തമിഴക രാഷ്ട്രീയത്തില്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും ജാതി കൊടുങ്കാറ്റ് ആഞ്ഞ് വീശി കൊണ്ടിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ഇപ്പോഴത്തെ ചര്‍ച്ച വിഷയം ദിനമലര്‍ എന്ന പത്രം നല്‍കിയ ഒരു തലക്കെട്ടിനെ ചൊല്ലിയാണ്.
സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാതല്‍ നല്‍കാനുള്ള പദ്ധതിയെ നിന്ദിക്കുന്ന തലക്കെട്ടാണ് പത്രം നല്‍കിയത്.സൗജന്യ ഭക്ഷണവിതരണം രണ്ടുനേരമാകുമ്പോള്‍ കക്കൂസുകള്‍ കവിഞ്ഞൊഴുകും എന്ന രീതിയിലാണ് തലക്കെട്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ ജാതിരഹിത സമൂഹത്തിനും തുല്യനീതി എന്ന ആശയത്തിനും വേണ്ടി പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ട മണ്ണാണ് തമിഴകം.
അതിനാല്‍ തന്നെ പത്രം നടത്തിയ ഈ നിന്ദ തമിഴ് ജനത എളുപ്പം മറക്കില്ല.
തലക്കെട്ടിനെതിരെ മുഖ്യമന്ത്രി സ്റ്റാലിനും മറ്റ് ഡി.എം.കെ. കക്ഷി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പുറമേ വൈക്കോയെ പോലുള്ള മുതിര്‍ന്ന ദ്രാവിഡ കഴകം നേതാക്കളും ഇടതു വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. തലക്കെട്ടിനെതിരെ വ്യക്തിഗതമായി തന്നെ പരാതികളും നല്‍കിയിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്തകള്‍.
പത്രത്തിന്റെ തലക്കെട്ട് പ്രതിഫലിപ്പിക്കുന്നത് സനാതന ധര്‍മ്മമാണെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തിരിച്ചടിച്ചത്. എല്ലാം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന തുല്യനീതി നയത്തെക്കുറിച്ചും സ്റ്റാലിന്‍ ഓര്‍മിപ്പിച്ചു. മനു വാദികള്‍ അടിച്ചമര്‍ത്തപ്പെട്ടവരെയും തൊഴിലാളികളെയും ചൂഷണം ചെയ്യുകയാണെന്നും സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെ വിഷയം ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുള്ള മറുപടിയായി മാറിയിരിക്കുകയാണ്.
മനു വാദികള്‍ക്കെതിരെ പതിറ്റാണ്ടുകളായി തമിഴകത്ത് നടന്നുവരുന്ന പോരാട്ടത്തിന് വാസ്തവത്തില്‍ ദിനമലര്‍ എണ്ണ ഒഴിച്ചുവെന്ന് വേണം കരുതാന്‍.
ഇന്ത്യ ചന്ദ്രനില്‍ കാല് കുത്തിയിട്ടും ജാതി വെറി മാറാത്ത വരെ കുറിച്ചും സ്റ്റാലില്‍ ഓര്‍മ്മപ്പെടുത്തിയതും ശ്രദ്ധേയം.
ബ്രാഹ്മണരായ അയ്യര്‍ ജാതിയില്‍ പെട്ടവരുടെ ഉടമസ്ഥയിലുള്ള പത്രമാണ് ദിനമലര്‍. അയ്യര്‍ ജാതിയില്‍ പെട്ടവരുടെ പത്രം തന്നെയാണ് ദിനമണിയും. എന്നിരുന്നാല്‍, ദിനമണി പോലെയല്ല ദിനമലര്‍. ദിനമണി ദിനപത്രം വളരെ സൂക്ഷ്മമായിട്ടാണ് ജാതി വ്യത്യാസം പ്രകടിപ്പിക്കുക.
എന്നാല്‍ ദിനമലര്‍ ഇതിനുമുമ്പും പലതവണ വളരെ തുറന്ന രീതിയില്‍ തന്നെ ജാതി വ്യത്യാസം പ്രകടിപ്പിച്ചിട്ടുണ്ട്.
ജാതി വെറിയും അന്ധവിശ്വാസങ്ങളും സ്ത്രീവിരുദ്ധതയും ദിനമലര്‍ ഇതിനുമുമ്പും പ്രകടമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച തമിഴ്‌നാട് സര്‍ക്കാറിന്റെ പദ്ധതിയെ ദിനമല്ലര്‍ പരിഹസിച്ചിരുന്നു. ഒരു സര്‍ക്കാര്‍ പദ്ധതിയെ വിമര്‍ശിക്കുക എന്ന മട്ടില്‍ മാത്രമായിരുന്നില്ല ആ പരിഹാസം.
സൗജന്യ യാത്ര പാസുകള്‍ ലഭ്യമാകുന്നതോടെ സ്ത്രീകള്‍ വെറുതെ യാത്ര ചെയ്യാന്‍ ആരംഭിക്കും എന്നായിരുന്നു അവരുടെ വിമര്‍ശനം. അതായത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും ഇവിടെ മനുവാദ സമീപനം ദിനമലര്‍ പ്രകടമാക്കി എന്നര്‍ത്ഥം. മനുവാദ കാഴ്ചപ്പാട് പ്രകടമാക്കുന്ന കാര്യത്തില്‍ പത്രം ഒരു പണ തൂക്കം മുന്നില്‍ എന്നതാണ് ശരി.
ഇതിനൊക്കെ പുറമേ, കോയമ്പത്തൂര്‍ കലാപവേളയിലും പത്രം അതിന്റെ തീവ്ര വലതുപക്ഷ താത്പര്യം വ്യക്തമാക്കിയതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം, ഇപ്പോള്‍ വിവാദമായ തലക്കെട്ട്, സേലം ഈറോഡ് എഡിഷനുകളില്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത് എന്നാണ് പത്രത്തിന്റെ വിശദീകരണം. സംസ്ഥാനത്തെ മറ്റ് എഡിഷനുകള്‍ കൈകാര്യം ചെയ്യുന്നവരല്ല ഈ രണ്ട് എഡിഷനുകള്‍ കൈകാര്യം ചെയ്യുന്നതെന്നും വിശദീകരണം വന്നിട്ടുണ്ട്.
ദിനമലര്‍ പത്രം നടത്തിപ്പുകാരുടെ കുടുംബത്തില്‍ സ്വത്ത് സംബന്ധിച്ച തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഓരോ എഡിഷനുകളും പലര്‍ക്കായി വിഭജി ച്ചു നല്‍കിയിട്ടിട്ടുണ്ട്. അതിനാല്‍ സേലം, ഈറോഡ് എഡിഷനുകളില്‍ വന്ന തലക്കെട്ടിന് തങ്ങള്‍ ഉത്തരവാദിയല്ലന്നാണ് മറ്റ് എഡിഷനുകളുടെ ചുമതലയുള്ള മുഖ്യ പത്രാധിപര്‍ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍, സേലം ഈറോഡ് കോയമ്പത്തൂര്‍, തിരുപ്പൂര്‍ തുടങ്ങിയ ജില്ലകളില്‍ ( കൊങ്കുനാട് ) എ.ഐ.ഡി.എം.കെ.ക്കും ബി.ജെ.പിക്കും കൂടുതല്‍ സ്വാധീനമുണ്ടെന്നും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് മുതലെടുക്കണമെന്നും സംസ്ഥാനത്തെ ഇപ്പോഴത്തെ ബി.ജെ.പി നേതാവ് അണ്ണാമലൈ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ബി.ജെ.പിയുടെ ഈ ദുരാഗ്രഹം നടപ്പിലാക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണോ സേലം ഈറോഡ് എഡിഷനുകളില്‍ ഇത്തരം ഒരു വാര്‍ത്ത വന്നത് എന്ന് ചോദ്യവും ഉയരുന്നുണ്ട്.
ഉപരി ജാതി സമുദായങ്ങളെ എ.ഐ.ഡി.എം കെക്ക് വേണ്ടി ക്യാന്‍വാസ് ചെയ്യുന്നതില്‍ ദിനമലര്‍ പത്രം ചെറിയ തോതില്‍ നേരത്തെ വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏറെക്കുറെ ചിന്നിച്ചിതറിയ എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പിയിലേക്ക് വഴി കാണിക്കുന്നതില്‍ ഒരു ശ്രമം നടത്തിക്കളയാം എന്ന ചിന്ത ദിനമലര്‍ പത്രാധിപര്‍ക്ക് അല്ലെങ്കില്‍ കുടുംബത്തിന് ഇല്ലെന്ന് പറയാനുമാകില്ല. അതുകൊണ്ട് തന്നെ, സര്‍ക്കാര്‍ വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ പത്രം എന്തായാലും ശ്രമിക്കുകയും ചെയ്യും. പക്ഷേ, ഇവിടെ സര്‍ക്കാര്‍ സൗജന്യ പദ്ധതിയെ കുറിച്ചു പറയുമ്പോള്‍ ജാതിബോധം ഉള്ളില്‍ കരുതിയ മാലിന്യത്തെ പുറത്തു കൊണ്ടുവന്നുവെന്ന് മാത്രം.
content highlights: Dinamalar newspaper’s caste and Tamil politics