|

അന്നും ഇന്നും എന്നും; ഇയാള്‍ക്ക് പ്രായമാകില്ലെ?

സ്പോര്‍ട്സ് ഡെസ്‌ക്

ഈ കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്ന പരമ്പരയില്‍. പല യുവതാരങ്ങല്‍ക്കും അവസരമൊരുങ്ങും.

ടീം പ്രഖ്യാപനത്തിലെ പ്രധാന ആകര്‍ഷണം 36 വയസുകാരനായ ദിനേഷ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയതാണ്. ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി മികച്ച പ്രകടനമാണ് കാര്‍ത്തിക്ക് ഈ വര്‍ഷം കാഴ്ചവെച്ചത്.

ഒരിടവേള ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരത്തില്‍ കമന്റേറ്ററായി കാര്‍ത്തിക്കിനെ കാണാമായിരുന്നു. എന്നാല്‍ ഈ സീസണിലെ പ്രകടനം അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നുകൊടുക്കുകയായിരുന്നു.

പതിനാറ് കൊല്ലം മുമ്പ് 2006 ലായിരുന്നു ഇന്ത്യ ആദ്യ അന്താരാഷ്ട്ര ട്വന്റി-20 മത്സരം കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ഇന്ത്യ ഏറ്റു മുട്ടിയത്.

വിരേന്ദര്‍ സേവാഗിന്റെ കീഴില്‍ കളിക്കാനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റിന് ജയിക്കുകയായിരുന്നു. 28 പന്തില്‍ 31 റണ്ണുമായി അന്നത്തെ കളിയിലെ താരമായത് ദിനേഷ് കാര്‍ത്തിക്കായിരുന്നു.

അന്ന് ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന തന്റെ സീനിയര്‍ താരങ്ങളും ജൂനിയര്‍ താരങ്ങളും കളി മതിയാക്കിയെങ്കിലും കാര്‍ത്തിക്ക് ഇന്നും പോരാടുന്നു. അന്ന് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കളിച്ചവരും ഇപ്പോള്‍ കളിക്കുന്നില്ല.

ധോണി യുഗത്തില്‍ അവസരങ്ങള്‍ നഷ്ടപെട്ട അസാമാന്യ ടാലന്റുള്ള വിക്കറ്റ് കീപ്പറായിരുന്നു കാര്‍ത്തിക്ക്.

2019ന് ശേഷം ആദ്യമായാണ് കാര്‍ത്തിക്ക് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ആര്‍.സി.ബിക്ക് വേണ്ടി ബാറ്റിംഗ്‌നിര തകരുമ്പോഴും അല്ലാത്തപ്പോഴും അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ഇന്നിംഗ്‌സുകളാണ്‌ കാര്‍ത്തിക്കിനെ ടീമിലെത്തിച്ചത്.

ഈ വര്‍ഷം ആര്‍.സി.ബിക്കായി 15 കളികളില്‍ നിന്നും 64 ശരാശരിയില്‍ 324 റണ്ണുകളാണ് കാര്‍ത്തിക്ക് അടിച്ചുകൂട്ടിയത്. 187-ാണ് താരത്തിന്റെ പ്രഹരശേഷി. ക്വാളിഫയര്‍ 2 വരെ എത്തിനില്‍ക്കുന്ന ആര്‍.സി.ബിയുടെ മുന്നേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ചത് കാര്‍ത്തിക്കിന്റെ ഈ പ്രകടനമാണ്.

കാര്‍ത്തിക്കില്‍ നിന്നും ടീം ഇന്ത്യ പ്രതീക്ഷിക്കുന്നതും ഇത് തന്നെയാണ്.

Content Highlights: dinesh karthik coming back to indian team