| Sunday, 19th June 2022, 8:36 pm

ഗാംഗുലി മുതല്‍ റിഷബ് പന്ത് വരെ; കാര്‍ത്തിക്ക് കളിച്ചത് ഇത്രയും ക്യാപ്റ്റന്‍മാരുടെ കീഴില്‍; ലോകകപ്പിലേക്ക് ഒരു ടിക്കറ്റ് അദ്ദേഹം അര്‍ഹിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടീമില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് 37 വയസുകാരനായ ദിനേഷ് കാര്‍ത്തിക്ക്. ദക്ഷിണാഫ്രിക്കയുമായി നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ തന്റെ ഫിനിഷിങ് ടച്ചുകള്‍ കൊണ്ട് ആരാധകരേയും ക്രിക്കറ്റ് പണ്ഡിതരേയും കയ്യിലെടുക്കുകയാണ് കാര്‍ത്തിക്ക്.

2019ന് ശേഷം ആദ്യമായാണ് കാര്‍ത്തിക്ക് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് താരത്തെ വീണ്ടും ഇന്ത്യന്‍ ടീമില്‍ എത്തിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള നാലാം ട്വന്റി-20 മത്സരത്തില്‍ അദ്ദേഹം തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ട്വന്റി-20 അര്‍ധസെഞ്ച്വറി നേടിയിരുന്നു.

2004ല്‍ സൗരവ് ഗാംഗുലിയുടെ കീഴില്‍ ഇന്ത്യക്കായി അരങ്ങേറിയ കാര്‍ത്തിക്ക് ഇതുവരെയുള്ള തന്റെ 18 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ 10 വ്യത്യസ്ത ക്യാപ്റ്റന്‍മാരുടെ കീഴിലാണ് കളിച്ചത്. അടുത്ത പരമ്പരയില്‍ ഹര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ കളിക്കുമ്പോള്‍ അത് 11 ആകും.

2004ല്‍ സൗരവ് ഗാംഗുലിയുടെ കീഴില്‍ അരങ്ങേറിയ കാര്‍ത്തിക്ക് അതേ വര്‍ഷം തന്നെ ദ്രാവിഡിന്റെ കീഴിലും കളിച്ചു. പിന്നീട് 2006ല്‍ സെവാഗിന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യ ട്വന്റി-20 മത്സരത്തില്‍ കളിച്ചു. അതിന് ശേഷം 2007 മുതല്‍ 2018 വരെ നീണ്ടു നിന്ന ക്യാപ്റ്റന്‍ ധോണിയുടെ കീഴില്‍ 37 മത്സരങ്ങള്‍ കാര്‍ത്തിക്ക് കളിച്ചിട്ടുണ്ട്.

2007 കാലഘട്ടത്തില്‍ അനില്‍ കുംബ്ലെയുടെ കീഴിലും, 2010ല്‍ സിംബാവെയ്‌ക്കെതിരെയുള്ള പരമ്പരയില്‍ സുരേഷ് റെയ്‌നയുടെ കീഴിലും കാര്‍ത്തിക്ക് കളിച്ചിട്ടുണ്ട്.

മോഡേണ്‍ ഡേ ക്യാപ്റ്റന്‍മാരായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരുടെ കീഴിലും കാര്‍ത്തിക്ക് കളിച്ചിട്ടുണ്ട്. താല്‍കാലിക ക്യാപ്റ്റനായിരുന്ന രഹാനെയുടെ കീഴിലും കാര്‍ത്തിക്ക് ഒരു മത്സരം കളിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ രോഹിത്തിന് പകരമായി ടീമിനെ നയിക്കുന്ന റിഷബ് പന്താണ് കാര്‍ത്തിക്കിന്റെ ഏറ്റവും പുതിയ ക്യാപ്റ്റന്‍.

ഇത്രയും ക്യാപ്റ്റന്‍മാരുടെ കീഴില്‍ കളിച്ച കാര്‍ത്തിക്കിന് പക്ഷെ ഇതുവരെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം വഹിക്കാന്‍ സാധിച്ചിട്ടില്ല. ഡൊമസ്റ്റിക്ക് ക്രിക്കറ്റില്‍ തമിഴ്‌നാടിനെ ഒരുപാട് കിരീടത്തിലേക്ക് നയിക്കാന്‍ കാര്‍ത്തിക്കിന് സാധിച്ചിട്ടുണ്ട്.

ഇന്ത്യയുടെ അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹര്‍ദിക് പാണ്ഡ്യയായിരിക്കും ഇന്ത്യയെ നയിക്കുക. കാര്‍ത്തിക്ക് ടീമില്‍ ഇടം നേടിയിട്ടുണ്ട്. കാര്‍ത്തിക്കിന്റെ 11ാമത്തെ ക്യാപ്റ്റനായിരിക്കും ഹര്‍ദിക് പാണ്ഡ്യ.

ഇത്രയും ക്യാപ്റ്റന്‍മാരുടെ കീഴില്‍ കളിച്ച കാര്‍ത്തിക്കിന്റെ കഥ തീര്‍ച്ചയായും ഇന്‍സ്പയര്‍ ചെയ്യുന്നതാണ്. എത്രയൊക്കെ നിങ്ങള്‍ തഴയപ്പെട്ടാലും നിങ്ങളുടെ കഴിവിനെ വിശ്വസിക്കുക ആ പ്രതിഭയെ തേച്ചുമിനുക്കികൊണ്ടേയിരിക്കുക. കാലം എന്നെങ്കിലും നിങ്ങളുടെയൊപ്പം നില്‍ക്കും. കാര്‍ത്തിക്കിന്റെ കരിയറില്‍ ഇതാണ് അദ്ദേഹത്തിന്റെ കാലം.

ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയിലേക്കുള്ള ഒരു ടിക്കറ്റ് അദ്ദേഹത്തിനുള്ളതാണ്. അതാണ് ലോകം അദ്ദേഹത്തിന് നല്‍കേണ്ട കാവ്യനീതി!.

Content Highlights: Dinesh Karthik played under 10 different captains

We use cookies to give you the best possible experience. Learn more