| Monday, 1st July 2024, 11:39 am

ബെംഗളൂരുവിന്റെ കിരീടവരൾച്ച അവസാനിപ്പിക്കാൻ ഇതിഹാസമെത്തി; ഇനിമുതൽ ആർ.സി.ബി ട്രിപ്പിൾ സ്ട്രോങ്ങ്

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പുതിയ ബാറ്റിങ് പരിശീലകനായും ടീമിന്റെ മെന്ററായും മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കിനെ നിയമിച്ചു. ആര്‍.സി.ബി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

‘ഞങ്ങള്‍ ദിനേശ് കാര്‍ത്തിക്കിനെ സ്വാഗതം ചെയ്യുന്നു. പുതിയ അവതാരമായി ആര്‍.സി.ബിയിലേക്ക് തിരികെ വരൂ. റോയല്‍ ചലഞ്ചേഴ്‌സിന്റെ പുതിയ ഉപദേശകനായും ബാറ്റിങ് പരിശീലകനായും അദ്ദേഹത്തെ വളരെ സ്‌നേഹത്തോടെ സ്വീകരിക്കുന്നു,’ ആര്‍.സി.ബി 12ത്ത് മാന്‍ ആര്‍മി എക്‌സില്‍ പോസ്റ്റ് ചെയ്തു.

2024 ഐ.പി.എല്‍ അവസാനിച്ചതിനു പിന്നാലെ ദിനേശ് കാര്‍ത്തിക്ക് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. 2024 ഐ.പി.എല്‍ സീസണില്‍ ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനമായിരുന്നു കാര്‍ത്തിക് നടത്തിയത്.

15 മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 326 റണ്‍സ് ആണ് കാര്‍ത്തിക് അടിച്ചെടുത്തത്. 36.22 ആവറേജിലും 187.36 സ്‌ട്രൈക്ക് റേറ്റിലും ആയിരുന്നു കാര്‍ത്തിക് ബാറ്റ് വീശിയത്.

2008ലാണ് കാര്‍ത്തിക് തന്റെ ഐ.പി.എല്‍ കരിയര്‍ തുടങ്ങിയത്. ഇതുവരെ ഐ.പി.എല്ലില്‍ 257 മത്സരങ്ങളിലെ 234 ഇന്നിങ്‌സില്‍ നിന്നും 4842 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. അതില്‍ 97 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിട്ടുണ്ട്. ഇതുവരെ സെഞ്ച്വറികള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും 22 അര്‍ധ സെഞ്ച്വറി താരം നേടിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ഐ.പി.എല്ലില്‍ ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ആദ്യ എട്ട് മത്സരങ്ങളില്‍ ഏഴ് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടന്ന ആറു മത്സരങ്ങളും വിജയിച്ചു കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയത്.

എന്നാല്‍ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ട് ഈ സീസണിലും കിരീട സ്വപ്നം അവസാനിപ്പിക്കുകയായിരുന്നു ബെംഗളൂരു. ദിനേശ് കാര്‍ത്തിക്കിന്റെ വരവോടുകൂടി അടുത്ത സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ 17 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Dinesh Karthik is the New Mentor of RCB

We use cookies to give you the best possible experience. Learn more