രഞ്ജി ട്രോഫി സെമിഫൈനലില്‍ തമിഴ്നാടിനെ ഇന്നിങ്സിനും 70 റണ്‍സിനും പരാജയപ്പെടുത്തി 48ാം തവണയും മുംബൈ ഫൈനലില്‍ എത്തിയിരിക്കുകയാണ്. മാര്‍ച്ച് രണ്ടിന് തുടങ്ങിയ മത്സരത്തിലെ ആദ്യത്തെ ഇന്നിങ്സില്‍ തമിഴ്നാട് 146 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ തുടര്‍ ബാറ്റിങ്ങില്‍ 378 റണ്‍സാണ് മുംബൈ സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ തമിഴ്നാടിന് 162 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ 70 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സെമി ഫൈനലില്‍ മുംബൈ സ്വന്തമാക്കിയത്.
തമിഴ്നാടിന്റെ നാണംകെട്ട തോല്‍വിയെ തുടര്‍ന്ന് മുഖ്യ പരിശീലകന്‍ സുലക്ഷന്‍ കുല്‍ക്കര്‍ണി സായ് കിഷോറിനെ കുറ്റപ്പെടുത്തുകയുണ്ടായിരുന്നു. ടോസ് നേടിയ ടീം ആദ്യം പന്തെറിയണമെന്ന് കുല്‍ക്കര്‍ണി പറഞ്ഞു. എന്നാല്‍ സായി ചിന്തിച്ചത് മറ്റൊന്നാണ്. ഇതോടെ തോല്‍വിയുടെ പഴി താരത്തിന് കേള്‍ക്കേണ്ടി വരുകയായിരുന്നു.
‘ ആദ്യ ദിവസം ഒമ്പത് മണിക്ക് ഞങ്ങള്‍ തോറ്റു, വിക്കറ്റ് പോകുമ്പോള്‍ അടുത്തത് ഇനി എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഞങ്ങള്‍ക്ക് ടോസ് കിട്ടി, ഒരു പരിശീലകനെന്ന നിലയിലും ഒരു മുംബൈക്കാരന്‍ എന്ന നിലയിലും ഞാന്‍ സാഹചര്യങ്ങള്‍ മനസിലാക്കി. ഞങ്ങള്‍ ബൗള്‍ ചെയ്യണമായിരുന്നു. പക്ഷെ ക്യാപ്റ്റന്‍ മറ്റൊരു തീരുമാനമെടുക്കുകയായിരുന്നു,’ സുലക്ഷന്‍ കുല്‍ക്കര്‍ണി പറഞ്ഞു.
എന്നാല്‍ ഇതിന് പിന്നാലെ കോച്ചിന് മറുപടിയുമായി സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്ക്.
‘ഇത് വളരെ തെറ്റാണ്, ഏഴ് വര്‍ഷത്തിന് ശേഷം ടീമിനെ സെമിയില്‍ എത്തിച്ച ക്യാപ്റ്റനെ പിന്തുണക്കുന്നതിന് പകരം കുറ്റപ്പെടുത്തുന്നത് ശരിയല്ല. പരിശീലകന്‍ ടീമിനെയും ക്യാപ്റ്റനേയും ബസിനടിയിലേക്ക് തള്ളിവിടുകയാണ് ചെയ്തത്,’ ദിനേശ് എക്‌സില്‍ കുറിച്ചു.
Content Highlight: Dinesh Karthik criticizes Tamil Nadu Coach