കുമ്മനത്തെ കാണാന്‍ സ്വാമി എത്തിയത് ഐ.ജി.യുടെ വാഹനത്തില്‍; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: ബി.ജെ.പി. സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ വസതിക്കു മുന്നില്‍ നടന്ന സ്വകാര്യ പരിപാടിയില്‍ ഐ.ജി.യുടെ ഔദ്യോഗികവാഹനത്തില്‍ സ്വാമി എത്തിയ സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാവിലെ പൊലീസ് ആസ്ഥാനത്തെ ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ ഔദ്യോഗിക വാഹനത്തിലാണ് പയ്യന്നൂര്‍ മഠത്തിലെ ശ്രീകൃഷ്ണാനന്ദസ്വാമി കരമനയിലെ കുമ്മനം രാജശേഖരന്റെ വീടിനു മുന്നില്‍ നടന്ന പരിപാടിയിലേക്ക് എത്തിയത്. ഐ.ജി.യുടെ ഔദ്യോഗിക കാറില്‍ സ്വാമി എത്തിയത് വിവാദമായതിനു പിന്നാലെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്.
തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് കുമ്മനത്തിന് ലഭിച്ച ഷോളുകളും പ്രചാരണത്തിനുപയോഗിച്ച മറ്റു വസ്തുക്കളും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിന്റെ ചടങ്ങായിരുന്നു അവിടെ നടന്നത്.
ദിനേന്ദ്ര കശ്യപിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ സ്വാമിയെ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കുന്ന വഴിയാണ് അദ്ദേഹം കരമനയില്‍ കുമ്മനം രാജശേഖരനെ കാണാന്‍ ഇറങ്ങിയതെന്നാണ് പോലീസില്‍നിന്നുള്ള വിശദീകരണം. ഐ.ജി ഈ സമയം ഒപ്പമുണ്ടായില്ലെന്നും, വിവാദമായതിന്റെ പശ്ചാത്തലത്തില്‍ വിവരങ്ങള്‍ ഔദ്യോഗികമായി ശേഖരിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.