ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോളം നിര്‍ഭാഗ്യം വേട്ടയാടിയ മറ്റൊരു ടീം ഉണ്ടാകില്ല. ഐ.പി.എല്‍ ആരംഭിച്ച 2008 മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും പല തവണ ഐ.പി.എല്ലിന്റെ ഫൈനല്‍ കളിച്ചിട്ടും കിരീടം ചൂടാന്‍ സാധിക്കാതെ പോയ ടീമാണ് ആര്‍.സി.ബി.
കഴിഞ്ഞ സീസണിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. പ്ലേ ഓഫ് ഘട്ടത്തില്‍ കന്നിക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി മുന്നേറിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെടാനായിരുന്നു ടീമിന്റെ വിധി. ഏഴ് വിക്കറ്റിനായിരുന്നു അന്ന് റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെട്ടത്.
എന്നാല്‍ ഇത്തവണ എന്ത് വിലകൊടുത്തും തങ്ങളുടെ കന്നിക്കിരീടം ഉയര്‍ത്താനാണ് റോയല്‍ ചലഞ്ചേഴ്‌സ് ഒരുങ്ങുന്നത്. കാലാകാലങ്ങളായി ഈ സാലാ കപ്പ് നംദേ എന്ന് പറയുന്ന ആരാധകരെ സന്തോഷിപ്പിക്കാനായെങ്കിലും ആര്‍.സിബിക്ക് കിരീടം അനിവാര്യമാണ്.
ഐ.പി.എല്ലിന്റെ പുതിയ സീസണിന് മുന്നോടിയായി ആര്‍.സി.ബി ക്യാമ്പുകളെ സന്തോഷത്തിലാഴ്ത്തുന്ന പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക് പുറത്തെടുക്കുന്നത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവും താരം നടത്തിയിരുന്നു.
എന്നാല്‍ ദിനേഷ് കാര്‍ത്തിക്കിന് തുടര്‍ന്നുള്ള പല മത്സരങ്ങളിലും ഐ.പി.എല്ലിലെ ഫോം ആവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നതോടെ ടീമിന് പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു.
ഡി.വൈ. പാട്ടീല്‍ ഗ്രൂപ്പ് ബി ടീമും ആര്‍.ബി.ഐ ഇലവനും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു ദിനേഷ് കാര്‍ത്തിക്കിന്റെ വെടിക്കെട്ട്. 38 പന്തില്‍ നിന്നും പുറത്താവാതെ 75 റണ്‍സാണ് താരം നേടിയത്.
അഞ്ച് ബൗണ്ടറിയും ആറ് സിക്‌സറുമടക്കമായിരുന്നു ദിനേഷ് കാര്‍ത്തിക് റണ്ണടിച്ചുകൂട്ടിയത്. ഡി.കെയുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് ഡി.വൈ. പാട്ടീല്‍ ഗ്രൂപ്പ് ബി ടീം നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍.ബി.ഐ ഇലവന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ ഡി.വൈ. പാട്ടീല്‍ ഗ്രൂപ്പ് ബി 25 റണ്‍സിന്റെ വിജയം സ്വന്തമാക്കി.