17ാമത് ഐ.പി.എല്‍ സീസണിന്റെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.
2024 ഐ.പി.എല്‍ സീസണില്‍ വിരമിക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം ദിനേശ് കാര്‍ത്തിക്.
മത്സരത്തിനുശേഷം തോല്‍വിയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ദിനേശ് കാര്‍ത്തിക് ഇത് തന്റെ അവസാനത്തെ ഐ.പി.എല്‍ മത്സരമാകാമെന്ന് പറഞ്ഞത്. ലീഗിന്റെ തുടക്കത്തില്‍ തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ പദവി ഉള്‍പ്പെടെ ആറ് വ്യത്യസ്ത ഐ.പി.എല്‍ ഫ്രാഞ്ചൈസികളില്‍ താരം കളിച്ചിട്ടുണ്ട്.
ദല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ്, പഞ്ചാബ് കിങ്‌സ്, കെ.കെ.ആര്‍, ആര്‍.സി.ബി എന്നെ ടീമുകളില്‍ ആണ് കാര്‍ത്തിക് കളിച്ചത്. സീസണ്‍ തുടങ്ങുന്നതിന് മുമ്പ് കമന്റേറ്ററിങ്ങില്‍ ശ്രദ്ധ കൊടുക്കുമെന്ന് കാര്‍ത്തിക് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നതായും താരം സ്ഥിരീകരിച്ചു.
‘അതൊരു നല്ല ചോദ്യമാണ്, ഇത് എന്റെ അവസാന മത്സരം അല്ലെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു, കാരണം ഞങ്ങള്‍ക്ക് ഈ വേദിയില്‍ കുറച്ച് പ്ലേ ഓഫ് ഗെയിമുകള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഒരുപക്ഷെ ഞങ്ങള്‍ എത്തിയാല്‍, ഞാന്‍ പ്ലേ ഓഫ് മത്സരത്തിലേക്ക് മടങ്ങി എത്തിയാല്‍ അതായിരിക്കും എന്റെ അവസാന മത്സരം,’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.
ഇതുവരെ ദിനേശ് കാര്‍ത്തിക് 243 ഐ.പി.എല്‍ മത്സരത്തിലെ 222 ഇന്നിങ്‌സില്‍ നിന്നും 4554 റണ്‍സ് ആണ് നേടിയത്. താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 97 ആണ്. സെഞ്ച്വറി അടിക്കാന്‍ സാധിച്ചില്ലെങ്കിലും കാര്‍ത്തിക് സ്വന്തമാക്കിയിട്ടുണ്ട്. ഇതുവരെ ഐ.പി.എല്ലില്‍ 442 ഫോറും 141 സിക്‌സും താരം നേടിയിട്ടുണ്ട്.
മാര്‍ച്ച് 25ന് ആര്‍.സി.ബി അടുത്ത മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ നേരിടും.
Content Highlight: Dinesh Karthik hinted at retirement from IPL