ശ്രീലങ്കന്‍ ഇടത്- മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ നേതാവിന്റെ മകന്‍; ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ദമ്പതികളുടെ മകന്‍; ആരാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേഷ് ഗുണവര്‍ധന?
World News
ശ്രീലങ്കന്‍ ഇടത്- മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ നേതാവിന്റെ മകന്‍; ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ദമ്പതികളുടെ മകന്‍; ആരാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേഷ് ഗുണവര്‍ധന?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd July 2022, 1:51 pm

കൊളംബോ: റനില്‍ വിക്രമസിംഗെ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് ദിനേഷ് ഗുണവര്‍ധന.

രാജി വെച്ച് പുറത്തുപോയ മുന്‍ പ്രധാനമന്ത്രി മഹീന്ദ രജപ്കസെയുടെ ഏറ്റവുമടുത്ത ആളായ ഗുണവര്‍ധനെ
അല്‍പസമയം മുമ്പായിരുന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ശ്രീലങ്കയിലെ മുതിര്‍ന്ന രാഷ്ട്രീയനേതാവാണ് 73കാരനായ ഗുണവര്‍ധന. ഗോതബയ രജപക്‌സെ- മഹീന്ദ രജപക്‌സെ സര്‍ക്കാരില്‍ ശ്രീലങ്കയുടെ വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായി ഗുണവര്‍ധനയെ അന്നത്തെ പ്രസിഡന്റ് ഗോതബയ രജപക്‌സെ നിയമിച്ചിരുന്നു.

2015- 2019 സമയത്തെ മൈത്രിപാല സിരിസേന- റനില്‍ വിക്രമസിംഗെ സര്‍ക്കാരിന്റെ ഭരണകാലത്ത് ശ്രീലങ്കന്‍ പ്രതിപക്ഷ നിരയിലെ ഉറച്ച് ശബ്ദം കൂടിയായിരുന്നു ഇദ്ദേഹം. എന്നാലിപ്പോള്‍ അതേ റനില്‍ വിക്രമസിംഗെ തന്നെ ഗുണവര്‍ധനയെ പ്രധാനമന്ത്രിയായി നിയമിച്ചിരിക്കുന്നത്.

അമേരിക്കയിലും നെതര്‍ലാന്‍ഡ്‌സിലുമായി പഠനം പൂര്‍ത്തിയാക്കിയ ദിനേഷ് ഗുണവര്‍ധന ഒരു ട്രേഡ് യൂണിയന്‍ നേതാവ് കൂടിയായിരുന്നു.

ശ്രീലങ്കന്‍ സോഷ്യലിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫിലിപ് ഗുണവര്‍ധനയുടെ മകനാണ് ദിനേഷ് ഗുണവര്‍ധന. അമേരിക്കയിലെ വിസ്‌കോന്‍സിന്‍ സര്‍വകലാശാലയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാവ് ജയപ്രകാശ് നാരായണന്റെയും വി.കെ. കൃഷ്ണ മേനോന്റെയും സഹപാഠിയായിരുന്നു ശ്രീലങ്കന്‍ മാര്‍ക്‌സിസ്റ്റ്- ഇടത് രാഷ്ട്രീയ നേതാവായിരുന്ന ഫിലിപ് ഗുണവര്‍ധന.

ഫിലിപ് ഗുണവര്‍ധന

ഫിലിപ്പ് ഗുണവര്‍ധനയുടെ ഇന്ത്യയോടുള്ള സ്‌നേഹത്തിന്റെയും ഇന്ത്യയെ സ്വാതന്ത്രമാക്കുന്നതിനുള്ള ശ്രമങ്ങളുടെയും ആരംഭം 1920കളിലെ അമേരിക്കയില്‍ നിന്നായിരുന്നു.

അമേരിക്കയിലെ രാഷ്ട്രീയ സര്‍ക്കിളുകളില്‍ സാമ്രാജ്യത്വത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായി വാദിക്കുകയും പിന്നീട് ലണ്ടനിലെ ആന്റി ഇംപീരിയലിസ്റ്റ് ലീഗ് ഓഫ് ഇന്ത്യയെ (Anti-Imperialist League of India) നയിക്കുകയും ചെയ്തയാളാണ് ഫിലിപ് ഗുണവര്‍ധന.

ഇത്തരത്തില്‍ ദിനേഷ് ഗുണവര്‍ധനയുടെ കുടുംബം ഇന്ത്യയുമായി അടുത്ത ബന്ധമായിരുന്നു കാത്തുസൂക്ഷിച്ചിരുന്നത്.

രണ്ടാം ലോകമഹായുദ്ധസമയത്ത് അന്നത്തെ ബ്രിട്ടീഷ് കോളനിയായിരുന്ന ശ്രീലങ്കയില്‍ നിന്ന് (സിലോണ്‍) രക്ഷപ്പെട്ട ഫിലിപ് ഗുണവര്‍ധനയും ഭാര്യ കുസുമവും ഇന്ത്യയിലേക്ക് ഒളിച്ചുകടക്കുകയായിരുന്നു.

കുസുമ അമരസിന്‍ഹ

ഇന്ത്യയിലെത്തിയ ഇവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിരുന്ന അണ്ടര്‍ഗ്രൗണ്ട് ആക്ടിവിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.

1943ല്‍ ഫിലിപ് ഗുണവര്‍ധനയും കുസുമത്തെയും ബ്രിട്ടീഷ് ഇന്റലിജന്‍സ് പിടികൂടി ബോംബെയിലെ ആര്‍തര്‍ റോഡ് ജയിലില്‍ തടവിലാക്കി. പിന്നീട് ഒരു വര്‍ഷത്തിനുശേഷം ഇവരെ ശ്രീലങ്കയിലേക്ക് നാടുകടത്തി. യുദ്ധം അവസാനിച്ചതിന് ശേഷമാണ് ഇവരെ വിട്ടയച്ചത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുള്ള ഫിലിപ്- കുസുമ ദമ്പതികള്‍ ദക്ഷിണേഷ്യയെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ ഇന്ത്യയുമായുള്ള ബന്ധം ആരംഭിച്ചിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നതിന് വേണ്ടി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ശ്രീലങ്കയിലെ ഇവരുടെ കുടുംബവീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

1948ല്‍ ശ്രീലങ്ക സ്വാതന്ത്ര്യം നേടിയ ശേഷം, ഫിലിപ് ഗുണവര്‍ധനയും കുസുമയും ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അംഗങ്ങളായി.  ശ്രീലങ്കയുടെ ഭക്ഷ്യ- കാര്‍ഷിക വകുപ്പ് മന്ത്രിയായും അദ്ദേഹം പിന്നീട് സേവനമനുഷ്ടിച്ചു.

തന്റെ മാതാപിതാക്കളെ പോലെ തന്നെ രാഷ്ട്രീയത്തിലേക്ക് കടന്ന ദിനേഷ് ഗുണവര്‍ധന 22 വര്‍ഷത്തിലധികം കാബിനറ്റ് മന്ത്രിയായിരുന്ന ശേഷമാണ് ഇപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റിരിക്കുന്നത്.

ഇന്ത്യയുടെ അയല്‍രാജ്യം കൂടിയായ ശ്രീലങ്കയില്‍ ഇത്തരം ഇന്ത്യന്‍ പശ്ചാത്തലമുള്ള ഒരു നേതാവ് പ്രധാനമന്ത്രിയായി വരുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും ദൃഢമാക്കും എന്നും വിലയിരുത്തലുകളുണ്ട്.

Content Highlight: Dinesh Gunawardena, whose Parents are related to India’s Freedom Struggle sworn in as Sri Lanka’s new prime minister