ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയറില്‍ അയര്‍ലന്‍ഡിനെതിരെ പടുകൂറ്റന്‍ സ്‌കോറുമായി ശ്രീലങ്ക. ക്യൂന്‍സ് പാര്‍ക് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 325 റണ്‍സിന്റെ ടോട്ടലാണ് ശ്രീലങ്ക പടുത്തുയര്‍ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് മോശമല്ലാത്ത തുടക്കം ലഭിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ പാതും നിസംഗയും ദിമുത് കരുണരത്‌നെയും ചേര്‍ന്ന് 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 26 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ നിസംഗയെ പുറത്താക്കി ബാരി മക്കാര്‍ത്തിയാണ് അയര്‍ലന്‍ഡിന് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. പിന്നാലെയെത്തിയ കുശാല്‍ മെന്‍ഡിസിനെ ഗോള്‍ഡന്‍ ഡക്കാക്കി മക്കാര്‍ത്തി ശ്രീലങ്കക്ക് ഇരട്ട പ്രഹരം നല്‍കി.
BREAKTHROUGH!
Barry McCarthy removes both Pathum Nissanka and Kusal Mendes with back-to-back deliveries 👊👊
86 പന്തില് നിന്നും 82 റണ്‍സ് നേടിയ സമരവിക്രമയുടെ വിക്കറ്റാണ് ലങ്കക്ക് മൂന്നാമതായി നഷ്ടമായത്. ഗാരത് ഡിലാനിയുടെ പന്തില്‍ ഹാരി ടെക്ടറിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
സ്‌കോര്‍ 235ല്‍ നില്‍ക്കവെ കരുണരത്‌നെയും മടങ്ങി. മാര്‍ക് അഡയറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്. 103 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 103 റണ്‍സാണ് കരുണരത്‌നെ നേടിയത്. താരത്തിന്റെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്.
2011ല്‍ ഏകദിനത്തില്‍ അരങ്ങേറിയ കരുണരത്‌നെ 12 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ട്രിപ്പിള്‍ ഡിജിറ്റ് സ്വന്തമാക്കുന്നത്.
നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 40 റണ്‍സ് എന്ന നിലയിലാണ് അയര്‍ലന്‍ഡ്. എട്ട് പന്തില് നിന്നും 11 റണ്‍സുമായി ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയും മൂന്ന് പന്തില്‍ നിന്നും ഒരു റണ്‍സുമായി ഹാരി ടെക്ടറുമാണ് ക്രീസില്‍.
Content Highlight: Dimuth Karunaratne scored his maiden ODI century