| Friday, 6th January 2023, 8:48 pm

ഹര്‍ദിക് മാത്രമല്ല മുന്‍ ക്യാപ്റ്റന്മാരും മറുപടി പറയണം; തോല്‍വിക്ക് പിന്നാലെ ജഡേജ; ഇന്‍സ്റ്റന്റ് മറുപടിയുമായി ഡി.കെ

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കക്കെതിരായ രണ്ടാം ടി-ട്വന്റിയില്‍ പരാജയം വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. ഹര്‍ദിക് പാണ്ഡ്യയുടെ നേത്യത്വത്തിലുള്ള കളിയില്‍ അക്‌സര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അര്‍ധ ശതകം നേടിയിട്ടും ഇന്ത്യയെ രക്ഷിക്കാനായില്ല. ലങ്ക മുന്നോട്ട് വെച്ച 207 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സിന് അവസാനിച്ചു.

പിന്നാലെ ഹര്‍ദിക് ഉള്‍പ്പെടെയുള്ള ക്യാപ്റ്റന്‍മാര്‍ക്കെതിരെ ചോദ്യമുന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരമായ അജയ് ജഡേജ. ഹര്‍ദിക്, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നീ ക്യാപ്റ്റന്മാര്‍ക്കെതിരെയാണ് അജയ് ജഡേജ ചോദ്യമുന്നയിച്ചിരിക്കുന്നത്.

പുതുതായി ചുമതലയേല്‍ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍ എന്തുകൊണ്ടാണ് സ്ഥിരം ശൈലി മാറ്റാന്‍ ശ്രമിക്കുന്നതെന്നാണ് അജയ് ജഡേജ ചോദിച്ചത്. ക്രിക്ക് ബസിലെ ഷോയ്ക്കിടെയായിരുന്നു ജഡേജയുടെ പരാമര്‍ശങ്ങള്‍.

‘എന്തുകൊണ്ടാണ് എല്ലാ ക്യാപ്റ്റന്മാരും കളിരീതി മാറ്റാന്‍ ശ്രമിക്കുന്നത്? വിരാട് കോഹ്‌ലി ചുരുങ്ങിയത് മൂന്ന് വര്‍ഷം ഇന്ത്യയുടെ കളിരീതി മാറ്റാന്‍ നോക്കിയിട്ടുണ്ട്. രോഹിത് ശര്‍മക്കും ഇന്ത്യയുടെ കളിരീതി മാറ്റണമായിരുന്നു. ഇപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. അദ്ദേഹത്തിനും ഇന്ത്യയുടെ കളിരീതി മാറ്റണം. പുതുതായി വരുന്നവരൊക്കെ എന്തിനാണ് കളിരീതി മാറ്റുന്നത്. സിസ്റ്റത്തിന് എന്താണ് പ്രശ്‌നം,’ ജഡേജ പറഞ്ഞു.

അതേസമയം ജഡേജക്ക് ഇതേ ഷോയില്‍ വെച്ചുതന്നെ ദിനേഷ് കാര്‍ത്തിക് മറുപടി നല്‍കി. 2007 മുതല്‍ ഒരു ടി-ട്വന്റി വേള്‍ഡ് കപ്പും ലഭിക്കാത്തതായിരിക്കും ക്യാപ്റ്റന്മാര്‍ ഇത്തരത്തില്‍ ചിന്തിക്കാന്‍ കാരണമാകുന്നതെന്നാണ് ദിനേഷ് കാര്‍ത്തിക് പറഞ്ഞത്. കോഹ്‌ലി ഒരു മാറ്റം കൊണ്ടുവന്നിരുന്നുവെന്നും എന്നാല്‍ അത് ടെസ്റ്റിലായിരുന്നുവെന്നും ഡി.കെ. പറഞ്ഞു.

‘സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് അടുത്ത കാലത്ത് ഒരു ലോകകപ്പും നേടാന്‍ സാധിക്കുന്നില്ല. 2013ന് ശേഷം ഒരു ഐ.സി.സി കപ്പും ലഭിച്ചിട്ടുല്ല. 2007ന് ശേഷം ഞങ്ങള്‍ ഒരു ടി-ട്വന്റി വേള്‍ഡ് കപ്പും നേടിയിട്ടില്ല. ഒരു മാറ്റം ആഗ്രഹിക്കുന്നതായി വിരാട് കോഹ്‌ലി പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം മാറ്റം കൊണ്ടുവന്നത് ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ കളിച്ചുകൊണ്ടിരുന്ന രീതി, പന്തെറിയുന്നത്, ഫിറ്റ്‌നെസിനോടുള്ള ആറ്റിറ്റിയൂഡ് എല്ലാം മാറി.

രോഹിത് ശര്‍മ ടി-ട്വന്റി ഫോര്‍മാറ്റില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ടി-ട്വന്റി വേള്‍ഡ് കപ്പിന് മുമ്പുള്ള പരമ്പരകളില്‍ അക്രമണോത്സുകമായാണ് ഞങ്ങള്‍ കളിച്ചത്. എന്നാല്‍ കളിച്ച് തഴക്കം വരാതെ ആ മാറ്റം ഒരു വലിയ കളിയില്‍ പ്രകടമാവില്ല,’ ഡി.കെ. പറഞ്ഞു.

Content Highlight: dinesh karthik reply for ajay jadeja after the failure of india against sreelanka

We use cookies to give you the best possible experience. Learn more