ഏകദിന പരമ്പര തൂത്തുവാരിയതിന് ശേഷം കളിക്കുന്ന ട്വന്റി-20 പരമ്പരക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടി.
എല്ലാവര്‍ക്കും സര്‍പ്രൈസ് നല്‍കികൊണ്ട് നായകന്‍ രോഹിത്തിന്റെ കൂടെ സൂര്യകുമാറാണ് ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയത്. മികച്ച തുടക്കമാണ് ഇന്ത്യക്കായി ഇരുവരും നല്‍കിയത്. അഞ്ചാം ഓവറില്‍ ടീം ടോട്ടല്‍ 44ല്‍ നില്‍ക്കെയാണ് 24 റണ്‍സുമായി സൂര്യ പുറത്താകുന്നത്.
മൂന്നാം നമ്പറില്‍ ഇറങ്ങിയ ശ്രേയസ് അയ്യര്‍ പൂജ്യത്തിന് മടങ്ങിയിരുന്നു. പിന്നീട് എത്തിയ റിഷബ് പന്തിനെ കൂട്ടിപിടിച്ച് രോഹിത് അടിച്ചുതകര്‍ക്കുകയായിരുന്നു. പന്ത് 16 റണ്‍സ് എടുത്ത് പുറത്തായെങ്കിലും ജഡേജയെയും ഹര്‍ദിക്കിനെയും കാഴ്ചക്കാരനാക്കി രോഹിത് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. ടീം സ്‌കോര്‍ 127ല്‍ നില്‍ക്കെ 44 പന്തില്‍ 64 റണ്‍സ് അടിച്ചുകൂട്ടി നായകന്‍ മടങ്ങുകയായിരുന്നു. തൊട്ടു പിന്നാലെ ജഡേജയും പുറത്തായി.
പിന്നീട് കണ്ടത് അശ്വിനെ കൂട്ടുപിടിച്ചുകൊണ്ടുള്ള ദിനേഷ് കാര്‍ത്തിക്കിന്റെ അഴിഞ്ഞാട്ടമായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയിലുള്ള ഫിനിഷിങ് ടച്ചുകളില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ നോക്കുകുത്തികളാകുകയായിരുന്നു. ടീം സ്‌കോര്‍ 170 കടക്കുമോ എന്ന് സംശയിച്ചിരുന്ന സ്ഥലത്ത് നിന്നുമാണ് കാര്‍ത്തിക്ക് ടീമിനെ 190 എന്ന മികച്ച സ്‌കോറിലെത്തിച്ചത്.
19 പന്ത് നേരിട്ട് 41 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. നാല് ഫോറും രണ്ട് സിക്‌സറുകമാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. ടീമിനാവശ്യമുള്ളപ്പോഴെല്ലാം കത്തികയറുന്ന ക്ലച്ച് പ്ലെയറാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് അദ്ദേഹം. അടുത്ത ലോകകപ്പില്‍ തന്റെ പ്രകടനം ടീമിനാവശ്യമായിരിക്കുമെന്ന് ഒരിക്കല്‍ കൂടെ കാര്‍ത്തിക്ക് സെലക്ടര്‍മാരെ ഓര്‍മിപ്പിക്കുന്നു.