|

ഐ.പി.എല്ലില്‍ നിന്ന് പടിയിറങ്ങാനൊരുങ്ങി ഡി.കെ; വീഡിയോ വൈറല്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ ചരിത്രത്തില്‍ ഒമ്പതാം തവണയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു പ്ലേ ഓഫില്‍ പ്രവേശിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സിനോട് എലിമിനേറ്ററില്‍ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് ആണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. നിര്‍ണായക മത്സരത്തില്‍ എലിമിനേറ്ററില്‍ ബെംഗളൂരിനെ തുണയ്ക്കാന്‍ ആര്‍ക്കും തന്നെ സാധിക്കാതെ വരുകയായിരുന്നു. ഇതോടെ ഐ.പി.എല്‍ കിരീടത്തിന് വേണ്ടിയുള്ള ബെംഗളൂരിന്റെ കാത്തിരിപ്പ് നീളുകയാണ്. എന്നാല്‍ അതിലേറെ ആരാധകരെ ദു:ഖിപ്പിക്കുന്നത് ബെംഗളൂരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്ക് ഐ.പി.എല്ലില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ്.

സീസണ്‍ അവസാനത്തോടെ താന്‍ ഐ.പി.എല്ലില്‍ നിന്നും വിരമിക്കുമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. എലിമിനേറ്ററില്‍ ബെംഗളൂരു രാജസ്ഥാനോട് തോല്‍വി വഴങ്ങിയ ശേഷം ടീം അംഗങ്ങളോട് ആലിംഗനം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. കാര്‍ത്തിക് തന്റെ കീപ്പിംഗ് ഗ്ലൗസ് അഴിച്ചുമാറ്റി ആരാധകര്‍ക്ക് നേരെ നിറ കണ്ണുകളോടെ കൈവീശുന്നതും വീഡിയോയില്‍ കാണാം.

2024 ഐ.പി.എല്‍ സീസണില്‍ ബെംഗളൂരുവിന് വേണ്ടി 15 മത്സരങ്ങളില്‍ നിന്നും 326 റണ്‍സ് ആണ് ദിനേഷ് കാര്‍ത്തിക് അടിച്ചെടുത്തത്. അതില്‍ നിര്‍ണായകമായ 83 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം ടീമിന് വേണ്ടി നേടിയിരുന്നു. 36.22 എന്ന ആവറേജില്‍ 187.36 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു കാര്‍ത്തിക് ബാറ്റ് വീശിയത്. രണ്ട് ഫിഫ്റ്റിയും 27 ഫോറും 22 സിക്‌സും താരം സീസണില്‍ സ്വന്തമാക്കിയിട്ടുണ്ട്.

2008ലാണ് കാര്‍ത്തിക് തന്റെ ഐ.പി.എല്‍ കരിയര്‍ തുടങ്ങിയത്. ഇതുവരെ ഐ.പി.എല്ലില്‍ 257 മത്സരങ്ങളിലെ 234 ഇന്നിങ്‌സില്‍ നിന്നും 4842 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. അതില്‍ 97 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിട്ടുണ്ട്. ഇതുവരെ സെഞ്ച്വറികള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും 22 അര്‍ധ സെഞ്ച്വറി താരം നേടിയിട്ടുണ്ട്.

Content Highlight: Dinesh Karthik Going To Retire In IPL

Latest Stories

Video Stories