മികച്ച പേസ് ബൗളര്‍മാരാല്‍ സമ്പന്നമാണ് നിലവിലെ ഇന്ത്യന്‍ ടീം. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക് മുതലായ യുവതാരങ്ങള്‍ മുതല്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി വരെ എത്തിനില്‍ക്കുന്ന പരിചയസമ്പന്നര്‍ വരെയെത്തിനില്‍ക്കുന്നതാണ് ഇന്ത്യയുടെ ബൗളിങ് യൂണിറ്റ്.
എന്നാല്‍ താന്‍ നെറ്റ്‌സില്‍ നേരിട്ടതില്‍ ഏറ്റവും ടഫസ്റ്റായ ബൗളറെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ വെറ്ററന്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ദിനേഷ് കാര്‍ത്തിക്.
മുഹമ്മദ് ഷമിക്കെതിരെ നെറ്റ്‌സില്‍ കളിക്കുന്നതാണ് ഏറ്റവും കടുപ്പമേറിയതെന്നും അത് ഒരു ടോര്‍ച്ചര്‍ തന്നെയാണെന്നുമാണ് ദിനേഷ് കാര്‍ത്തിക് പറയുന്നത്. താന്‍ മാത്രമല്ല വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും വരെ നെറ്റ്‌സില്‍ ഷമിയെ നേരിടാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ക്രിക്ബസ്സിലെ റൈസ് ഓഫ് ന്യൂ ഇന്ത്യ എന്ന പരിപാടിക്കിടെയായിരുന്നു കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.
‘ഷമിയെ വിശേഷിപ്പിക്കാന്‍ ഏകെങ്കിലും ഒരു വാക്ക് പറയാന്‍ ആവശ്യപ്പെട്ടാല്‍ അത് ‘ടോര്‍ച്ചര്‍ ഷമി’ എന്നായിരിക്കും. കാരണം എന്റെ കരിയറിലുടനീളം ഞാന്‍ നെറ്റ്‌സില്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും ടഫസ്റ്റായ ബൗളറാണ് ഷമി. മത്സരങ്ങളിലും അവന്‍ എന്നെ പലപ്പോഴായി പുറത്താക്കിയിട്ടുണ്ട്.
നെറ്റ്‌സില്‍ അവനെതിരെ കളിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ഈ അനുഭവം എനിക്ക് മാത്രമാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അങ്ങനെ ആയിരുന്നില്ല.
ഞാന്‍ വിരാടിനോടും രോഹിത് ശര്‍മയോടും ഇക്കാര്യത്തെ കുറിച്ച് ചോദിച്ചു. അവര്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ്. എന്നാല്‍ നെറ്റ്‌സില്‍ ഷമിയെ ഫേസ് ചെയ്യുന്നത് അവരും വെറുത്തിരുന്നു,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
നെറ്റ്‌സില്‍ പന്തെറിയുമ്പോള്‍ ഷമി വളരെയധികം ആക്രമണകാരിയായിരുന്നുവെന്നും തന്റെ എല്ലാ ശക്തിയും ഉപയോഗിച്ചാണ് അവന്‍ പന്തെറിയാറുള്ളതെന്നും കാര്‍ത്തിക് പറഞ്ഞു.
‘ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് പന്ത് റിലീസ് ചെയ്യുമ്പോഴുള്ള റെവ് 1000 ആര്‍.പി.എമ്മിന് അടുത്താണ്. എന്നാല്‍ ഷമിയെ സംബന്ധിച്ച് ഇത് 1500 മുതല്‍ 1600 വരെയാണ്. ഇതാണ് ഷമിയെ സ്‌പെഷ്യലാക്കുന്നത്. അവനെതിരെ അക്ഷരാര്‍ത്ഥത്തില്‍ നമുക്ക് കളിക്കാന്‍ സാധിക്കില്ല,’ കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
Content Highlight: Dinesh Karthik about Mohammed Shami