| Friday, 14th December 2018, 5:58 pm

എ.ഐ.എ.ഡി.എം.കെ വിമത എം.എല്‍.എ സെന്തില്‍ ബാലാജി ഡി.എം.കെയില്‍; ദിനകരന് തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ടി.ടി.വി ദിനകരന്‍ പക്ഷക്കാരനായ വിമത എ.ഐ.ഡി.എം.കെ എം.എല്‍.എ സെന്തില്‍ ബാലാജി എതിര്‍ കക്ഷിയായ ഡി.എം.കെയില്‍ ചേര്‍ന്നു. പാര്‍ട്ടി പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്തു വെച്ചായിരുന്നു ബാലാജിയുടെ ഡി.എം.കെ പ്രവേശനം.

എ.ഐ.എ.ഡി.എം.കെയില്‍ നിന്നും പുറത്താക്കിയ ദിനകരനോടൊപ്പം നിന്നതിന് സ്പീക്കര്‍ അയോഗ്യരാക്കിയ 18 എം.എല്‍.എമാരില്‍ ഒരാളാണ് ബാലാജി. ദിനകരന്‍ പിന്നീട് അമ്മ മക്കള്‍ മുന്നേട്ട്ര കഴകം എ.എം.എം.കെ പാര്‍ട്ടി തുടങ്ങി. എ.എം.എം.കെയുടെ തുടക്കം മുതല്‍ ദിനകരന്റെ അടുപ്പക്കാരനായിരുന്ന ബാലാജിയുടെ കക്ഷി മാറ്റം ദിനകര പക്ഷത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ബാലാജി രാഷ്ട്രീയ തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത് ഡി.എം.കെയില്‍ വെച്ചായിരുന്നു. പിന്നീട് മരുമലര്‍ച്ചി ദ്രാവിഡ മുന്നേട്ട്ര കഴകത്തിലേക്കും അവിടെ നിന്ന് എ.ഐ.എ.ഡി.എം.കെയിലേക്കും മാറി. ജയലളിത സര്‍ക്കാരിന്റെ 2011, 2016 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ മന്ത്രിയായിരുന്നു ബാലാജി.

ജയലളിതയുടെ മരണശേഷം എ.ഐ.എ.ഡി.എം.കെയില്‍ ഉടലെടുത്ത ആഭ്യന്തരകലഹത്തിനൊടുവില്‍ ദിനകരനെയും ശശികലയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ അതിനുശേഷം ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ 40,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ദിനകരന്‍ വിജയിച്ചിരുന്നു.

ദിനകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ എൈക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 18 എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരെ തമിഴ്‌നാട് സ്പീക്കര്‍ പി ധനപാല്‍ പുറത്താക്കിയിരുന്നു. ഇത് മദ്രാസ് ഹൈക്കോടതി ശരിവച്ചതോടെ തമിഴ്‌നാട്ടില്‍ വിശാലമായ ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങി. തമിഴ്‌നാട്ടില്‍ 20 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതിനിടെയാണ് ബാലാജിയുടെ കൂറുമാറ്റം എന്നതു ശ്രദ്ധേയമാണ്.

We use cookies to give you the best possible experience. Learn more