ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയെ പുകഴ്ത്തി വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്. ഐ.പി.എല്‍ തന്റെ ഫോര്‍മാറ്റ് അല്ലെന്ന് മനസിലാക്കിയ പൂജാര പ്രീമിയര്‍ ലീഗ് കളിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നും തന്നെ സന്തോഷിപ്പിക്കുന്നതെന്തോ അത് ചെയ്യുകയാണെന്നും ദിനേഷ് കാര്‍ത്തിക് അഭിപ്രായപ്പെടുന്നു.
ക്രിക് ബസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിനേഷ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.
‘തുറന്നുപറയുകയാണെങ്കില്‍ അവന് ഐ.പി.എല്‍ കളിക്കാന്‍ ആഗ്രഹമില്ലെന്നാണ് എനിക്ക് തോന്നുന്നത്. കുറച്ചുകാലം അവന്‍ കളിച്ചു. എന്നാല്‍ ഇത് തനിക്ക് പറ്റിയതല്ല എന്ന കാര്യം മനസിലാക്കി. സമ്മറില്‍ ഇംഗ്ലണ്ടില്‍ ധാരാളം സമയം ചെലവഴിച്ചു, ധാരാളം ക്രിക്കറ്റ് കളിച്ചു, സ്വന്തം കഴിവുകളെ മെച്ചപ്പെടുത്തി.
തന്റെ കരിയറിന്റെ ഈ സമയത്ത് അവന്‍ എന്തെങ്കിലും കാര്യം തെളിയിക്കാന്‍ ശ്രമിക്കുകയല്ല. നിങ്ങള്‍ എവിടെ ബാറ്റ് ചെയ്യുന്നു? എവിടെ ബാറ്റ് ചെയ്യുമ്പോഴാണ് നിങ്ങള്‍ അത് ആസ്വദിക്കുന്നത്? ഏത് രീതിയില്‍ കളിക്കുമ്പോഴാണ് ആളുകള്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാകുന്നത് എന്നതിനെ കുറിച്ചാണ് അവന്‍ ചിന്തിക്കുന്നത്. അതിനുള്ള ഉത്തരം അവന് വ്യക്തമായി അറിയാം. അവനെ സംബന്ധിച്ച് അതിനുള്ള ഉത്തരം ഒരിക്കലും ഐ.പി.എല്‍ അല്ല.
സമ്മറില്‍ ഇംഗ്ലണ്ടില്‍ ചെന്ന് ക്രിക്കറ്റ് കളിക്കുന്നതാണ് അതിനുള്ള ഉത്തരം. അവന്‍ അത് ഏറെ ആസ്വദിക്കുന്നുണ്ട്. പൂജാര അവിടെ സ്വയം ഒരു ഇടം കണ്ടെത്തി, അവന്റെ കുടുംബത്തേയും ഒപ്പം കൂട്ടി.
വിജയിക്കാന്‍ കഴിയാത്ത ഒരു പോരാട്ടമാണ് നിങ്ങള്‍ നയിക്കുന്നതെന്ന ബോധ്യമുണ്ടെങ്കില്‍ അതില്‍ നിന്നും പിന്‍മാറി പുതിയ പോരാട്ടത്തിലേക്ക് വഴി മാറി നടക്കണം. അവന്‍ അത് ചെയ്തു, വിജയിക്കുകയും ചെയ്തു,’ ദിനേഷ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
ഒരുകാലത്ത് പൂര്‍ണമായും ഫോം നഷ്ടപ്പെട്ട പൂജാര ഇന്ത്യന്‍ ടീമില്‍ നിന്നടക്കം പുറത്തായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് മണ്ണിലെത്തി കൗണ്ടി ക്രിക്കറ്റിലൂടെ ഫോം വീണ്ടെടുക്കുയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരികയും ചെയ്തിരുന്നു.
ഇന്ത്യയില്‍ ഐ.പി.എല്‍ ആവേശം കൊടുമ്പിരി കൊള്ളുമ്പോഴെല്ലാം തന്നെ പൂജാര അതില്‍ നിന്നും വിട്ടുനിന്നിരുന്നു. സസക്‌സിലും ലെസ്റ്റര്‍ഷെയറിലും കൗണ്ടി ക്രിക്കറ്റ് കളിച്ച് തന്റെ സ്‌കില്ലുകളെ രാകിമിനുക്കിയെടുക്കുന്ന തിരക്കിലായിരുന്നു പൂജാര. അതിന്റെ അള്‍ട്ടിമേറ്റ് ഫലം ലഭിക്കുന്നതാകട്ടെ ഇന്ത്യന്‍ ടീമിനും.
ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ഇന്നിങ്‌സില്‍ 90 റണ്‍സ് നേടിയ പൂജാര രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി തികച്ചിരുന്നു. 130 പന്തില്‍ നിന്നും സെഞ്ച്വറി പൂര്‍ത്തിയാക്കിയ പൂജാര തന്റെ കരിയറിലെ വേഗമേറിയ ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ബംഗ്ലാദേശിനെതിരെ കുറിച്ചത്.
2023 ഐ.പി.എല്ലിനുള്ള മിനിലേലം ഡിസംബറില്‍ നടക്കാനിരിക്കെ പൂജാര ലേലത്തില്‍ തന്റെ പേര് രജിസ്റ്റര്‍ ചെയ്യുക പോലും ചെയ്തിരുന്നില്ല. 2021ലാണ് പൂജാര അവസാനമായി ഐ.പി.എല്ലിന്റെ ഭാഗമായത്. സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നെങ്കിലും ഒറ്റ മത്സരം പോലും പൂജാര കളിച്ചിരുന്നില്ല.
Content Highlight: Dinesh Karthik about Cheteshwar Pujara