| Friday, 23rd August 2024, 7:30 pm

ക്യാപ്റ്റനാക്കാന്‍ പാടില്ല; അവന്‍ ഇന്ത്യയുടെ കോഹിനൂര്‍ രത്‌നം, സംരക്ഷിച്ചുനിര്‍ത്തണം; സൂപ്പര്‍ താരത്തെ കുറിച്ച് ഡി.കെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്. ബുംറ ഇന്ത്യന്‍ ക്രിക്കറ്റിന്റെ കോഹിനൂര്‍ രത്‌നമാണെന്നും അദ്ദേഹത്തെ സംരക്ഷിച്ച് നിര്‍ത്തണമെന്നും കാര്‍ത്തിക് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തെ ക്യാപ്റ്റനാക്കരുതെന്നും ഡി.കെ അഭിപ്രായപ്പെട്ടു.

ക്രിസ്ബസ്സിലെ ഹേയ് സി.ബി വിത്ത് ഡി.കെ എന്ന ടോക് ഷോയിലാണ് ഒരു ആരാധകന്റെ ചോദ്യത്തിനുത്തരമായി ദിനേഷ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.

‘ബുംറയെ എന്തുകൊണ്ട് ക്യാപ്റ്റനായി പരിഗണിച്ചുകൂടാ? അദ്ദേഹം കളിക്കളത്തില്‍ ശാന്തനാണ്, സ്മാര്‍ട്ടാണ്, മികച്ച ക്രിക്കറ്റ് ബ്രെയ്‌നും പക്വതയും അദ്ദേഹത്തിനുണ്ട്,’ എന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്.

ബുംറയെ കുറിച്ച് പറഞ്ഞതെല്ലാം ശരിയാണെന്നും എന്നാല്‍ അദ്ദേഹത്തെ ക്യാപ്റ്റനാക്കുന്നതില്‍ ആശങ്കയുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു.

‘എല്ലാം ശരിയാണ്… അദ്ദേഹം ശാന്തനാണ്, കളിക്കളത്തില്‍ പക്വതയോടെ കളിക്കുന്ന താരമാണ്. പക്ഷേ എല്ലാത്തിലുമുപരി അവനൊരു ഫാസ്റ്റ് ബൗളറാണ്. എങ്ങനെയാണ് അവന് എല്ലാ ഫോര്‍മാറ്റിലും (ക്യാപ്റ്റനായി) കളിക്കാന്‍ സാധിക്കുക. ഈ ചോദ്യമായിരിക്കും സെലക്ടര്‍മാരുടെ മനസിലുണ്ടാലവുക,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

‘ബുംറയെ പോലെ ഒരു ഫാസ്റ്റ് ബൗളറെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. പ്രധാന മത്സരങ്ങളിലായിരിക്കണം അദ്ദേഹം കളിക്കേണ്ടത്. ബുംറയെ കുറിച്ച് ഇത് ഞാന്‍ എപ്പോഴും പറയുന്നതാണ്. അവന്‍ ഒരു കോഹിനൂര്‍ രത്‌നമാണ്. നമ്മളവനെ സംരക്ഷിച്ചുനിര്‍ത്തണം.

അവന് എത്രത്തോളം കാലം കളിക്കാന്‍ സാധിക്കുമോ, അത്രയും കാലം അവനെ നമ്മള്‍ സംരക്ഷിക്കണം. കാരണം ഏത് ഫോര്‍മാറ്റിലാണ് കളിക്കുന്നതെങ്കിലും അവിടെ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് ബുംറ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ടെസ്റ്റിലും രണ്ട് ടി-20യിലും ബുംറ ഇന്ത്യന്‍ ക്യാപ്റ്റന്റെ റോളിലെത്തിയിട്ടുണ്ട്.

2022ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം ടെസ്റ്റിലാണ് ബുംറ ക്യാപ്റ്റന്റെ കുപ്പായത്തിലെത്തിയത്. രോഹിത് ശര്‍മ കൊവിഡ് ബാധിതനായതിന് പിന്നാലെയാണ് ബുംറ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണായിരുന്നു ബുംറയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിന് സാക്ഷ്യം വഹിച്ചത്.

എന്നാല്‍ ഈ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ മാത്രം ബുംറക്ക് സാധിച്ചില്ല. അഞ്ചാം ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ പരമ്പര സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുമ്പ് 2-1 എന്ന നിലയില്‍ ഇന്ത്യക്ക് ലീഡ് ഉണ്ടായിരുന്നു. രണ്ട് മത്സരത്തില്‍ ഇന്ത്യയും ഒരു മത്സരത്തില്‍ ഇംഗ്ലണ്ടും വിജയിച്ചപ്പോള്‍ ശേഷിക്കുന്ന മത്സരം സമനിലയിലും പിരിഞ്ഞു.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിച്ചാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ജോണി ബെയര്‍‌സ്റ്റോ മറുവശത്ത് നിന്നും ആഞ്ഞടിച്ചതോടെ ഇംഗ്ലണ്ട് വിജയിക്കുകയും പരമ്പര 2-2ന് സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്തു.

സ്‌കോര്‍

ഇന്ത്യ: 416 & 245

ഇംഗ്ലണ്ട്: 284 & 378/3 (T:378)

ശേഷം 2023ല്‍ ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലാണ് ബുംറ വീണ്ടും ക്യാപ്റ്റന്റെ കുപ്പായത്തിലെത്തിയത്. മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരക്കായാണ് ഇന്ത്യ ഐറിഷ് മണ്ണിലെത്തിയത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ വിജയിച്ചപ്പോള്‍ മൂന്നാം മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. ഇതോടെ 2-0 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കാനും ഇന്ത്യക്കായി.

Content Highlight: Dinesh Karthik praises Jasprit Bumrah

We use cookies to give you the best possible experience. Learn more