ഇന്ത്യ-സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയിരുന്നു. സഞ്ജുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. 114 പന്തില്‍ 108 റണ്‍സ് നേടി കൊണ്ടായിരുന്നു മലയാളി താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്. മത്സരത്തില്‍ ഇന്ത്യന്‍ ടീം 78 റണ്‍സിന് വിജയിക്കുകയും പരമ്പര 2-1ന് സ്വന്തമാക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്.
‘വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് സഞ്ജു സാംസണ്‍. ലോകം മുഴുവനും സഞ്ജുവിനെ കുറിച്ച് വളരെ നന്നായി സംസാരിക്കുന്നു. അവനും ധാരാളം ആരാധകരുണ്ട്. സഞ്ജു അവന്റെ ആരാധകരെയും പിന്തുണക്കുന്നവരെയും വളരെയധികം സ്‌നേഹിക്കുന്നുണ്ട്. എന്തുകൊണ്ടാണ് സഞ്ജുവിന് ഇത്രയും അധികം വിശ്വസ്തരായ ആരാധകര്‍ ഉള്ളതെന്ന് അവന്‍ കാണിച്ചു തന്നു,’ ദിനേശ് കാര്‍ത്തിക് ക്രിക്ക്ബസിലൂടെ പറഞ്ഞു.
Dinesh Karthik said, “the world speaks highly of Sanju Samson, he has the amount of supporters that biggest players have, the love and affection of a lot of people. And he showed that day why he has that”. (Cricbuzz). pic.twitter.com/6hwfKmpn8D
തിലക് വര്‍മക്കൊപ്പവും നായകന്‍ കെ. എല്‍ രാഹുലിനൊപ്പവും ബാറ്റ് ചെയ്ത രീതിയെക്കുറിച്ചും കാര്‍ത്തിക് പറഞ്ഞു.
‘സൗത്ത് ആഫ്രിക്ക ക്കെതിരെയുള്ള അവസാന ഏകദിനത്തില്‍ സഞ്ജുവിന് ഇഷ്ടമുള്ള ബാറ്റിങ് പൊസിഷനില്‍ അവന്‍ ബാറ്റ് ചെയ്തു. ക്യാപ്റ്റന്‍ കെ.എല്‍ രാഹുലുമായി അവന്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി. രാഹുല്‍ ഔട്ട് ആയപ്പോള്‍ തിലക് വര്‍മക്കൊപ്പം ചേര്‍ന്ന് അവന്‍ ഇന്ത്യയെ മുന്നോട്ടു നയിച്ചു,’ ദിനേഷ് കൂട്ടിച്ചേര്‍ത്തു.
ബോളോണ്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് ആണ് നേടിയത്.
സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്ക് പുറമേ ഇന്ത്യന്‍ ബാറ്റിങ്ങില്‍ തിലക് 52 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ സൗത്ത് ആഫ്രിക്ക 45.5 ഓവറില്‍ 218 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിലയില്‍ അര്‍ഷദീപ് സിങ് നാല് വിക്കറ്റും ആവേശ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടിയപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.
ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. അതേസമയം സൗത്ത് ആഫ്രിക്ക-ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഡിസംബര്‍ 26ന് നടക്കും.