| Tuesday, 30th August 2022, 3:15 pm

ഗെയ്‌ലും ബ്രാവോയും എന്തിന് സച്ചിന്‍ തന്നെ വഴി മാറിക്കോ!! ക്രിക്കറ്റിന് ഇനിയിതാ പുതിയ യൂണിവേഴ്‌സല്‍ ബോസ്

സ്പോര്‍ട്സ് ഡെസ്‌ക്

പല താരങ്ങളും കളിയവസാനിച്ച് വിശ്രമജീവിതം ആരംഭിക്കുന്ന പ്രായത്തിലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക് തന്റെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്.

2022 ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു താരത്തെ ടീമിലെത്തിച്ചപ്പോള്‍ പ്ലേ ബോള്‍ഡ് ഫാന്‍സൊന്നാകെ നെറ്റി ചുളിച്ചിരുന്നു.

ഈ പല്ലുകൊഴിഞ്ഞ സിംഹം എന്ത് കാണിക്കാനാണ് എന്നായിരുന്നു അവരുടെ സംശയം. എന്നാല്‍ അവരുടെ സംശയം നെല്ലിട പോലും ബാക്കിവെക്കാതെയായിരുന്നു കാര്‍ത്തിക് ഐ.പി.എല്ലില്‍ തരംഗമായത്.

ഐ.പി.എല്ലില്‍ ആര്‍.സി.ബിയുടെ മധ്യനിരയിലെ കരുത്തനായി, ഫിനിഷറുടെ റോളില്‍ തിളങ്ങിയ കാര്‍ത്തിക്കിനെ കാത്തിരുന്നത് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയായിരുന്നു. കാലങ്ങള്‍ക്ക് ശേഷം കാര്‍ത്തിക് ഇന്ത്യയുടെ കരിനീല ജേഴ്‌സി അണിയുന്നതായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്.

2019 ലോകകപ്പിലായിരുന്നു ഇതിന് മുമ്പ് കാര്‍ത്തിക് അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയിലെത്തിത്. ശേഷം 2022ല്‍ പല പരമ്പര വിജയങ്ങളിലും പങ്കാളിയായ ശേഷം കാര്‍ത്തിക് ഏഷ്യാ കപ്പ് സ്‌ക്വാഡിലും ഇടം നേടി.

യുവതാരവും ഇന്ത്യയുടെ പുതിയ വിക്കറ്റ് കീപ്പിങ് സെന്‍സേഷനുമായ റിഷബ് പന്തിനെ മറികടന്ന് പാകിസ്ഥാനെതിരെ പ്ലെയിങ് ഇലവനിലും കാര്‍ത്തിക് ഇടം നേടിയിരുന്നു.

ഇതോടെ പുതിയ നേട്ടമാണ് താരത്തെ തേടി എത്തിയിരിക്കുന്നത്. ടി-20 ഇന്റര്‍നാഷണലില്‍ ഏറ്റവുമധികം കാലം കളി തുടരുന്ന താരമെന്ന അപൂര്‍വ റെക്കോഡാണ് കാര്‍ത്തിക് തന്റെ പേരിലാക്കിയിരിക്കുന്നത്.

ഒന്നര ദശാബ്ധത്തിലധികമാണ് കാര്‍ത്തിക് ടി-20 ക്രിക്കറ്റില്‍ ഇന്ത്യയുടെ കരുത്തായി തുടരുന്നത്. ഇതോടെ വിന്‍ഡീസ് ഇതിഹാസ താരങ്ങളായ ക്രിസ് ഗെയ്‌ലിനെയും ഡ്വെയ്ന്‍ ബ്രാവോയെയും മറികടക്കാനും താരത്തിനായി.

അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കരിയര്‍

ദിനേഷ് കാര്‍ത്തിക് (ഇന്ത്യ) 15 വര്‍ഷവും 270 ദിവസവും

ഡ്വെയ്ന്‍ ബ്രാവോ (വെസ്റ്റ് ഇന്‍ഡീസ്) 15 വര്‍ഷവും 263 ദിവസവും.

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) 15 വര്‍ഷവും 263 ദിവസവും.

content highlight: Dinesh Karthik has the longest career in international T20 cricket

We use cookies to give you the best possible experience. Learn more