ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് മുമ്പായി നടക്കുന്ന ഇംഗ്ലണ്ട് ലയണ്‍സ് – ഇന്ത്യ എ പരമ്പരയില്‍ ഇംഗ്ലണ്ട് കോച്ചിങ് സ്റ്റാഫില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്കും. മൂന്ന് ഫോര്‍ ഡേ മത്സരങ്ങളാണ് ഇംഗ്ലണ്ട് ലയണ്‍സ് ഇന്ത്യയില്‍ കളിക്കുക. അഹമ്മദാബാദാണ് വേദി.
ജനുവരി പത്ത് മുതല്‍ 18 വരെ ഇംഗ്ലണ്ട് ലയണ്‍സിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായാണ് ദിനേഷ് കാര്‍ത്തിക് ചുമതലയേറ്റിരിക്കുന്നത്. ദിനേഷ് കാര്‍ത്തിക്കിന് പുറമെ മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരങ്ങളായ ഗ്രെയം സ്വാനും ഇയാന്‍ ബെല്ലും കോച്ചിങ് സ്റ്റാഫുകളായി ഉള്‍പ്പെട്ടിട്ടുണ്ട്.
‘ആദ്യ ടെസ്റ്റിന് മുമ്പുള്ള തയ്യാറെടുപ്പുകളില്‍ ദിനേഷ് കാര്‍ത്തിക് ടീമിനൊപ്പമുണ്ടാകുന്നത് വളരെ വലിയ കാര്യമാണ്. ദിനേഷ് കാര്‍ത്തിക്കിനൊപ്പം വര്‍ക് ചെയ്യുന്നതും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിക്കുന്നതും താരങ്ങള്‍ ഏറെ ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ ഇംഗ്ലണ്ട് പുരുഷ ടീമിന്റെ പെര്‍ഫോമെന്‍സ് ഡയറക്ടറായ മോ ബോള്‍ട്ട് പറഞ്ഞു.
ഇന്ത്യ എ-ക്കെതിരായ ഇംഗ്ലണ്ട് ലയണ്‍സിന്റെ കോച്ചിങ് സ്റ്റാഫുകള്‍
നീല്‍ കില്ലിയന്‍ – പ്രധാന പരിശീലകന്‍
റിച്ചാര്‍ഡ് ഡോവ്‌സണ്‍ – അസിസ്റ്റന്റ് കോച്ച് (ജനുവരി 10 മുതല്‍ 19 വരെ)
കാള്‍ ഹോപ്കിന്‍സണ്‍ – അസിസ്റ്റന്റ് കോച്ച്
ദിനേഷ് കാര്‍ത്തിക് – ബാറ്റിങ് കണ്‍സള്‍ട്ടന്റ് (ജനുവരി 10 മുതല്‍ 18 വരെ)
ഇയാന്‍ ബെല്‍ – ബാറ്റിങ് കണ്‍സള്‍ട്ടന്റ് (ജനുവരി 18 മുതല്‍)
ഗ്രെയം സ്വാന്‍ – മെന്റര്‍
അതേമയം, ജനുവരി 25 മുതല്‍ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക.
ഇതിന് മുമ്പ് ഇംഗ്ലണ്ടും ഇന്ത്യയും റെഡ്ബോളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പരമ്പര സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2നാണ് സമനിലയില്‍ അവസാനിച്ചത്.
ഇന്ത്യക്കെതിരെ നടക്കുന്ന പരമ്പരക്കുള്ള സ്‌ക്വാഡിനെ ഇംഗ്ലണ്ട് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സിന്റെ കീഴില്‍ 16 അംഗ ടീമിനെയാണ് ഇ.സി.ബി പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ട് സ്‌ക്വാഡ്:
ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, രെഹന്‍ അഹമ്മദ്, ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്സ്, ഒല്ലി പോപ്പ്, ജെയിംസ് ആന്‍ഡേഴ്സണ്‍, ഗസ് അറ്റ്കിന്‍സണ്‍, ഷോയിബ് ബഷീര്‍, ടോം ഹാര്‍ട്‌ലി, ജാക്ക് ലീച്ച്, ഒല്ലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്.
ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയുടെ ഷെഡ്യൂള്‍
ആദ്യ ടെസ്റ്റ് -ജനുവരി 25-29 – രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം,ഹൈദരാബാദ്
രണ്ടാം ടെസ്റ്റ് – ഫെബ്രുവരി 2-6 – എ.സി.എ-വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം.
മൂന്നാം ടെസ്റ്റ് – ഫെബ്രുവരി 15-19 – സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം
നാലാം ടെസ്റ്റ് – ഫെബ്രുവരി 23-27 – ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം കോംപ്ലക്‌സ്, റാഞ്ചി
അഞ്ചാം ടെസ്റ്റ് – മാര്‍ച്ച് 7-11 – ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ധര്‍മശാല
Content highlight: Dinesh Karthik included in England Lions’ coaching staff