ന്യൂദല്‍ഹി: വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ക്കായി ഒരു കമ്മീഷനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പുറകെ മുന്‍ വിദ്യാഭാരതി മേധാവി ദിനാനാഥ് ബത്ര ഇന്ത്യന്‍ വിദ്യാഭ്യാസത്തെ “ഭാരതീയവല്‍ക്കരിക്കാന്‍” കമ്മീഷന്‍ രൂപീകരിച്ചതായി അറിയിച്ചു. എന്‍.ജി.ഒ രൂപത്തിലുള്ള ഒരു കമ്മീഷനാണ് ബത്ര രൂപീകരിച്ചിരിക്കുന്നത്.
നോണ്‍ ഗവണ്‍മെന്റല്‍ എജ്യൂക്കേഷന്‍ കമ്മീഷന്‍ (എന്‍.ജി.ഇ.സി) എന്നാണ് പുതിയ വിദ്യാഭ്യാസ കമ്മീഷന്‍ അറിയപ്പെടുക എന്ന് ദിനാനാഥ് ബത്ര അറിയിച്ചു. എന്‍.ജി.ഇ.സിയില്‍ 31 അംഗങ്ങള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെസ്റ്റ് ദല്‍ഹി കേന്ദ്രമാക്കിയായിരിക്കും കമ്മീഷന്റെ ഓഫീസ് പ്രവര്‍ത്തിക്കുക.
ഇന്ത്യന്‍ സംസ്‌കാരത്തെ അടിസ്ഥാനപ്പെടുത്തി വിദ്യാഭ്യാസത്തെ പുനര്‍ക്രമീകരിക്കുക എന്നതാണ് ബത്രകമ്മീഷന്റെ അജണ്ട. വിദ്യാഭ്യാസത്തില്‍ വേദിക് ഗണിതം, മൂല്യ വിദ്യാഭ്യാസം, സമഗ്ര മാനവികത എന്നിവയുള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയുടെ മുന്‍ പ്രൊ-വൈസ്ചാന്‍സലര്‍ കപില്‍ കപൂര്‍, കുമൗണ്‍ സര്‍വ്വകലാശാല മുന്‍ വി.സി ബി.എസ്. രജ്പുത്ത്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് മുന്‍ ചെയര്‍മാന്‍ എം.സി. പന്ദ് എന്നിവര്‍ പുതിയ കമ്മീഷന്റെ അംഗങ്ങളായി പ്രവര്‍ത്തിക്കുമെന്ന് ബത്ര അറിയിച്ചു.
എന്നാല്‍ ബത്രയുടെ ഇപ്പോഴത്തെ നീക്കം വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ പരോക്ഷമായ നീക്കമായാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. വൈദിക സാഹിത്യങ്ങളെ പാഠപുസ്തകങ്ങളില്‍ തിരുകികയറ്റാനും വിദ്യാഭ്യാസത്തില്‍ അനുവര്‍ത്തിച്ചുവന്ന ജനാധിപത്യത്തെയും മതേതരത്വത്തെയും തകിടം മറിക്കാനുമുള്ള ശ്രമമാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു.
ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഭാരതീയവല്‍ക്കരിക്കരണമെന്നത്, കാലങ്ങളായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഒരു അജണ്ടയാണ്. എന്‍.ഡി.എ അധികാരത്തിലെത്തിയപ്പോഴൊക്കെത്തന്നെ ഇതിനായുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എന്‍.സി.ഇ.ആര്‍.ടിയുടെ ചരിത്ര പാഠപുസ്തകം തിരുത്തിയതായിരുന്നു അവസാനമായി ഈ ദിശയിലുള്ള ശ്രമം. അന്ന് റോമില്ലാ ഥാപ്പര്‍, ആര്‍.എസ്. ശര്‍മ, ഡി.എന്‍. ഝ, ബിപന്‍ ചന്ദ്ര, സതീശ് ചന്ദ്ര മുതലായ പ്രമുഖ ചരിത്രകാരന്‍മാരുടെ നേതൃത്വത്തില്‍ ഈ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയരുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ പാഠപുസ്തകം പിന്‍വലിക്കുകയും ചെയ്തിരുന്നു.
[]മുന്‍ മാനവവിഭവശേഷി വകുപ്പുമന്ത്രി മുരളി മനോഹര്‍ ജോഷി വിദ്യാഭ്യാസതലത്തില്‍ ജ്യോതിഷ കോഴ്‌സുകള്‍ തുടങ്ങാന്‍ ശ്രമിച്ചിരുന്നതും അന്ന് വിവാദമായിരുന്നു. ഈ നീക്കത്തിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പാണ് അന്ന് ഉയര്‍ന്നിരുന്നത്.
പെന്‍ഗ്വിന്‍ പുറത്തിറക്കിയ വെന്‍ഡി ഡോണിയറുടെ “ദി ഹിന്ദുസ്; ആന്‍ ആള്‍ടര്‍നേറ്റീവ് ഹിസ്റ്ററി” എന്ന ചരിത്ര പുസ്തകത്തിനെതിരെ രംഗത്തെത്തിക്കൊണ്ടാണ് ബത്ര അവസാനമായി വിവാദങ്ങള്‍ സൃഷ്ടിച്ചത്. ബത്ര പെന്‍ഗ്വിന് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് പെന്‍ഗ്വിന്‍ പുസ്തകം വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. ഇതില്‍ പെന്‍ഗ്വിന്‍ ബുക്‌സും ബത്രയും രൂക്ഷ വിമര്‍ശനങ്ങള്‍ക്കാണ് വിധേയരായത്.