ചെന്നൈ: സ്‌കൂള്‍ ഭക്ഷണ പദ്ധതിയെ പരിഹസിച്ച് തമിഴ് പത്രമായ ദിനമലരില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ വ്യാപക പ്രതിഷേധം. പോഷകാഹാര പദ്ധതി വിപുലപ്പെടുത്തിയിതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം കൂടി ഉള്‍പ്പെടുത്തിയിരുന്നു. ഈ പദ്ധതിയെ അധിക്ഷേപിച്ച് കൊണ്ടാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്. പദ്ധതി സ്‌കൂളുകളില്‍ ടോയ്‌ലറ്റുകള്‍ നിറയുന്നതിന് കാരണമാകുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം ദിനമലരില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത. സംഘപരിവാര്‍ നിലപാടുകള്‍കൊണ്ട് ശ്രദ്ധേയമാണ് ദിനമലര്‍ പത്രം.
പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ദിനമലര്‍ പത്രത്തിന്റെ കോപ്പികള്‍ കത്തിക്കുകയും പത്രം ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. വിവിധയിടങ്ങളില്‍ പത്രത്തിന്റെ ബാനറുകളും ബോര്‍ഡുകളും തകര്‍ക്കപ്പെടുകയും ചെയ്തു. ഡി.എം.കെയോടൊപ്പം തന്നെ ഡി.വൈ.എഫ്.ഐ ഉള്‍പ്പടെയുള്ള സംഘടനകളും വിവിധയിടങ്ങളില്‍ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. കുംഭകോണത്ത് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ദിനമലര്‍ പത്രത്തിന്റെ കോപ്പികള്‍ കത്തിച്ചു.
വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ചാണ് വരുന്നതെന്നും വീണ്ടും സ്‌കൂളില്‍ നിന്നുകൂടി പ്രഭാത ഭക്ഷണം കഴിക്കുന്നത് വിദ്യാര്‍ത്ഥികള്‍ കൂടുതലായി ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതിന് കാരണമാകുന്നു എന്നായിരുന്ന ദിനമലര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഉള്ളടക്കം. ഇക്കാരണം കൊണ്ട് വിദ്യാര്‍ത്ഥികളെ വീട്ടില്‍ നിന്ന് ഭക്ഷണം നല്‍കാതെ സ്‌കൂളുകളിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് ട്രിച്ചിയിലെ ഒരു സ്‌കൂളിലെ അധികൃതര്‍ രക്ഷിതാക്കള്‍ക്കയച്ച വാട്‌സ്ആപ്പ് സന്ദേശത്തോടൊപ്പമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
സര്‍ക്കാര്‍ പദ്ധതിയെ അധിക്ഷേപിച്ച് കൊണ്ടുള്ള വാര്‍ത്തക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും യുവജന, കായിക ക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനും പ്രതിഷേധവുമായി രംഗത്തെത്തി. അധ്വാനിക്കാന്‍ ഒരു കൂട്ടര്‍ ഉണ്ടുകൊഴുക്കാന്‍ മറ്റൊരു കൂട്ടര്‍ എന്ന അവസ്ഥ നിലനിന്ന മനുവാദികളുടെ കാലത്ത് സമൂഹനീതിക്ക് വേണ്ടി ഉണ്ടായതാണ് ദ്രാവിഡ പ്രസ്ഥാനം. ശൂദ്രന് എന്തുകൊടുത്താലും വിദ്യാഭ്യാസം മാത്രം കൊടുക്കരുത് എന്ന നിയമം തകര്‍ത്താണ് ദ്രാവിഡ ഭരണം വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചത്. ചന്ദ്രനിലേക്ക് ചന്ദ്രയാന്‍ വിടുന്ന ഈ കാലത്ത് സനാതന ധര്‍മക്കാര്‍ ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയെങ്കില്‍ നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ എന്തെല്ലാം ചെയ്തിട്ടുണ്ടാകണം. അന്ന് കീഴാളന്റെ നില എന്തായിരുന്നിരിക്കണണമെന്നും വാര്‍ത്തയെ അപലപിച്ച് കൊണ്ട് എം.കെ. സ്റ്റാലില്‍ ട്വിറ്ററില്‍ കുറിച്ചു.
ദ്രാവിഡര്‍ വിദ്യാഭ്യാസം നിറഞ്ഞൊഴുകുന്നത് ശ്രദ്ധിക്കുമ്പോള്‍ ടോയ്‌ലറ്റുകള്‍ നിറഞ്ഞൊഴുകുന്നതിലാണ് ആര്യന്‍മാരുടെ ശ്രദ്ധയെന്ന് ഉദയനിധി സറ്റാലിനും പറഞ്ഞു. ദിനമലര്‍ പത്രത്തിന്റെ ചെന്നൈ, കോയമ്പത്തൂര്‍, മധുര, തിരുനെല്‍വേലി തുടങ്ങിയ ജില്ലകളില്‍ ഈ തലക്കെട്ടോടുകൂടി പത്രം പ്രസിദ്ധീകരിച്ചിരുന്നില്ല എന്ന് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ശേഷം പത്രം കുറിപ്പിറക്കിയിരുന്നു. ഈറോഡ്, സേലം ജില്ലകളില്‍ ഇറങ്ങിയ എഡിഷനുകളിലാണ് ഈ തലക്കെട്ടോടു കൂടിയ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്.
1951ല്‍ തിരുവനന്തപുരത്ത് നിന്നാണ് ദിനമലര്‍ പത്രം പ്രസിദ്ധീകരണമാരംഭിച്ചത്. ടി.വി. സുബ്ബരാമയ്യരായിരുന്നു പത്രത്തിന്റെ സ്ഥാപകന്‍. പിന്നീട് കേരള സംസ്ഥാനം രൂപീകരിച്ചതോടെ ആസ്ഥാനം തിരുനെല്‍വേലിയിലേക്ക് മാറ്റി. തുടക്കം മുതല്‍ കടുത്ത വലതുപക്ഷ, ബ്രാഹ്മണിക്കല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പത്രമാണ് ദിനമലര്‍.
content highlights: Dinamalar newspaper says breakfast scheme in schools is filling toilets; Widespread protests in Tamil Nadu