ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പര നടക്കാനിരിക്കുകയാണ്. ഡിസംബര്‍ 14നാണ് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. നേരത്തെ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ പരിക്കേറ്റ രോഹിത് ശര്‍മക്ക് പകരം കെ.എല്‍. രാഹുലാണ് ഇന്ത്യന്‍ നിരയെ നയിക്കുക.
രോഹിത് ശര്‍മക്ക് പുറമെ പേസര്‍മാരായ കുല്‍ദീപ് സെന്നിനും ദീപക് ചഹറിനും പരിക്കേറ്റിരുന്നു. ഇവര്‍ നിലവില്‍ എന്‍.സി.എയിലാണ്.
പകരക്കാരന്റെ റോളിലാണ് പേസറായ ജയ്‌ദേവ് ഉനദ്കട് ടീമില്‍ സ്ഥാനം പിടിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനവും വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയെ കിരീടം ചൂടിച്ചതുമാണ് ഉനദ്കടിന് ഗുണമായത്.
എന്നാല്‍ താരത്തിന് ഈ പരമ്പരയിലെ ഒറ്റ മത്സരം പോലും കളിക്കാന്‍ സാധിച്ചേക്കില്ലെന്ന് പറയുകയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേഷ് കാര്‍ത്തിക്. ഉമേഷ് യാദവും മുഹമ്മദ് സിറാജും ഷര്‍ദുല്‍ താക്കൂറുമടങ്ങുന്ന ടീമില്‍ ഉനദ്കടിന്റെ സ്ഥാനം ബെഞ്ചിലാവാന്‍ സാധ്യതയുണ്ടെന്നാണ് കാര്‍ത്തിക് പറയുന്നത്.
ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.
‘സത്യസന്ധമായി പറയുകയാണെങ്കില്‍ എനിക്ക് തോന്നുന്നത് ഉനദ്കട് ഈ പരമ്പര കളിക്കില്ല എന്നുതന്നെയാണ്. ടീമിനൊപ്പം ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരുണ്ട്. ഇക്കാരണംകൊണ്ടു തന്നെ ഉനദ്കട് ഈ പരമ്പരയില്‍ കളിക്കാതിരിക്കാന്‍ സാധ്യതകളേറെയാണ്. പക്ഷേ അത് ഓകെയാണെന്നാണ് എനിക്ക് തോന്നുന്നത്.
ഇതിലെ മറ്റൊരു വസ്തുതയെന്തെന്നാല്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കാന്‍ അവന് ഒരു അവസരം ലഭിച്ചിരിക്കുകയാണ്. അത് വളരെ വലിയ കാര്യമാണ്. ടീമിന്റെ ഭാഗമായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
ഷമിയും ബുംറയും തിരിച്ചെത്തുന്നതോടെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള പരമ്പരയില്‍ ടീമില്‍ പോലും അവന്‍ ഉണ്ടായേക്കില്ല,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
ഡിസംബര്‍ 14ന് ആരംഭിക്കുന്ന പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്. നേരത്തെ, ഏകദിന പരമ്പരയില്‍ നാണംകെട്ട് പരമ്പര തോറ്റ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ടെസ്റ്റ് പരമ്പര ജയിക്കേണ്ടത് അഭിമാനത്തിന്റെ കൂടി പ്രശ്നമാണ്.
എന്നാല്‍ പരമ്പര വിജയം മാത്രമല്ല ഇന്ത്യക്ക് മുമ്പിലുള്ളത്. ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ഒറ്റ മത്സരത്തില്‍ തോറ്റാല്‍ പോലും ഇന്ത്യയുടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മോഹങ്ങള്‍ തച്ചുടക്കപ്പെടും. കിരീട സാധ്യത സജീവമാക്കി നിര്‍ത്താന്‍ ഇന്ത്യക്ക് ഈ വിജയം അനിവാര്യമാണ്.
ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയടക്കം ആറ് മത്സരങ്ങളാണ് ഇന്ത്യയുടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ബാക്കിയുള്ളത്. ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരക്ക് ശേഷം ഓസ്ട്രേലിയക്കെതിരെ നാല് മത്സരങ്ങളുടെ പരമ്പരയുമാണ് ഇന്ത്യ കളിക്കുക.
ബാക്കിയുള്ള ആറ് മത്സരത്തില്‍ അഞ്ചിലും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കാന്‍ സാധിക്കൂ. കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടപ്പെടുത്തിയ കിരീടം തിരിച്ചുപിടിക്കണമെങ്കില്‍ ഇന്ത്യക്ക് ഏറെ കഷ്ടപ്പെടേണ്ടി വരും.