എഡ്ജ്ബാസ്റ്റണ്‍: കേദാര്‍ ജാദവിന് പകരം ദിനേശ് കാര്‍ത്തിക് ഇന്ന് കളത്തിലിറങ്ങുന്നത് തന്റെ കരിയറിലെ ആദ്യ ലോകകപ്പ് മത്സരത്തിന്. 2004ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായി അരങ്ങേറ്റം കുറിച്ച കാര്‍ത്തിക് ഇന്നേ വരെ ഇന്ത്യയ്ക്ക് വേണ്ടി ഒറ്റ ലോകകപ്പും കളിച്ചിട്ടില്ല.
2007ലെ ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന കാര്‍ത്തിക്കിന് ഒറ്റ മത്സരം പോലും കളിക്കാനായിരുന്നില്ല. അന്ന് ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായ ഇന്ത്യയ്ക്ക് വെറും മൂന്നു കളിയാണ് ഉണ്ടായിരുന്നത്. പിന്നീട് നടന്ന 2011, 2015 ലോകകപ്പുകളിലും കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഈ ലോകകപ്പില്‍ തന്നെ ഇന്ത്യയുടെ ഏഴ് മത്സരങ്ങള്‍ കഴിഞ്ഞ ശേഷമാണ് കാര്‍ത്തിക്കിനെ കളിപ്പിക്കുന്നത്. ലോകകപ്പ് ടീമില്‍ ധോണിയ്ക്ക് പകരക്കാരനായി റിഷഭ് പന്തിന് പകരമാണ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയത്.
ബംഗ്ലാദേശിനെതിരായുള്ള കാര്‍ത്തിക്കിന്റെ പരിചയം ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയക്ക് ഉപകാരപ്പെടും. 2018ല്‍ നടന്ന നിദാഹാസ് ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരായ കലാശപ്പോരാട്ടത്തില്‍ കാര്‍ത്തിക്ക് അവസാന പന്തില്‍ സിക്‌സറടിച്ച് ഇന്ത്യയെ ജയിപ്പിച്ചിരുന്നു.