| Thursday, 2nd February 2023, 10:30 pm

മൂന്നാം നമ്പറില്‍ അവനല്ലാതെ മറ്റാരാണ് ഫസ്റ്റ് ചോയ്‌സ്? ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് വേണ്ടതും അതാണ്; ത്രിപാഠിയെ പുകഴ്ത്തി ദിനേഷ് കാര്‍ത്തിക്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റില്‍ വിരാട് കോഹ്‌ലി ടീമില്‍ തിരിച്ചെത്തുന്നില്ലെങ്കില്‍ സൂപ്പര്‍ താരം രാഹുല്‍ ത്രിപാഠിയെ മൂന്നാം നമ്പറില്‍ നിലനിര്‍ത്തണമെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്. ഐ.സി.സി ഇവന്റുകളില്‍ ത്രിപാഠിയെ പോലെ ഒരു താരം ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരിക്കണമെന്നും ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

ക്രിക് ബസ്സിലെ ചര്‍ച്ചക്കിടെയായിരുന്നു കാര്‍ത്തിക് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

വിരാടിന്റെ അഭാവത്തില്‍ ഇന്ത്യയുടെ വണ്‍ ഡൗണ്‍ ബാറ്ററാകാന്‍ ത്രിപാഠി അനുയോജ്യനാണെന്നും സെല്‍ഫ്‌ലെസ്സായിട്ടാണ് രാഹുല്‍ ത്രിപാഠി ബാറ്റ് ചെയ്യുന്നതെന്നും ഡി.കെ പറഞ്ഞു.

‘രാഹുല്‍ ത്രിപാഠി ഇന്ത്യയുടെ മൂന്നാം നമ്പര്‍ സ്ഥാനത്തിന് എന്തുകൊണ്ടും അര്‍ഹനാണ്. വിരാട് കോഹ്‌ലി കളിക്കാനുണ്ടെങ്കില്‍ ആ സ്ഥാനം വിരാടിന് തന്നെ നല്‍കണം. അഥവാ വിരാട് ഇല്ലെങ്കില്‍ ത്രിപാഠി തന്നെയാണ് ഫസ്റ്റ് ചോയ്‌സ്, അല്ലാതെ മറ്റെവിടെയെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചവരല്ല.

ത്രിപാഠി വളരെ മികച്ച താരമാണ്. സെല്‍ഫ്‌ലെസ്സായിട്ടാണ് അവന്‍ ബാറ്റ് വീശുന്നത്. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുമ്പോള്‍ ഇന്ത്യക്കാവശ്യവും ഇതുപോലുള്ള മനോഭാവമാണ്,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി-20യില്‍ ഗില്ലിന് പുറമെ ത്രിപാഠിയുടെ വെടിക്കെട്ടിനായിരുന്നു ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. 22 പന്തില്‍ നിന്നും 200 സ്‌ട്രൈക്ക് റേറ്റില്‍ 44 റണ്‍സാണ് ത്രിപാഠി നേടിയത്. ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം മത്സരത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറും ത്രിപാഠിയുടെ ബാറ്റില്‍ നിന്നുമായിരുന്നു പിറന്നത്.

വളരെ വൈകി മാത്രം ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് രാഹുല്‍ ത്രിപാഠി. ഇന്ത്യയുടെ വിവിധ പര്യടനങ്ങളുടെ ഭാഗമായെങ്കിലും തന്റെ 32ാം വയസിലാണ് ത്രിപാഠി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു ത്രിപാഠി ആദ്യമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

കുറച്ചു കാലത്തേക്കെങ്കിലും ടി-20യില്‍ മികച്ച വണ്‍ ഡൗണ്‍ ബാറ്ററുടെ കുറവ് നികത്താന്‍ ത്രിപാഠിക്ക് സാധിക്കുമെന്നുറപ്പാണ്. നിലവില്‍ 32 വയസുള്ള ത്രിപാഠിയെ പ്രായം തളര്‍ത്താതിരുന്നാല്‍ ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്നത് മൂന്നാം നമ്പറില്‍ മറ്റൊരു ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്ററുടെ സേവനം തന്നെയായിരിക്കും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ത്രിപാഠിയുടെ അഞ്ചാമത് മത്സരമായിരുന്നു ഗുജറാത്തിലേത്. 144.8 പ്രഹരശേഷിയില്‍ 97 റണ്‍സാണ് ത്രിപാഠി സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ നിലവില്‍ സണ്‍റൈസേഴ്‌സിന്റെ താരമായ ത്രിപാഠി 74 മത്സരത്തില്‍ നിന്നും 1798 റണ്‍സാണ് നേടിയത്.

Content highlight: Dinesh Karthik about Rahul Thripathi

We use cookies to give you the best possible experience. Learn more