Advertisement
IPL
കുല്‍ദീപിന്റെ ജീവിതത്തിലെ മോശം വ്യക്തി ഞാനായിരിക്കും, അവന്‍ ഇതൊക്കെ മനസിലാക്കുമെന്നാണ് ഞാന്‍ കരുതുന്നത്: ദിനേഷ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 09, 02:49 pm
Tuesday, 9th April 2024, 8:19 pm

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവിനൊപ്പം കളിക്കുമ്പോഴുള്ള അനുഭവം പങ്കുവെച്ച് മുന്‍ നൈറ്റ് റൈഡേഴ്‌സ് നായകനും റോയല്‍ ചലഞ്ചേഴ്‌സ് സൂപ്പര്‍ താരവുമായ ദിനേഷ് കാര്‍ത്തിക്. കൊല്‍ക്കത്ത നായകനായിരിക്കെ കുല്‍ദീപ് യാദവിനോട് പരുഷമായി പെരുമാറേണ്ട സാഹചര്യമുണ്ടായിരുന്നെന്നാണ് ദിനേഷ് കാര്‍ത്തിക് പറയുന്നത്.

രാജസ്ഥാന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിനുമായി സംസാരിക്കവെയാണ് ദിനേഷ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.

 

 

‘ഒരു ഫ്രാഞ്ചൈസിയെ നയിക്കുക എന്നത് തീര്‍ത്തും വ്യത്യസ്തമായ ഒരു ജോലിയാണ്. മറ്റ് വ്യക്തികളുമായി ഇടപഴകുന്നത് നിങ്ങള്‍ക്ക് വളരെ വലിയ വെല്ലുവിളിയായി അനുഭവപ്പെടും.

നിങ്ങള്‍ക്ക് അവരോട് വളരെ സത്യസന്ധത പുലര്‍ത്താം. ഒരു ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ചില സൗഹൃദങ്ങളും നഷ്ടപ്പെടും

ഞാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്ന കാലത്ത് കുല്‍ദീപ് യാദവ് ഇപ്പോഴുള്ളതുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല. അദ്ദേഹവുമായി കടുത്ത ഭാഷയില്‍ എനിക്ക് സംസാരിക്കേണ്ടി വന്നിരുന്നു.

ആ സാഹചര്യത്തില്‍ ഇതൊന്നും അവന്‍ അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് അവനോട് മോശമായി പെരുമാറേണ്ടി വന്നിരുന്നു.

ഒരിക്കലും ഞാന്‍ അവനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ഇത്തരം സംസാരങ്ങള്‍ ഉണ്ടായത് പ്രകടനത്തിന്റെ പേരില്‍ മാത്രമാണ്. കുല്‍ദീപിന്റെ കരിയറില്‍ കണ്ടതില്‍ ഒരു മോശം വ്യക്തിയാവും ഞാന്‍ എന്നാണ് എനിക്ക് തോന്നുന്നത്.

കുല്‍ദീപിന് ഇത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ആ പ്രയാസകരമായ സമയങ്ങള്‍ അവനെ ഇന്ന് മികച്ച ബൗളറാക്കിയെന്നാണ് ഞാന്‍ കരുതുന്നത്.

അവന്റെ ജീവിതത്തിലെ മോശം കാലഘട്ടത്തിലാണ് ഞാന്‍ അവനൊപ്പമുണ്ടായിരുന്നത്. അതെന്റെ നിര്‍ഭാഗ്യമാണ്.

 

ഞാന്‍ എന്താണ് ചെയ്തതെന്ന് അവന്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ടീമിന് വേണ്ടിയാണ് നിങ്ങള്‍ ആ തീരുമാനങ്ങളെടുത്തത്. അല്ലാതെ വ്യക്തിപരമായി ഒന്നും തന്നെയില്ല,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

ഈ മോശം കാലഘട്ടത്തില്‍ നിന്നും കുല്‍ദീപ് യാദവ് ശക്തമായി തിരിച്ചുവന്നിരുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പവും ഇന്ത്യന്‍ ദേശീയ ടീമിനൊപ്പവും മികച്ച പ്രകടനം കാഴ്ചവെച്ച താരം ഐ.പി.എല്ലിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായി സ്വയം അടയാളുപ്പെടുത്തുകയും ചെയ്തിരുന്നു.

 

Content highlight: Dinesh Karthik about Kuldeep Yadav