| Friday, 2nd February 2024, 9:28 pm

സ്വന്തം ജേഴ്‌സിയിലുണ്ട് അവന്റെ റേഞ്ച് എന്താണെന്ന്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം അവസാനിച്ചിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് ഇന്ത്യ നേടിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ യങ് ഓപ്പണര്‍ യശ്വസി ജെയ്‌സ്വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്.

ഇപ്പോള്‍ യുവ താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്.
ജെയ്‌സ്വാളിന്റെ സെഞ്ച്വറിയെക്കുറിച്ച് തന്റെ എക്‌സില്‍ കുറിക്കുകയായിരുന്നു കാര്‍ത്തിക്.

ജെയ്‌സ്വാളിന്റെ ’64’ എന്ന ജേഴ്‌സി നമ്പര്‍ പോലെ തന്നെയാണ് അവന്‍ കളിക്കുന്നത് എന്ന് അദ്ദേഹം സാഹിത്യപരമായി എഴുതുകയായിരുന്നു. ‘സിക്‌സറും ഫോറും’ അടിക്കുന്ന ശൈലി തുടര്‍ന്ന് കൊണ്ട് തന്നെയായിരുന്നു ജയ്‌സ്വാള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

നിലവില്‍ 257 പന്തില്‍ അഞ്ച് സിക്‌സറുകളും 17 ബൗണ്ടറികളും അടക്കം 146 റണ്‍സാണ് താരം അടിച്ചെടുത്തത്. 69.65 സ്‌ട്രൈക്ക് റേറ്റിലാണ് യുവതാരം വെല്ലുവിളി നിറഞ്ഞ ഘട്ടത്തില്‍ പിടിച്ചു നില്‍ക്കുന്നത്. 48ാം ഓവറില്‍ ടോം ഹാര്‍ട്ട്‌ലിയുടെ പന്തില്‍ സിക്‌സര്‍ അടിച്ചാണ് ജെയ്‌സ്വാള്‍ റെഡ് ബോളിലെ തന്റെ രണ്ടാം സെഞ്ച്വറി തികച്ചത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ 41 പന്തില്‍ നിന്ന് 14 റണ്‍സ് നേടി പുറത്തായപ്പോള്‍ ജെയ്‌സ്വാള്‍ മറുഭാഗത്ത് താളം കണ്ടെത്തുകയായിരുന്നു. അതേ സമയം ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ വണ്‍ ഡൗണ്‍ ഇറങ്ങിയ ഗില്ലിന് കാര്യമായ സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല. 46 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികള്‍ അടക്കം 34 റണ്‍സ് ആണ് താരം നേടിയത്.

പിന്നീട് വന്ന ശ്രേയസ് അയ്യര്‍ 51 പന്തില്‍ മൂന്ന് ബൗണ്ടറി അടക്കം 27 റണ്‍സ് നേടി പുറത്തായപ്പോള്‍ അരങ്ങേറ്റക്കാരന്‍ രജത് പാടിദാര്‍ 72 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 32 റണ്‍സ് നേടിയത്.

മധ്യ നിരയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ അക്‌സര്‍ പട്ടേല്‍ 51 പന്തില്‍ നിന്ന് നാല് ബൗണ്ടറി അടക്കം 27 റണ്‍സ് നേടി പുറത്താവുകയായിരുന്നു. പുറകെ വന്ന എസ്. ഭരത് 23 പന്തില്‍ രണ്ട് ബൗണ്ടറി അടക്കം 17 റണ്‍സ് നേടി കൂടാരം കയറിയതോടെ നിലവില്‍ അഞ്ച് റണ്‍സ് നേടിയ ആര്‍. അശ്വിനാണ് ജെയ്‌സ്വാളിന്റെ കൂടെ ക്രീസില്‍ ഉള്ളത്.

Content Highlight: Dinesh Karthik Praises Yashasvi Jaiswal

We use cookies to give you the best possible experience. Learn more