| Sunday, 11th August 2024, 3:21 pm

എനിക്ക് അത്രയും ആത്മവിശ്വാസമുണ്ട്, ലങ്കയില്‍ കണ്ട ഇന്ത്യയെ അല്ല നിങ്ങള്‍ അവിടെ കാണുക: ഡി.കെ

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട 27 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ ഒരു ഏകദിന പരമ്പരയില്‍ പരാജയപ്പെടുന്നത്. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് തോല്‍ക്കുകയായിരുന്നു.

മൂന്ന് മത്സരത്തില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ പരമ്പര അടിയറവ് വെച്ചത്. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം മത്സരം 32 റണ്‍സിലും അവസാന മത്സരം 110 റണ്‍സിനും പരാജയപ്പെട്ടു.

എന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ശക്തമായി തന്നെ തിരിച്ചുവരുമെന്നാണ് ദിനേഷ് കാര്‍ത്തിക് വിശ്വസിക്കുന്നത്. ശ്രീലങ്കയില്‍ കണ്ട ഇന്ത്യയെയായിരിക്കില്ല ഐ.സി.സി ഇവന്റില്‍ കാണുക എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്രിക്ബസ്സിലെ ‘ഹേയ് സി.ബി വിത്ത് ഡി.കെ’ എന്ന ടോക് ഷോയിലാണ് ദിനേഷ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.

‘ഹെലോ ഡി.കെ. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കും ഏകദിന ലോകകപ്പിനുമുള്ള ടീമില്‍ ഇടം നേടാന്‍ യുവതാരങ്ങള്‍ എന്തുചെയ്യണം,’ എന്ന ആരാധകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘നമുക്ക് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് തന്നെ തുടങ്ങാം. തുടക്കമെന്ന നിലയില്‍ ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഒരുപാട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനുണ്ട്.

ഇക്കാരണം കൊണ്ടുതന്നെ അടുത്ത പരമ്പരയില്‍ ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ കാണാന്‍ നമുക്ക് സാധിക്കും. ഇംഗ്ലണ്ടിനെതിരെ അടുത്ത വര്‍ഷമാണ് ആ പരമ്പരയുള്ളത്. അതിനായി ഇനിയും സമയമുണ്ട്.

എനിക്ക് വളരെയധികം ആത്മവിശ്വാസമുണ്ട്. ശ്രീലങ്കയില്‍ കണ്ട ആ ടീമിനെയായിരിക്കില്ല നിങ്ങള്‍ അടുത്ത പരമ്പരയില്‍ കാണുക. ചില മാറ്റങ്ങള്‍ ഉറപ്പായും ഉണ്ടാകും.

ബിഗ് ഇവന്റ് മാച്ചുകളിലേക്ക് വരുമ്പോള്‍ ഇന്ത്യ ബീസ്റ്റ് മോഡിലുള്ള ഇന്ത്യയാകുന്നത് കാണാറില്ലേ, ആ സ്ഥലത്തേക്ക് ഇന്ത്യ എത്തുമെന്ന് എനിക്കിപ്പോള്‍ നിങ്ങളോട് പറയാന്‍ സാധിക്കും,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

സെപ്റ്റംബര്‍ 19 നാണ് ഇന്ത്യ ആദ്യ പരമ്പരക്കിറങ്ങുന്നത്. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുക. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരക്കാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ പര്യടനം നടത്തുന്നത്.

ചെപ്പോക്കാണ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് വേദിയാകുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പരമ്പരയിലെ രണ്ടാം മത്സരം. ഗ്രീന്‍ പാര്‍ക്കാണ് വേദി.

ടെസ്റ്റ് പരമ്പരക്ക് പിന്നാലെ മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരയും ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കും.

ഒക്ടോബര്‍ 16നാണ് ഇന്ത്യ അടുത്ത റെഡ് ബോള്‍ സീരീസിനിറങ്ങുന്നത്. സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റാണ് കിവികള്‍ ഇന്ത്യക്കെതിരെ കളിക്കുക.

നവംബര്‍ 22ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്ക് പറക്കും മുമ്പേ പ്രോട്ടിയാസിനെതിരെ നാല് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയും ഇന്ത്യ കളിക്കും.

അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസീസ് മണ്ണില്‍ കളിക്കുക. ഒപ്റ്റസ് സ്റ്റേഡിയമാണ് ആദ്യ ടെസ്റ്റിന് വേദിയാകുന്നത്.

രണ്ടാം മത്സരം അഡ്‌ലെയ്ഡിലും മൂന്നാം മത്സരം ഗാബയിലും അവസാന ടെസ്റ്റ് സിഡ്നിയിലും നടക്കും. മെല്‍ബണിലാണ് ബോക്സിങ് ഡേ ടെസ്റ്റ് അരങ്ങേറുന്നത്.

ഫെബ്രുവരി 19നാണ് ചാമ്പ്യന്‍സ് ട്രോഫി അരങ്ങേറുന്നത്. അതിന് മുമ്പ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന-ടി-20 പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ കളിക്കുന്ന ഏക ഏകദിന പരമ്പരയാണിത്. ഫെബ്രുവരി 6,9, 12 തീയ്യതികളിലായാണ് മത്സരം അരങ്ങേറുക.

Content Highlight: Dinesh Karthik about team India

We use cookies to give you the best possible experience. Learn more