കട്ടക്ക്: മലയാളി ക്രിക്കറ്റ് പ്രേമികളെല്ലാം ഇന്ന് ഉറ്റു നോക്കുന്നത് ഒരാളിലേക്കാണ്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20യിലൂടെ ബേസില്‍ തമ്പി എന്ന മലയാളി താരം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുമോ എന്നാണ് എല്ലാവരും നോക്കുന്നത്. ആ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്ന വാക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്.
കട്ടക്കിലെ നെറ്റ്‌സ് പ്രാക്ടീസാണ് ദിനേശ് കാര്‍ത്തികിന്റെ വാക്കുകള്‍ക്ക് ആധാരം. പ്രതിഭയുള്ള ബൗളറാണ് ബേസിലെന്നും പ്രത്യേകിച്ചും ട്വന്റി-20 ഫോര്‍മാറ്റില്‍ തിളങ്ങാന്‍ അവന് കഴിയുമെന്നും ദിനേശ് കാര്‍ത്തിക് പറയുന്നു. യോര്‍ക്കര്‍ പന്തുകളിലെ സ്ഥിരതയും അതോടൊപ്പം സ്ലോ ബൗളുകള്‍ എറിയാനുമുള്ള ബേസിലിന്റെ കഴിവ് അതിശയിപ്പിക്കുന്നതാണെന്നും ദിനേശ് പറയുന്നു. വൈകാതെ തന്നെ ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായി മാറാന്‍ തമ്പിയ്ക്ക് കഴിയുമെന്നാണ് താരത്തിന്റെ അഭിപ്രായം.
ബേസില്‍ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറിയാല്‍ ടിനു യോഹന്നാന്‍, ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് ശേഷം ടീം ഇന്ത്യയിലെത്തുന്ന മലയാളി താരമാകും. അതേസമയം, സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് കട്ടക്കിലെ ബാരാബതി സ്റേഡിയത്തിലേത് എന്നാണ് സൂചന.
പരീക്ഷണങ്ങള്‍ക്ക് മുതിരാതെ രണ്ട് സ്പിന്നര്‍മാരും രണ്ട് പേസ് ബൗളര്‍മാരും എന്ന ഫോര്‍മുലയായിരിക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സ്വീകരിക്കുക. പേസ് ബൗളര്‍മാരില്‍ ജസ്പീത് ബുംറ ടീമിലുണ്ടാകുമെന്നുറപ്പാണ്.