കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഒറ്റ വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ലിട്ടണ്‍ ദാസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ബൗളര്‍മാരും പുറത്തെടുത്തത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ഇന്ത്യന്‍ നിര ആകെ പരുങ്ങി.
ഒടുവില്‍ 186 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടാവുകയായിരുന്നു.
മത്സരത്തില്‍ ബംഗ്ലാദേശ് ബൗളിങ്ങിന് മുമ്പില്‍ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിയുകയായിരുന്നു. പത്ത് ഓവര്‍ പന്തെറിഞ്ഞ് കേവലം 36 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുന്‍ നായകന്‍ ഷാകിബ് അല്‍ ഹസനും 8.2 ഓവറില്‍ 47 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ എദാബോത് ഹുസൈനുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.
എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ പരാജയം ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുണയാകുമെന്നാണ് ഇന്ത്യയുടെ വെറ്ററന്‍ താരമായ ദിനേഷ് കാര്‍ത്തിക് അഭിപ്രായപ്പെടുന്നത്.
‘ഇത്തരത്തിലുള്ള മത്സരങ്ങളാണ് ഇന്ത്യക്ക് ആവശ്യമുള്ളത്. ഇതെല്ലാം അടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന 50 ഓവര്‍ ലോകകപ്പില്‍ ടീമിന് തുണയാകും.
മത്സരത്തിലേക്ക് കടക്കുമ്പോള്‍ സമ്മര്‍ദ്ദമേറിയ പല ഘട്ടങ്ങളിലും നിങ്ങളെ സ്വയം പരീക്ഷിക്കേണ്ടതുണ്ട്. അത് അടുത്ത് വര്‍ഷം നിങ്ങളില്‍ പോസിറ്റീവായ ഒരു ഇംപാക്ട് ഉണ്ടാക്കും,’ ദിനേഷ് കാര്‍ത്തിക് പറയുന്നു.
‘ടീമിന്റെ മിഡില്‍ ഓര്‍ഡറിന് ഒരു അവസരം ലഭിച്ചു. ഇന്ത്യ മത്സരത്തില്‍ തോറ്റു. സമ്മര്‍ദ്ദമേറിയ ഒരു സന്ദര്‍ഭത്തില്‍ എങ്ങനെ കളിക്കണമെന്ന് ബാറ്റര്‍മാര്‍ക്ക് മനസിലാവേണ്ടതുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 186 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.
ഇന്ത്യയെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ടെങ്കിലും ബംഗ്ലാദേശിനും ചെയ്സിങ് എളുപ്പമായിരുന്നില്ല. ഒടുവില്‍ 46 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഏറെ പണിപ്പെട്ടാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്.
വിജയത്തിന് 51 റണ്‍സ് അകലെ ബംഗ്ലാദേശിന് തങ്ങളുടെ ഒമ്പതാം വിക്കറ്റ് നഷ്ടമായിരുന്നു. എന്നാല്‍ അവസാന ബാറ്ററായ മുസ്തഫിസുര്‍ റഹ്മാനെ കൂട്ടുപിടിച്ച് മെഹിദി ഹസന്‍ ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചു.
136 റണ്‍സില്‍ ആരംഭിച്ച ആ കൂട്ടുകെട്ട് ബംഗ്ലാദേശിന്റെ വിജയത്തിലാണ് ചെന്നവസാനിച്ചത്.
39 പന്തില്‍ നിന്നും 38 റണ്‍സുമായി ഹസനും 11 പന്തില്‍ നിന്നും 10 റണ്‍സുമായി മുസ്തഫിസുര്‍ റഹീമും പുറത്താകാതെ നിന്നു.
ചെയ്‌സിങ്ങിലെ മികച്ച പ്രകടനത്തിലൂടെ ടീമിനെ വിജയിപ്പിക്കുകയും ഒപ്പം ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്ത ഹസന്‍ തന്നെയായിരുന്നു കളിയിലെ താരം.