| Monday, 24th July 2023, 7:27 pm

ഗംഭീര ക്യാപ്റ്റന്‍സി, കിടിലന്‍ മൂവ്; രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി കാര്‍ത്തിക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് മത്സരം വളരെ ആവേശകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഒരു ഇന്നിങ്‌സിനും 141 റണ്‍സിനും ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ മികച്ച പോരാട്ടമാണ് വിന്‍ഡീസ് നിലവില്‍ കാഴ്ചവെക്കുന്നത്.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 438 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 229 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ആതിഥേയര്‍ കളിക്കുന്നത്.

സമനിലക്ക് വേണ്ടിയാണ് വെസ്റ്റ് ഇന്‍ഡീസ് ശ്രമിക്കുന്നതെന്നാണ് നിരീക്ഷണം. ഒന്നാം ഇന്നിങ്‌സില്‍ ആദ്യം മികച്ച പ്രകനം കാഴ്ചവെച്ച വസ്റ്റ് ഇന്‍ഡീസിനെ പിന്നീട് സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായി. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങളെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററ്റായ ദിനേഷ് കാര്‍ത്തിക്. ക്രിക് ബസിനോട് സംസാരിക്കവെയാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ കാര്‍ത്തിക്ക് പുകഴ്ത്തിയത്.

ട്രിനിഡാഡിലെ ഡെഡ് പിച്ചില്‍ രോഹിത് ബൗളര്‍മാരെ മികച്ച രീതിയിലാണ് ഉപയോഗിച്ചതെന്നും കൃത്യമായി ബൗളര്‍മാരെ ഉപയോഗിച്ചെന്നും കാര്‍ത്തിക്ക് അഭിപ്രായപ്പെട്ടു.

‘രഞ്ജി ട്രോഫിയില്‍ നിരവധി തവണ ഡെഡ് പിച്ചുകളില്‍ ബാറ്റ് ചെയ്തിട്ടുള്ളയാളാണ് ഞാന്‍. ട്രിനിഡാഡിലെ പിച്ച് അത്തരത്തിലുള്ളതാണെന്നാണ് കരുതുന്നത്. രോഹിത് ശര്‍മ പേസ് ബൗളര്‍മാരെ നന്നായി കൈകാര്യം ചെയ്തു. കൃത്യമായ സമയത്ത് സ്പെല്ലുകള്‍ മാറ്റി. പേസര്‍മാരെ അനുയോജ്യമായ സമയത്ത് തിരിച്ചുവിളിച്ചു. സ്പിന്നര്‍മാരെ കൃത്യമായി ഉപയോഗിക്കാനും രോഹിത്തിനായി. പന്തിന് നല്ല റിവേഴ്സ് സ്വിങ് ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ മുഹമ്മദ് സിറാജിനെ പന്തേല്‍പ്പിച്ചു. അവന്‍ നന്നായി പന്തെറിയുകയും ചെയ്തു. എന്നാല്‍ പ്രതിരോധിച്ച് കളിക്കണമെന്ന് അടിയുറച്ച് വിശ്വസിച്ച് ബാറ്റുചെയ്യുന്ന വിന്‍ഡീസ് താരങ്ങള്‍ക്കെതിരെ വിക്കറ്റ് നേടിയെടുക്കുക പ്രയാസമായിരിക്കുമെന്ന് പറയാം,’ കാര്‍ത്തിക്ക് പറഞ്ഞു.

‘മത്സരം നടന്നിട്ട് മൂന്ന് ദിവസമേ ആയുള്ളു. അതുകൊണ്ടുതന്നെ ഇന്ത്യ ജയിക്കാന്‍ വളരെ വളരെ സാധ്യതകളുണ്ട്. സമനില സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍ ഇന്ത്യ വിജയത്തിനായാണ് പോരടിക്കുന്നത്. വേഗത്തില്‍ അടുത്ത അഞ്ച് വിക്കറ്റ് വീഴ്ത്താനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. അടുത്ത 40-45 ഓവറിനുള്ളില്‍ ഇത് സംഭവിക്കേണ്ടതായുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവരാനും സാധ്യതയുണ്ട്,’ താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Dinesh Karthik applauses Rohit Sharma’s Captaincy

We use cookies to give you the best possible experience. Learn more