ നിന്നും പുറത്താവാതെ 82 റണ്‍സ് നേടിയപ്പോള്‍ മാക്‌സി മൂന്ന് പന്തില്‍ നിന്നും 12 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇതോടെ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് വിക്കറ്റും 22 പന്തും ബാക്കി നില്‍ക്കെ റോയല്‍ ചലഞ്ചേഴ്‌സ് മറികടക്കുകയായിരുന്നു.

Content Highlight: Dinesh Karthik’s worst performance in IPL