| Tuesday, 22nd October 2019, 6:17 pm

ശ്രീശാന്തിന് മറുപടി നല്‍കുന്നത് തന്നെ ബാലിശം; ശ്രീശാന്തിന്റെ ആരോപണം ചിരിച്ചുതള്ളി ദിനേഷ് കാര്‍ത്തിക്

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ:താന്‍ കാരണമാണ് 2013ല്‍ ടീമില്‍ നിന്ന് പുറത്തായതെന്ന മലയാളി താരം ശ്രീശാന്തിന്റെ ആരോപണത്തിന് മറുപടി നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക് . ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്തിന്റെ ആരോപണങ്ങളെ ദിനേഷ് ചിരിച്ചുതള്ളുകയായിരുന്നു.

2013ലെ ചാമ്പ്യന്‍സ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തനിക്ക് ഇടം ലഭിക്കാതിരുന്നത് ദിനേഷ് കാര്‍ത്തിക് കാരണമാണെന്നായിരുന്നു കഴിഞ്ഞ ദിവസം ശ്രീശാന്തിന്റെ ആരോപണം.

സുബ്ബയ്യ പിള്ള ട്രോഫിക്കിടെ തനിക്കെതിരെ ദിനേഷ് കാര്‍ത്തിക് നല്‍കിയ പരാതിയാണ് തന്റെ അവസരം നശിപ്പിച്ചതെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി അഭിമുഖത്തില്‍ ദിനേഷ് പറഞ്ഞതിങ്ങനെയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താകാന്‍ കാരണം ഞാനാണെന്ന് ശ്രീശാന്ത് നടത്തിയ ആരോപണം ശ്രദ്ധിച്ചിരുന്നു. ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുന്നതുപോലും ബാലിശമാണ്.’

കഴിഞ്ഞ ദിവസം ശ്രീശാന്ത് ദിനേഷ് കാര്‍ത്തികിനെതിരെ ആരോപിച്ചതിങ്ങനെയാണ്. ‘2013ലെ സുബ്ബയ്യ പിള്ള ട്രോഫിക്കിടെ ഞാനും കാര്‍ത്തിക്കും തമ്മില്‍ ഇടഞ്ഞിരുന്നു. ഇതിനു പിന്നാലെ എനിക്കെതിരെ കാര്‍ത്തിക് പരാതി നല്‍കി. ആ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫി ടീം പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് ഇടവും ലഭിച്ചില്ല.’

ഞാന്‍ എന്‍.ശ്രീനിവാസനെ അപമാനിച്ചെന്നായിരുന്നു കാര്‍ത്തിക്കിന്റെ പരാതി.

സത്യത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ചില വിദ്യകള്‍ കാര്‍ത്തിക് പരീക്ഷിക്കുകയായിരുന്നു. അന്നത്തെ മത്സരത്തില്‍ ഓരോ പന്തും നേരിടും മുമ്പും കാര്‍ത്തിക് ശ്വാസോച്ഛാസത്തിനും മറ്റുമായി ഒരുപാട് സമയം എടുത്തിരുന്നു. ഇത് പല കുറി ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.

‘മച്ചാന്‍, നിങ്ങള്‍ തമിഴ്‌നാട്ടിലായത് ഭാഗ്യം’. അപ്പോള്‍ ‘ശ്…’ എന്ന് കാര്‍ത്തിക് നിശബ്ദനാകാന്‍ എന്നോട് ആവശ്യപ്പെട്ടു. എന്ത്, പന്ത് നേരിടൂ എന്നായിരുന്നു എന്റെ മറുപടി’.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്ത പന്തിനുശേഷവും കാര്‍ത്തിക് ഇതുതന്നെ ആവര്‍ത്തിച്ചു. ഓരോ പന്തിനുശേഷവും ഇത്രയേറെ സമയം വെറുതെ കളഞ്ഞിട്ടും അംപയര്‍മാര്‍ ഇടപെട്ടില്ല. ഇതോടെ ഞാന്‍ വീണ്ടും പറഞ്ഞു; ‘നിങ്ങളെ ശ്രീനിവാസന്‍ സാര്‍ പിന്തുണയ്ക്കുന്നുണ്ടാകാം. അതുകൊണ്ടാണല്ലോ ഇങ്ങനെയൊക്കെ ചെയ്യുന്നത്.

സത്യത്തില്‍ സച്ചിന്‍ ബേബി (അന്നത്തെ കേരളാ ക്യാപ്റ്റന്‍) കുറഞ്ഞ ഓവര്‍ നിരക്കിനു ശിക്ഷിക്കപ്പെടാന്‍ പോലും കാര്‍ത്തികിന്റെ പെരുമാറ്റം കാരണമാകുമായിരുന്നു.

അന്ന് ഞാന്‍ ഒടുവില്‍ ലെഗ്സ്പിന്‍ എറിഞ്ഞാണ് കാര്‍ത്തിക്കിനെ പുറത്താക്കിയത്. പുറത്തായി മടങ്ങുമ്പോള്‍ അടുത്തുചെന്ന ഞാന്‍ പറഞ്ഞു. ശ്വാസമെടുത്ത് തിരിച്ചുപോകു എന്ന്. ആ മത്സരം ഞങ്ങള്‍ ജയിക്കുകയും ചെയ്തു.

സത്യത്തില്‍ എന്തിനാണ് ഞാന്‍ ശ്രീനിവാസന്‍ സാറിനെ അപമാനിക്കുന്നത്. ഗുരുവായൂരപ്പന്റെ ഭക്തരെന്ന നിലയില്‍ ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ട്.

2009ല്‍ ഞാന്‍ കളത്തിലേക്ക് തിരിച്ചുവരുന്ന അവസരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൗണ്ടിയില്‍ കളിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അന്ന് എന്നെ കൗണ്ടി കളിക്കാന്‍ അനുവദിച്ച വ്യക്തിയാണ് അദ്ദേഹം. എന്തിന് അദ്ദേഹത്തെ ഞാന്‍ ചീത്ത വിളിക്കണം?

അന്നാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചതെന്നും അതില്‍ തന്റെ പേരുണ്ടായിരുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

ദിനേഷിന്റെ പരാതിയാണ് അതിന് കാരണമെന്നും തന്റെ കുടുംബത്തോട് ദിനേഷ് ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more