ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറെക്കാലം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്റെ റോളില്‍ തിളങ്ങിയ താരമാണ് ദിനേഷ് കാര്‍ത്തിക്. എന്നാല്‍ ധോണി ടീമിലെത്തിയതോടെയാണ് തന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സ്ഥാനം നഷ്ടമായത് എന്നാണ് താരം പറയുന്നത്. ആകാശ് ചോപ്രയുടെ യൂ ട്യൂബ് ചാനലില്‍ നല്‍കിയ ഇന്റര്‍വ്യൂയിലാണ് താരം തുറന്നുപറച്ചില്‍ നടത്തിയത്.
ധോണി അദ്ദേഹത്തിന്റെ സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ട് ടീമിലെ സ്ഥിരസാനിധ്യമായി മാറിയതോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ തനിക്ക് ടീമില്‍ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.
കാലങ്ങള്‍ക്ക് ശേഷമാണ് നമുക്ക് നല്ലൊരു വിക്കറ്റ് കീപ്പറെ ലഭിക്കുന്നത്. നല്ല രീതിയിലുള്ള പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെങ്കില്‍ വര്‍ഷങ്ങളോളം നിങ്ങള്‍ക്ക് ടീമിന്റെ ഭാഗമാകാന്‍ സാധിക്കുമെന്നും ദിനേഷ് കാര്‍ത്തിക് പറഞ്ഞു. ഗില്‍ക്രിസ്റ്റിനെ പോലെയും ഇയാന്‍ ഹെയ്ലിയെ പോലെയും കഴിവുറ്റ വിക്കറ്റ് കീപ്പറാണ് ധോണിയെന്നും ദിനേഷ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടില്ലാത്ത ദിനേഷ് കാര്‍ത്തിക് കമന്റേറ്ററുടെ റോളിലാണ് ഇപ്പോള്‍ സജീവമായിട്ടുള്ളത്. സതാംപ്ടണില്‍ വെച്ച് നടന്ന ഇന്ത്യ ന്യൂസിലാന്റ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കമന്റേറ്ററായി അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.
നിങ്ങള്‍ കഴിവുള്ള ഒരു ബാറ്റ്സ്മാനാണ് എന്ന ദ്രാവിഡിന്റെ വാക്കുകളാണ് തന്നെ ഒരു ബാറ്റ്സ്മാന്‍ എന്ന നിലയില്‍ വളരാന്‍ സഹായിച്ചതെന്നും താരം ഇന്റര്‍വ്യൂയില്‍ പറഞ്ഞു. നിലവില്‍ ഐ.പി.എല്ലില്‍ കൊല്‍ക്കെത്ത നൈറ്റ്റൈഡേഴ്സിന്റെ താരമാണ് ദിനേഷ് കാര്‍ത്തിക്.