അര്‍ജുനന് പിന്നില്‍ രണ്ടാമനല്ലാത്ത ഭീമന്‍ അഥവാ ധോണിക്ക് പിന്നില്‍ രണ്ടാമനാവാനുള്ള വിധിയെ മാറ്റിയെഴുതിയ ഡി.കെ
Sports News
അര്‍ജുനന് പിന്നില്‍ രണ്ടാമനല്ലാത്ത ഭീമന്‍ അഥവാ ധോണിക്ക് പിന്നില്‍ രണ്ടാമനാവാനുള്ള വിധിയെ മാറ്റിയെഴുതിയ ഡി.കെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th April 2022, 4:35 pm

”ഭീമസേനാ, നീ എന്തൊക്കെ ചെയ്താലും എന്നും അര്‍ജുനന്റെ പിന്നില്‍ രണ്ടാമന്‍ ആവാനാണ് നിനക്ക് വിധി.”

ഇതിഹാസങ്ങളില്‍ ഏറ്റവും മഹത്തരമായ മഹാഭാരതത്തിലെ, പാണ്ഡവ സഹോദരന്‍മാരായ അര്‍ജുനനെയും ഭീമനെയും താരതമ്യം ചെയ്തിട്ടുള്ളൊരു പദപ്രയോഗമാണ് മുകളില്‍ പറഞ്ഞത്.

ഗദായുദ്ധമുറകളില്‍ ഏറ്റവും മികച്ച യോദ്ധാവായിട്ടും, കൗരവപ്പടയുടെ തലവനെ വീഴ്ത്തിയിട്ടും അര്‍ജുനന്റെ അത്രയും പ്രശസ്തി ഭീമസേനന് ലഭിച്ചിരുന്നില്ല എന്ന വിമര്‍ശനമാണ് മുകളില്‍ പറഞ്ഞ വാചകത്തിന്റെ അടിസ്ഥാനം.

പുരാണങ്ങളില്‍ നിന്ന് ആധുനികതയിലേക്ക് വന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു അര്‍ജുനനെയും ഭീമനേയും നമ്മള്‍ക്ക് പരിചയപ്പെടാം. അത് മറ്റാരുമല്ല, ധോണിയും ദിനേഷ് കാര്‍ത്തിക്കും തന്നെ.

ധോണിയെന്ന അര്‍ജുനന്‍, ഒരു മഹാവൃക്ഷമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ പടര്‍ന്നു പന്തലിച്ചു. ഏകദേശം ഒന്നര പതിറ്റാണ്ടോളം, ക്രിക്കറ്റ് ഗ്രൗണ്ടെന്നെ കുരുക്ഷേത്ര ഭൂമിയില്‍ ധോണി വിളങ്ങി നിന്നു. അതുകൊണ്ട് തന്നെ കാര്‍ത്തിക് എന്ന ഭീമസേനന്, ധോണിയുടെ പിന്നിലാവാനേ സാധിച്ചിട്ടുള്ളു.

കാര്‍ത്തിക് എന്ന പ്രതിഭയുടെ മിന്നലാട്ടം പലവട്ടം നമ്മള്‍ കണ്ടതാണ്. അതില്‍, ഏതൊക്കെ കളികള്‍ നമ്മള്‍ മറന്നാലും, ശ്രീലങ്കയില്‍ വെച്ചു നടന്ന നിഹ്ദാസ് ട്രോഫിയുടെ ഫൈനല്‍ ഒരു ക്രിക്കറ്റ് പ്രേമിയും മറക്കാനിടയില്ല.

ഇന്ത്യക്ക് വേണ്ടി ആര്‍ത്തിരമ്പിയ സിംഹള കാണികളുടേതടക്കം മുഴുവന്‍ കളിയാരാധകരുടെയും കണ്ണും മനവും നിറച്ച ബാറ്റിംഗായിരുന്നു അന്നു കാര്‍ത്തിക് പുറത്തെടുത്തത്.

ഇനി, ഇത്തവണത്തെ ഐ.പി.എല്ലിലേക്ക് വന്നാല്‍ മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള ഒരു സുരക്ഷിതത്വം ആര്‍.സി.ബിയുടെ ബാറ്റിംഗ് ലൈനപ്പില്‍ കാണുന്നു. കോഹ്‌ലിയും എ.ബി.ഡിയും പുറത്തായാല്‍ തകര്‍ന്നു തരിപ്പണമാകുന്ന ഒരു ആര്‍.സി.ബി നിരയെയാണ് വര്‍ഷങ്ങളായി നാം കാണുന്നത്.

അതിനൊരു മാറ്റമാണ് ദിനേഷ് കാര്‍ത്തിക് എന്ന ഭീമസേനന്റെ വരവ് കൊണ്ട് ടീമിന് സാധിച്ചത്. ഇന്നലത്തെ മത്സരത്തില്‍ മാത്രമല്ല, കളിച്ച 3 മത്സരത്തിലും തന്റേതായ നിര്‍ണായക സംഭാവന നല്കിയിട്ടാണ് അദ്ദേഹം ക്രീസ് വിട്ടത്.

ചരിത്രത്തില്‍ ഭീമസേനന്‍ ചിലപ്പോള്‍ രണ്ടാമനായിക്കാണും. പക്ഷേ തന്റെ കരിയറിന്റെ അവസാന സമയത്തെങ്കിലും, ധോണിയുടെ വ്യക്തിപ്രഭാവത്തിന്റെ വലയത്തില്‍ നിന്ന് പുറത്ത് വരാന്‍ കാര്‍ത്തിക്കിന് കഴിയുന്നു എന്നത് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം മനസിന് കുളിര്‍മയേകുന്ന കാഴ്ചയാണ്.

മഹാഭാരത്തില്‍ അര്‍ജുനനും ഭീമനും ശ്രേഷ്ഠരായ രണ്ടു വ്യക്തിത്വങ്ങളാണ്. ക്രിക്കറ്റില്‍ ധോണിയും കാര്‍ത്തിക്കും അതു പോലെ തന്നെയാണ്. പ്രായം എന്നത് വെറും ഒരു നമ്പര്‍ മാത്രമാണന്ന് തെളിയിക്കാനായി, ഇരുവരുടെയും ബാറ്റില്‍ നിന്ന് ഇനിയും മനോഹര ഇന്നിംഗ്‌സുകള്‍ പിറക്കട്ടെ!

കടപ്പാട് : ക്രിക്കറ്റ് കാര്‍ണിവല്‍ 24 x 7

 

Content Highlight: Dinesh Karthik leaves from the Shadow of MS Dhoni